Translate

Wednesday, March 28, 2012

അവരുടെ ശബ്ദം നമ്മള്‍ കേള്‍ക്കാതെ പോവുന്നു

അഭിമുഖം ...  ബിഷപ്പ് എസ്രാ സര്‍ഗുണം / പി.ബി. അനൂപ്
ഭാരതിയുടെ വിശ്വാസവഴിയിലൂടെയുള്ള സഞ്ചാരത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ബിഷപ്പ് എസ്രാ സര്‍ഗുണം. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും സോഷ്യല്‍ ജസ്റ്റിസ് മൂവ്മെന്‍റ് ഓഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡന്‍റുമാണ് ബിഷപ്പ് സര്‍ഗുണം. വിശ്വാസികളുടെ ആശങ്കകളും വിമര്‍ശകരുടെ അധിക്ഷേപങ്ങളും അതിജീവിച്ച് ഭാരതിയുടെ സഭാപ്രവേശവും ദൈവശാസ്ത്ര പഠനവും പൗരോഹിത്യവുമെല്ലാം യാഥാര്‍ഥ്യമാക്കിയത് ബിഷപ്പിന്‍െറ ധീരമായ ഇടപെടലുകളായിരുന്നു. കാര്യങ്ങള്‍ ബിഷപ്പിന് അത്രയൊന്നും എളുപ്പമായിരുന്നില്ല. ആണിനും പെണ്ണിനും ഇടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെ അസ്തിത്വ വ്യഥകളുമായി നടത്തുന്ന സഞ്ചാരത്തിന് ആത്മവിശുദ്ധിയുടെ ദൈവമുദ്ര നല്‍കുക. ശരീരം മനസ്സിനോട് നിരന്തരം ഏറ്റുമുട്ടുന്ന നിസ്സഹായതയും ജനിതക താളപ്പിഴകളും കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും പരിഹാസങ്ങളും ഏറ്റുവാങ്ങി ദുരിത ജീവിതം നടത്തുന്നവര്‍ക്ക് അതിജീവനത്തിന്‍െറ മാതൃക സൃഷ്ടിക്കുക. പക്ഷേ, അതൊരു നിയോഗമായിരുന്നു. കാലം ആവശ്യപ്പെടുന്ന മാറ്റത്തിന്‍െറ നിയോഗം. ചെന്നൈ കില്‍പ്പോക്കിലുള്ള ഇ.എസ്.ഐ (ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ) ബിഷപ്പ് ഹൗസിലെ തന്‍െറ മുറിയിലിരുന്ന് ബിഷപ്പ് അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് നല്ലവനായ നസ്രേത്ത്കാരന്‍െറ വചനങ്ങളായിരുന്നു, ‘‘എനിക്ക് വേണ്ടത് ബലിയല്ല, കരുണയാണ്.’’
  •   ഭാരതിയുടെ വിശ്വാസവഴിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പറയാമോ?
ബഹിഷ്കൃതരായവരെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, പിന്നാക്കം നില്‍ക്കുന്നവരെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണ് സഭയുടെ ലക്ഷ്യം. ഭാരതിയുടെ നിസ്സഹായാവസ്ഥയെ വിശ്വാസത്തിന്‍െറ പേരില്‍ ചൂഷണം ചെയ്യാന്‍ ഞങ്ങള്‍ തുനിഞ്ഞിട്ടില്ല. അവര്‍ ആഗ്രഹിക്കുന്ന ഒരു ജീവിതത്തിനായി അവസരം ഒരുക്കിനല്‍കി അത്രമാത്രം. ട്രാന്‍സ് ജെന്‍ഡറായ വ്യക്തികള്‍ നമ്മുടെചുറ്റും എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നമുക്കറിയാവുന്നതാണ്. അവര്‍ അനുഭവിക്കുന്ന നരകജീവിതം നമ്മള്‍ കാണുന്നതാണ്. ആ ഇരുളടഞ്ഞ ജീവിതം വേണ്ട എന്ന് തീരുമാനിച്ചാണ് ഭാരതി ക്രിസ്തുവിന്‍െറ വഴി തെരഞ്ഞെടുത്തത്.
  • വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. വലിയൊരു പൊട്ടിത്തെറി മുന്നില്‍ക്കണ്ടുതന്നെയാണ് ഞങ്ങള്‍ ഭാരതിയുടെ കാര്യവുമായി മുന്നോട്ടു പോയത്. സത്യത്തില്‍ പ്രതീക്ഷിച്ച അത്രയും പ്രശ്നങ്ങള്‍ ഉണ്ടായില്ല. ഞങ്ങളുടെ ഒരു പാസ്റ്ററാണ് സഭയില്‍ ചേര്‍ന്ന് പഠിക്കണം എന്ന ഭാരതിയുടെ ആഗ്രഹം എന്നോട് പറഞ്ഞത്. ‘‘ഇവളെയും പഠിപ്പിക്കുമോ, ബിഷപ്പ്? ’’ എല്ലാവരോടും വല്ലാത്തൊരു ഭയം ഉള്ളില്‍ സൂക്ഷിച്ച്, തളര്‍ന്ന മുഖവുമായി പള്ളിമണി ഗോപുരത്തിന്‍െറ വാതില്‍ക്കല്‍നിന്നിരുന്ന മെലിഞ്ഞ പെണ്‍കുട്ടിയെ ചൂണ്ടിക്കാട്ടി പാസ്റ്റര്‍ ചോദിച്ചു. ഭാരതി ഒരു ട്രാന്‍സ് ജെന്‍ഡറാണെന്ന് അവള്‍തന്നെയാണ് എന്നോട് വ്യക്തമാക്കിയത്.
ഫാക്കല്‍റ്റി അംഗങ്ങളോടും ബോര്‍ഡ് ഓഫ് തിയോളജിക്കല്‍ എജ്യുക്കേഷനിലും ഈ വിഷയം ഞാന്‍ ചര്‍ച്ചചെയ്തു. ഒടുവില്‍ എന്‍െറ വ്യക്തിപരമായ സ്വാധീനമുപയോഗിച്ച് എല്ലാവരെക്കൊണ്ടും സമ്മതിപ്പിച്ചു.  ഒരു ട്രാന്‍സ് ജെന്‍ഡറിന് വൈദിക പഠനം നല്‍കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വാദിച്ചു. അടുത്ത പ്രശ്നം വിശ്വാസികളുടെ ആശങ്കകളായിരുന്നു. കുറച്ചുപേര്‍ കടുത്ത എതിര്‍പ്പ് പുലര്‍ത്തുകയും ചെയ്തു. നിരന്തരമായ ചര്‍ച്ചകള്‍ക്കും ഉപദേശങ്ങള്‍ക്കും ഒടുവിലാണ് എല്ലാവരും സമ്മതം മൂളിയത്.
എന്നാല്‍, ഭാരതിക്ക് പ്രവേശനം നല്‍കിയശേഷമുയര്‍ന്നുവന്ന ഏറ്റവും വലിയ പ്രശ്നം അവളെ എവിടെ താമസിപ്പിക്കും എന്നതായിരുന്നു. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലോ? പെണ്‍കുട്ടികളുടെ ഹോസ്റ്റലിലോ?    ആ സമയത്ത് അവള്‍ക്ക് ഒരു തരം ഇരട്ട സ്വത്വമാണ് ഉണ്ടായിരുന്നത്. ആണുടലും പെണ്‍സ്വത്വവും തമ്മിലുള്ള നിരന്തര സംഘര്‍ഷം. ഇത് ഒരു മതപരമായ സ്ഥാപനമായതിനാല്‍ ഈ പ്രശ്നം വളരെ സങ്കീര്‍ണവുമായിരുന്നു. കാരണം, മറ്റുള്ളവരെ ഒരുതരത്തിലും ബാധിക്കരുതല്ലോ. പുരുഷ ശരീരത്തിലെ പെണ്‍മയെ തെരഞ്ഞെടുത്തത് അവള്‍ തന്നെയായിരുന്നു. താന്‍ എല്ലാ അര്‍ഥത്തിലും ഒരു പെണ്ണാണെന്ന് അവള്‍ എന്നോട് പറഞ്ഞു. അങ്ങനെ അവളെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു പ്രത്യേക മുറിയില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. പടിപടിയായി അവള്‍ എല്ലാവരുമായും വളരെ അധികം അടുത്തു. എല്ലാവരുടെയും പ്രിയപ്പെട്ട സുഹൃത്തായി. അതോടെ അവളെ മറ്റു പെണ്‍കുട്ടികളുടെ മുറിയിലേക്ക് മാറ്റി.
അവള്‍ മികച്ച രീതിയില്‍ കോഴ്സ് പൂര്‍ത്തിയാക്കി. ആ വര്‍ഷത്തെ ഏറ്റവു മികച്ച വിദ്യാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടത് ഭാരതിയായിരുന്നു. വിദേശത്ത് തുടര്‍പഠനം നടത്താനും ജോലിചെയ്യാനും ഒരുപാട് അവസരങ്ങള്‍ അവളെ തേടിയെത്തി. എന്നാല്‍, അവളെപ്പോലുള്ളവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടത്. അവളുടെ തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തു.

  •  സ്ത്രീകള്‍ ഇന്നും രണ്ടാം നിരയിലല്ലേ? സ്ത്രീകള്‍ക്ക് പൗരോഹിത്യം ഇന്നും നിഷിദ്ധമായിരിക്കുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ പള്ളിയുടെ ചുമതല ഏറ്റെടുക്കുന്ന അവസ്ഥ...
സ്ത്രീകള്‍ സഭാനടപടികളില്‍ മാറ്റിനിര്‍ത്തപ്പെട്ടവരാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. പൗരോഹിത്യം സ്ത്രീകള്‍ക്ക് ഇന്നും വിലക്കപ്പെട്ട ഒന്നാണ്. പരമ്പരാഗത കത്തോലിക്കാ സഭകള്‍ തങ്ങളുടെ പിടിവാശികള്‍ അവസാനിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. രണ്ടായിരം വര്‍ഷത്തെ പഴക്കമവകാശപ്പെടുന്ന പരമ്പരാഗത കത്തോലിക്ക സഭ സ്ത്രീകള്‍ക്ക് തുല്യസ്ഥാനം നല്‍കാന്‍ ഇനിയും തയാറായിട്ടില്ല എന്നത് ഒരു വൈരുധ്യമാണ്. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കീഴില്‍ മൂവായിരത്തിലേറെ പാസ്റ്റര്‍മാരും മിഷനറിമാരുമുണ്ട്. ഞങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാവിധത്തിലുമുള്ള പരിഗണന നല്‍കാറുണ്ട്. സ്ത്രീയും ദൈവ സൃഷ്ടിതന്നെയാണ്. പുരുഷനു തുല്യമായ പ്രാധാന്യം സ്ത്രീക്കുമുണ്ട്. ഭാരതിയുടെ കാര്യത്തില്‍ ചില എതിര്‍പ്പുകള്‍ വന്നു എന്നത് യാഥാര്‍ഥ്യമാണ്. അവയെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് എളുപ്പം കഴിഞ്ഞു. ഈ സെപ്റ്റംബറില്‍ ഭാരതി പൂര്‍ണമായ അര്‍ഥത്തില്‍ പുരോഹിതയാകും. കുട്ടികളുടെ പേരിടുന്നതിനും വിശുദ്ധ കുര്‍ബാന നടത്തുന്നതിനുമുള്ള അനുമതി ഇപ്പോള്‍തന്നെ നല്‍കിയിട്ടുണ്ട്.
  • ആളുകളുടെ നിസ്സഹായത ചൂഷണം ചെയ്യുംവിധത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണിതെന്ന് വാദിച്ചാല്‍...
മതപരിവര്‍ത്തനത്തിനായുള്ള ഒരു ഗൂഢനീക്കവുമില്ല. ട്രാന്‍സ് ജെന്‍ഡറുകള്‍ ഒരു വലിയ വോട്ടുബാങ്കല്ലാത്തതിനാല്‍ ഭരണവര്‍ഗം അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. അതുകൊണ്ട് അവരുടെ ശബ്ദം നമ്മള്‍ കേള്‍ക്കാതെ കടന്നുപോകുന്നു. അവര്‍ സാധാരണ മനുഷ്യരെപ്പോലെ അംഗീകരിക്കപ്പെടണമെങ്കില്‍ സമൂഹത്തിന്‍െറ മാനസിക ഘടനയില്‍ കാര്യമായ മാറ്റമുണ്ടാകണം. ഇവിടെയാണ് മതസ്ഥാപനങ്ങളുടെ പ്രസക്തി. ഭാരതിയെ സഭയും പള്ളിയും അംഗീകരിച്ചതോടെ  പിന്നീട് വിശ്വാസികളും അംഗീകരിച്ചു; പതിയെ സമൂഹവും. 


courtesy-The madhyamam weekly


No comments: