ഡോ. ആര്‍ ജയപ്രകാശ്
ജനതയുടെ ആരോഗ്യപരിപാലനം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സമ്പൂര്‍ണവും സാര്‍വത്രികവും സൗജന്യവുമായ ആരോഗ്യപരിപാലന സേവനം മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുകയെന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമായി കണ്ടാണ് നാളിതുവരെ ആരോഗ്യനയങ്ങള്‍ രൂപപ്പെടുത്തിയത്. നവഉദാരവല്‍ക്കരണനയങ്ങളാണ് ഇതില്‍ മാറ്റം വരുത്തിത്തുടങ്ങിയത്. തുടര്‍ന്ന് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയെന്ന രീതി വ്യാപകമായി. പുതിയ ആരോഗ്യനയത്തില്‍ (കരട്) മുഴുവന്‍ ജനതയ്ക്ക് എന്നതുപോയിട്ട് ദാരിദ്ര്യരേഖയ്ക്ക് താഴെവരുന്ന ജനങ്ങള്‍ക്കുപോലും സൗജന്യ സേവനം നല്‍കുന്നതിന് തയ്യാറല്ല. ഇന്‍ഷുറന്‍സ് വഴിയോ മറ്റേതെങ്കിലും ഫണ്ടുകള്‍ വഴിയോ സേവനം കണ്ടെത്തുമെന്നതാണ് ഭാഷ്യം. ചുരുക്കത്തില്‍, പുതിയ നയത്തില്‍ ആരോഗ്യസേവനമെന്നത് ധനിക-ദരിദ്ര ഭേദമെന്യേ പൂര്‍ണമായും പണം (സ്വന്തം പേഴ്സില്‍നിന്നോ, ഇന്‍ഷുറന്‍സ് വഴിയോ എന്നത് മാത്രമാണ് വ്യത്യാസം) കൊടുത്തുമാത്രം വാങ്ങാന്‍ കഴിയുന്ന ഉപഭോഗവസ്തുവായി മാറിയിരിക്കുന്നു. ജനതയുടെ ആരോഗ്യപരിപാലനമെന്ന അടിസ്ഥാന ഉത്തരവാദിത്തത്തില്‍നിന്നുള്ള ഭരണകൂട പിന്മാറ്റപ്രക്രിയ ഇവിടെ പൂര്‍ണമാകുന്നു. അതായത്, ഇതുവരെയുണ്ടായിരുന്ന സേവനദാതാവിന്റെ റോളില്‍ നിന്ന് ആരോഗ്യരംഗത്തിന്റെ റഫറിയുടെ (നടത്തിപ്പുകാരന്‍) റോളിലേക്ക് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു എന്നര്‍ഥം. ഇതാണ് പുത്തന്‍ ആരോഗ്യനയത്തിലെ അടിസ്ഥാന നയംമാറ്റവും സമീപനവും.
പുതിയ ആരോഗ്യനയം പരിശോധിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നതും തിരുത്തപ്പെടേണ്ടതുമായ പ്രശ്നങ്ങള്‍ പരിശോധിക്കാം. തൊണ്ണൂറുകള്‍ക്കുശേഷം പൊതുജനാരോഗ്യച്ചെലവ് 35 ശതമാനം കുറഞ്ഞതായി കരടുനയത്തില്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ ആരോഗ്യരംഗത്ത് പൊതുമേഖലയുടെ പങ്കാളിത്തം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി! മറുവശത്ത് സ്വകാര്യമേഖല ആരോഗ്യരംഗം കൈയടക്കുന്നു. എന്നാല്‍, നയരേഖയിലൊരിടത്തും ഈ കുറവ് പരിഹരിച്ച് പൊതുജനാരോഗ്യ മേഖലയെ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടോ നിര്‍ദേശങ്ങളോ മുന്നോട്ടുവയ്ക്കുന്നില്ല. പകരം മേഖലയെ സ്വാഭാവിക അന്ത്യത്തിനു വിടുന്ന നിസ്സംഗസമീപനം പ്രകടമാണ്. ആദിവാസികളുടെയും ഇതര ജനവിഭാഗങ്ങളുടെയും സവിശേഷതകള്‍ കണക്കിലെടുത്ത് പ്രത്യേകിച്ച്, അട്ടപ്പാടി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായ ആരോഗ്യസമീപനം വേണ്ടതുണ്ട്. ഇത് പുതിയ നയത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സ്പെഷ്യാലിറ്റികള്‍ ഉള്‍പ്പെടുത്തി ഫസ്റ്റ് റഫറല്‍ യൂണിറ്റുകളായി വികസിപ്പിക്കുന്നതിന് വസ്തുനിഷ്ഠമായ ഒരുവിധ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ല. പകരം സ്പെഷ്യലിസ്റ്റുകളുടെ അഭാവത്തെ ഒഴുക്കന്‍മട്ടില്‍ പരാമര്‍ശിച്ചു പോകുന്നു. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനത്തെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. യൂണിറ്റ് സംവിധാനംകൂടി തുടങ്ങി വ്യക്തതയോടെ ഇത് നടപ്പാക്കിയാല്‍മാത്രമേ പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ഗുണപരമായി ജനങ്ങള്‍ക്ക് പ്രയോജനകരമാവുകയുള്ളു.
സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡറിന്റെ കഥകഴിഞ്ഞ സാഹചര്യമാണുള്ളത്. ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് താല്‍പ്പര്യത്തിനുമുന്നില്‍ സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍സംവിധാനം ചാപിള്ളയായി. സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനം തുടരുമെന്നോ അവസാനിപ്പിക്കുമെന്നോ പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടില്ല. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നടത്തുന്നതിനും ഫീല്‍ഡ് സ്റ്റാഫുകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുതിയ പബ്ലിക് ഹെല്‍ത്ത് കേഡര്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ആശയം നല്ലതാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുക, ജീവിത ശൈലീരോഗങ്ങള്‍ നേരിടുക എന്നിവ പുതിയകാല വെല്ലുവിളികളാണ്. കാലത്തിന്റെ വെല്ലുവിളിക്ക് അനുസരിച്ച് രോഗാതുരതയില്‍ വന്ന മാറ്റത്തിന് അനുസൃതമായി ഫീല്‍ഡ് സ്റ്റാഫുകളെ അവരുടെ ഉത്തരവാദിത്തങ്ങള്‍ പുനര്‍നിര്‍വചിച്ച് ഫലപ്രദമായി ഉപയോഗിക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. നിലവില്‍ ഈ വിഭാഗം ജീവനക്കാരെ പഞ്ചായത്തിനുകീഴില്‍ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുഖ്യ മെഡിക്കല്‍ ഓഫീസറാണ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. എന്നാല്‍, രോഗ ചികിത്സയോടൊപ്പം ഇത് ഫലപ്രദമായി നടക്കുന്നില്ല എന്ന കാരണത്താല്‍ ഇനി മുതല്‍ ഈ വിഭാഗം ജീവനക്കാരെ ബ്ലോക്ക് ലെവലില്‍ ഒരു പബ്ലിക് ഹെല്‍ത്ത് കേഡര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നിയന്ത്രിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇത് ഉദ്ദേശിക്കുന്ന ഗുണംചെയ്യില്ല. പ്രാഥമികാരോഗ്യതലത്തില്‍ കഴിയാതെ പോകുന്ന പ്രവര്‍ത്തനം എങ്ങനെയാണ് ബ്ലോക്ക് തലത്തില്‍ കഴിയുക? പകരം ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വെള്ളംചേര്‍ക്കലിനും ഗുണനിലവാരത്തകര്‍ച്ചയ്ക്കും വിധേയമാകും. നിര്‍ദിഷ്ട കേഡര്‍ പ്രാഥമികാരോഗ്യകേന്ദ്രതലത്തില്‍തന്നെ സൃഷ്ടിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതാകും ഉചിതം. നിലവില്‍ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് 30 ശതമാനം ജനങ്ങള്‍മാത്രമാണ്. അങ്ങനെ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ സമാഹരിക്കുന്ന 30 ശതമാനം ജനങ്ങളുടെ രോഗാതുരതയുടെ സ്ഥിതിവിവര&ിശേഹറല;കണക്കുമാത്രമാണ് നമുക്ക് ആസൂത്രണത്തിനും ഇടപെടലിനും ലഭ്യമായിട്ടുള്ളത്. 70 ശതമാനം ജനങ്ങള്‍ ആരോഗ്യ സേവനത്തിനായി സമീപിക്കുന്ന സ്വകാര്യ ആശുപത്രികളിലെ രോഗാതുരതയുടെ സ്ഥിതിവിവരകണക്ക് ശേഖരിക്കുന്നതിന് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അവിടങ്ങളിലെ ചികിത്സാപ്രവര്‍ത്തനങ്ങള്‍ ചികിത്സാ പ്രോട്ടോക്കോള്‍ അനുസൃതമാണോ? അവയെ എങ്ങനെ നിരീക്ഷിക്കും? ഇത്തരം ചോദ്യങ്ങള്‍ പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാര നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ല.
നേഴ്സ്-പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനശേഷി, അവരുടെ സമീപനം എന്നിവയില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനപരിപാടികള്‍ ആവശ്യമാണ്. ഇതും പരിശോധിക്കപ്പെട്ടിട്ടില്ല. പ്രയോജനകരമായ കാരുണ്യപോലുള്ള പദ്ധതികളില്‍പെടുത്തി ദരിദ്രരായ ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍നിന്ന് സേവനം തേടുന്നതിന് അവസരമുണ്ട്. എന്നാല്‍, ഇത്തരം സേവന സൗകര്യങ്ങള്‍ സ്ഥിരമായി സമൂഹത്തിന് പ്രാപ്യമാകുന്ന വിധത്തില്‍ പൊതുജനാരോഗ്യ സംവിധാനത്തില്‍തന്നെ ഉള്‍പ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ ഒരു നിര്‍ദേശവും പുതിയ നയത്തില്‍ ഇല്ല. സ്വകാര്യലാബ്, മെഡിക്കല്‍ ഷോപ്പ് ലോബികളുമായി ഒരു കൂട്ടം ഡോക്ടര്‍മാര്‍ വൈദ്യനൈതികതയ്ക്ക് വിരുദ്ധമായി ബന്ധം സ്ഥാപിച്ച് കാര്യങ്ങള്‍ നടത്തുന്നു. ഇതുമൂലം സ്വകാര്യ ലാബുകളിലെ ഓരോ സേവനത്തിനും ഇരട്ടിയോ അതിലധികമോ ഫീസ് ജനങ്ങള്‍ കൊടുക്കേണ്ടിവരുന്നു. ഇതുമായി ബന്ധപ്പെട്ട കമീഷന്‍ ഇടപാട് കണക്കുകള്‍ അതത് സ്വകാര്യലാബുകളില്‍തന്നെ ലഭ്യമാണ്. എന്നാല്‍, ഇത്തരം പ്രവണതകള്‍ പരിശോധിക്കുന്നതിനോ അവയെ തടയുന്നതിന് ഫലപ്രദമായ ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതിനോ പുതിയ നയത്തിന് കഴിഞ്ഞിട്ടില്ല.
മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് മെച്ചപ്പെട്ട ശമ്പളം നല്‍കുകയുണ്ടായി. എന്നാല്‍, ഇത് ലംഘിക്കപ്പെടുകയും ഡോക്ടര്‍മാര്‍ വ്യാപകമായി സ്വകാര്യ ചികിത്സയില്‍ ഏര്‍പ്പെടുകയുംചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ ഇടയ്ക്കിടെ ഇത് പുറത്തു കൊണ്ടുവരുന്നുണ്ടെങ്കിലും സ്വകാര്യ ചികിത്സ ഫലപ്രദമായി തടഞ്ഞ് നിരോധനം ഉറപ്പുവരുത്തുന്നതിന് ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ഫലത്തില്‍ എന്തുമാകാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളില്‍. ഭരണതലത്തില്‍ ഇരിക്കുന്നവര്‍വരെ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ വിഷയവും പുതിയ നയത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല