Translate

Friday, February 3, 2012

ക്രിസ്തു ഇവര്‍ക്ക് സ്വന്തമോ? ക്രിസ്തു ഇവര്‍ക്ക് സ്വന്തമോ?

ആര്‍ എസ് ബാബു
യേശുക്രിസ്തു ആരുടേതാണ് എന്നതിനെക്കുറിച്ച് ഒരു തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. സിപിഐ എം സംസ്ഥാനസമ്മേളനത്തി ന് മുന്നോടിയായി, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്ത "മാര്‍ക്സാണ് ശരി" എന്ന ചരിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ചില മത-രാഷ്ട്രീയ സങ്കുചിതശക്തികളെ ശുണ്ഠിപിടിപ്പിച്ചിരിക്കുകയാണ്. അവര്‍ അതിനെ ഒരു തര്‍ക്കവിഷയമാക്കി. സീറോമലബാര്‍ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് മുതല്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലവരെയുള്ളവര്‍ ഒരുഭാഗത്ത് അണിനിരന്ന് ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശനനഗരിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.


ഇങ്ങനെ ഒരാവശ്യമുന്നയിക്കാന്‍ എന്താ ക്രിസ്തു ഇവരുടെ സ്വകാര്യസ്വത്താണോ? എന്ന ചോദ്യം ന്യായമായി ആര്‍ക്കും ഉന്നയിക്കാം. ക്രിസ്തുവിന്റെ ചിത്രം മാത്രമല്ല ചരിത്രത്തിലെ മഹാപുരുഷന്മാരുടെയും യുഗപുരുഷന്മാരുടെയും ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്; ഗാന്ധിജിയുടേത് ഉള്‍പ്പെടെ. പ്രദര്‍ശനത്തില്‍ ഗാന്ധിജിയുടെ ചിത്രം ഇടംപിടിച്ചതിനെപ്പറ്റി പരാമര്‍ശിക്കാതെ ക്രിസ്തുവിന്റെ ചിത്രത്തെപ്പറ്റി രാഷ്ട്രീയലാഭോദ്ദേശത്തോടെ വാര്‍ത്താലേഖകരോട് പ്രതികരിച്ച ചെന്നിത്തലയുടെ മനസ്സിലിരിപ്പ് ആര്‍ക്കും മനസ്സിലാകും. പ്രദര്‍ശനം കാണാന്‍ താല്‍പ്പര്യം കാട്ടിയാല്‍ ചെന്നിത്തലയ്ക്കും ഫാദര്‍ പോള്‍ തേലക്കാട്ടിനും മറ്റൊരുചിത്രം കാണാം. അത് മദര്‍ തെരേസയും ജ്യോതിബസുവും സൗഹൃദം പങ്കിടുന്ന ചിത്രമാണ്. ഓരോ ശ്വാസത്തിലും യേശുവിന്റെ സാന്നിധ്യം സ്വയം അറിയുകയും മറ്റുള്ളവരെ അത് ഓര്‍മിപ്പിക്കുകയും ചെയ്ത മദര്‍തെരേസയുടെ ഉറ്റമിത്രമായിരുന്നു ജ്യോതിബസു. "ലോകമേ തറവാട്" എന്ന വിശാലബോധത്തോടെ പ്രവര്‍ത്തിച്ച മദര്‍ തന്റെ പ്രവര്‍ത്തനകേന്ദ്രമായി കൊല്‍ക്കത്തയെയാണ് തെരഞ്ഞെടുത്തത്. ഏതുസമയത്തും മുന്‍കൂര്‍ അനുവാദംകൂടാതെ കാല്‍നൂറ്റാണ്ടിലധികം ബംഗാള്‍ ഭരിച്ച മുഖ്യമന്ത്രി ജ്യോതിബസുവിനെ സന്ദര്‍ശിക്കാന്‍ മദറിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരിക്കലും താന്‍ ആവശ്യപ്പെട്ട ഒരു കാര്യവും ജ്യോതിബസു നിരസിച്ചിരുന്നില്ലെന്ന് മദര്‍ പറഞ്ഞപ്പോള്‍ പാവപ്പെട്ടവരെ സേവിക്കുന്നതില്‍ ഞങ്ങളൊന്നാണെന്നായിരുന്നു ബസുവിന്റെ പ്രതികരണം.



ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുകയും കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുമായി വേദി പങ്കിടുകയുംചെയ്തുവെന്ന് മാത്രമല്ല ക്യൂബക്കെതിരെ അമേരിക്ക നടത്തുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു. തൊഴിലാളിവര്‍ഗത്തിന്റെ വിമോചനപോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാരുമായി തോളോടുതോള്‍ ചേര്‍ന്ന് മതവിശ്വാസികള്‍ മുന്നേറുന്ന ചിത്രം ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ കാണാം. ചെങ്കൊടിയും കുരിശും പരസ്പരം ഏറ്റുമുട്ടേണ്ടതല്ല എന്ന ബോധം വളരുന്ന ഒരുകാലത്ത്് ക്രിസ്തുവിന്റെ യഥാര്‍ഥ ആശയങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസാദി വലതുപക്ഷ രാഷ്ട്രീയക്കാരുടെ ചട്ടുകമായി ചില മതപുരോഹിതന്മാര്‍ രംഗത്തുവരുന്നത് ദൗര്‍ഭാഗ്യകരമാണ്.


ക്രിസ്തു ഒരു സങ്കല്‍പ്പമല്ല, യാഥാര്‍ഥ്യമാണ്. അടിമത്തം നിലനിന്നിരുന്നകാലത്ത് അടിമകളുടെയും അന്നത്തെ മറ്റ് മര്‍ദിത വര്‍ഗത്തിന്റെയും മോചനത്തിനായി പോരാടി രക്തസാക്ഷിത്വംവരിച്ച മഹാനാണ്. മര്‍ദകവര്‍ഗത്തിന്റെയും പുരോഹിതന്മാരുടെയും ശത്രുവുമായിരുന്നു. ക്രിസ്തുവിനെച്ചൊല്ലി വിമോചനസമരത്തിനുമുമ്പേ ഒരു വലിയ സംവാദം കേരള രാഷ്ട്രീയാന്തരീക്ഷത്തില്‍ നടന്നിരുന്നു. "ക്രിസ്തു മോസ്കോയില്‍" എന്ന ലേഖനം കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ ദാമോദരന്‍ എഴുതിയപ്പോള്‍ ക്രിസ്തുവിന്റെ പേരുപറഞ്ഞ് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ അണിനിരക്കാന്‍ വിശ്വാസികളെ ആഹ്വാനംചെയ്തുകൊണ്ട് അന്നത്തെ ബ്രദര്‍ വടക്കന്‍ അച്ചന്‍ മറുലേഖനമെഴുതി. "ക്രിസ്തു മോസ്കോയിലോ?" എന്ന ചോദ്യമായിരുന്നു അതിന്റെ തലക്കെട്ട്. അതിന് മറുപടിയായി "ക്രിസ്തു മോസ്കോയില്‍തന്നെ" എന്ന പേരില്‍ ഒരു ലഘുപുസ്തകം കെ ദാമോദരന്‍ പ്രസിദ്ധപ്പെടുത്തി. ക്രിസ്തു മര്‍ദിതരെ മോചിപ്പിക്കാന്‍വേണ്ടി മര്‍ദകവര്‍ഗത്തിനെതിരെ പ്രവര്‍ത്തിച്ചു. പക്ഷേ, അന്നത്തെ പരിതസ്ഥിതിയില്‍ മര്‍ദിതവര്‍ഗത്തിന്റെ മോചനം സാധ്യമായിരുന്നില്ല. സാമ്രാജ്യത്വകാലഘട്ടത്തില്‍ , അതിനാവശ്യമായ ഭൗതിക സാഹചര്യമുണ്ടായപ്പോള്‍ ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തില്‍ റഷ്യന്‍വിപ്ലവം വിജയിപ്പിച്ചുവെന്നും ക്രിസ്തുവിന്റെ ആശയം അങ്ങനെ നടപ്പായെന്നും കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ക്രിസ്തു മോസ്കോയിലില്ല എന്ന വാദവുമായി ബ്രദര്‍ ഇറങ്ങിയപ്പോള്‍ സോവിയറ്റ് യൂണിയനെപ്പറ്റി ഈശ്വരവിശ്വാസിയും യേശുവിന്റെ യഥാര്‍ഥ ശിഷ്യനുമായ കാന്‍ഡര്‍ബറിയിലെ ഡീന്‍ എഴുതിയത് കെ ദാമോദരന്‍ ഉദ്ധരിച്ചു. "അനുപമമായ പ്രഭാവത്തോടുകൂടി മനുഷ്യാത്മാവ് ദൈവത്തിന്റെ നല്ല മാര്‍ഗങ്ങളില്‍ക്കൂടി പുരോഗമിക്കുന്നത് സോവിയറ്റ് യൂണിയനില്‍ ഞാന്‍ കണ്ടു" എന്നായിരുന്നു ആ ഉദ്ധരണി.


ബ്രദര്‍ വടക്കന്‍ പിന്നീട് ഫാദര്‍ വടക്കനായി. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിക്കുന്നതിലെ പ്രധാനിയായി. പക്ഷേ, വിമോചനസമരാനന്തരം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ക്രിസ്തുവിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ പോരാടുന്നവര്‍ കമ്യൂണിസ്റ്റുകാരാണെന്ന നിലപാടിലേക്ക് ഫാദര്‍ വടക്കന്‍ എത്തിച്ചേര്‍ന്നു. അങ്ങനെയാണ് കുടിയിറക്കപ്പെട്ട മലയോരകര്‍ഷകരെ രക്ഷിക്കാന്‍ ചുരുളി, കീരിത്തോട് സത്യഗ്രഹം നടത്തിയ എ കെ ജിയുടെ അടുത്തേക്ക് ഫാദര്‍ വടക്കന്‍ എത്തുകയും എ കെ ജിയില്‍ കാണുന്നത് ക്രിസ്തുവിന്റെ ചൈതന്യമാണെന്ന് പ്രഖ്യാപിക്കുകയുംചെയ്തത്. കാലചക്രം സൃഷ്ടിച്ച ഈ മാറ്റവും ചരിത്രവും വിസ്മരിച്ചാണ് ചില മതശക്തികളും രാഷ്ട്രീയശക്തികളും ക്രിസ്തുവിന്റെ ചിത്രം സിപിഐ എം സംസ്ഥാനസമ്മേളന ചരിത്രപ്രദര്‍ശനത്തില്‍ ഇടംപിടിച്ചതിനെതിരെ ശുണ്ഠിയെടുക്കുന്നത്. ഇത് മതാന്ധതയും രാഷ്ട്രീയ അസഹിഷ്ണുതയുമാണ്. യേശു സ്വകാര്യസ്വത്തല്ല; പോരാടുന്നവര്‍ക്ക് മുന്നിലെ ആവേശസന്ദേശമാണ്. ഇത് മറന്ന് യേശുവിന്റെ പേരില്‍ വിവാദമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാമെന്ന് ചെന്നിത്തലയും കൂട്ടരും കരുതേണ്ട. മുട്ടകൊണ്ട് ഓംലെറ്റുണ്ടാക്കാം, ഓംലെറ്റ് കൊണ്ട് മുട്ടയുണ്ടാക്കാനാകില്ല.

2 comments:

Jesudas,kollam said...

only political drama.Is it the real photo of Christ? KCBC clarify.

ebby,kochi said...

The Church is different from party politics.In so many occasions the church leaders had criticized political leaders.even karl marx and angels.What is wrong in using a photo in a conference.I am not a sympathizer of marxist communist party.
Why this 'kolavery' my achens?

ebby.kochi.