Translate

Monday, August 27, 2012

നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്റെ ആലോചനകള്



                                                 ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ.






സീഷാന്‍ ഗുലാം ഹുസൈന്‍ അലി; പേരുകേട്ടാല്‍ ഒരു പാകിസ്താനി ചുവയുണ്ടെങ്കിലും തനി മലയാളിയാണ് ഈ 23 കാരന്‍. പിതാവ് മട്ടാഞ്ചേരി സ്വദേശി. ജനിച്ചത് കൊച്ചിയില്‍. വളര്‍ന്നതും പഠിച്ചതും മലപ്പുറം ജില്ലയിലെ തിരൂരില്‍. 2009-ലെ സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 96-ാം റാങ്ക്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് 24. 115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) 72 സീറ്റുകളുള്ള പ്രവേശന പരീക്ഷയില്‍ 6-ാം റാങ്കുകാരന്‍. ഇപ്പോള്‍ 'എയിംസ്' സ്റ്റുഡന്റ്‌സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി. ഈ മിടുക്കനെ ഞാന്‍ കണ്ടുമുട്ടിയ സമയത്ത് പല കാര്യങ്ങളും അന്വേഷിച്ച കൂട്ടത്തില്‍ ചോദിച്ചു. ഡല്‍ഹിയില്‍, പ്രത്യേകിച്ച് എയിംസിലെ പഠനകാലയളവില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ എപ്പോഴെങ്കിലും അവഗണിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ? അവന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എനിക്ക് എയിംസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആകാന്‍ കഴിയുമായിരുന്നോ? പിന്നീടവന്‍ ചില ജീവിതാനുഭവങ്ങളും പങ്കുവെച്ചു. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ചെന്നപ്പോള്‍ ഗുലാം ഹുസൈന്‍ അലിക്ക് റൂംമേറ്റായി കിട്ടിയത് അനൂജിനെ. തന്റെ സഹപാഠിയുടെ നീളമുള്ള പേരുകേട്ടപ്പോള്‍ ലഗേജെടുത്ത് തൊട്ടടുത്ത റൂമിലേക്ക് പേടിച്ചോടി അനൂജ്. ആഴ്ചകള്‍ കഴിഞ്ഞില്ല അനൂജിന് പനിബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവന്റെ കൂട്ടിന് ആസ്പത്രിയില്‍ നില്‍ക്കാന്‍ ഗുലാം ഹുസൈനാണ് പോയത്. മുസ്‌ലിങ്ങളെ കുറിച്ച് താന്‍ കേട്ടതൊക്കെയും തെറ്റാണെന്ന് ഗുലാം ഹുസൈനിലൂടെ അനൂജ് മനസ്സിലാക്കി. അവരിന്ന് നല്ലകൂട്ടുകാരാണ്. ഏത് തെറ്റിദ്ധാരണയും മാറണമെങ്കില്‍ പരസ്പരം അടുത്തറിയാനുള്ള സന്ദര്‍ഭങ്ങളും ഇടകലര്‍ന്ന് ജീവിക്കുവാനും സംവദിക്കുവാനുമുള്ള സാഹചര്യങ്ങളും നമ്മുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഉണ്ടാകണം, അത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യയെപ്പോലൊരു ബഹുസ്വരസമൂഹത്തില്‍ എന്ത് വിലകൊടുത്തും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹൈന്ദവ-മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന അകല്‍ച്ച ചരിത്രത്തിന്റെ ഏതോ ശപിക്കപ്പെട്ട ദശാസന്ധിയില്‍ വന്നു ഭവിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പ്പെടുന്നവരും ഒരിക്കല്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്ന് പോന്നിരുന്നവരായിരുന്നു. അവരില്‍ നിന്നുള്ളവര്‍ പിന്നീട് ഇന്ത്യയിലേക്ക് കടന്നുവന്നതും ഇന്ത്യയില്‍ത്തന്നെ ജന്മം കൊണ്ടതുമായ മറ്റു മതധാരകളെ ഉള്‍ക്കൊണ്ട് അവര്‍ക്കിഷ്ടപ്പെട്ട വിശ്വാസവഴികള്‍ തിരഞ്ഞെടുത്തു. അങ്ങനെ ഒരു മതവും വിശ്വാസികളുടെ ഒരു കൂട്ടവും മാത്രം ഉണ്ടായിരുന്ന രാജ്യത്ത് നിരവധി മതങ്ങളും ആ മതങ്ങളെ പുല്‍കിയ വിശ്വാസികളുടെ സമൂഹങ്ങളും ഉണ്ടായി. പ്രസ്തുത മതംമാറ്റങ്ങളൊന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങളോ അസ്വസ്ഥതകളോ ഭാരതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഇന്ത്യ മതേതരമായി അഥവാ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചു തുടങ്ങിയത് സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട ഭരണഘടന നിലവില്‍ വന്നതിന് ശേഷമായിരുന്നുവെന്ന ധാരണ ശരിയല്ല. നമ്മുടെ നാടിന്റെ മതേതരഭാവത്തിന് ഈ രാജ്യത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷമാകട്ടെ 99 ശതമാനവും മതവിശ്വാസികളുള്ള ഇന്ത്യയില്‍ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു നീണ്ട 17 വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നപ്പോഴും 1957-ല്‍ കേരളം രൂപംകൊണ്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ഭൗതികവാദിയായിരുന്ന ഇ.എം.എസ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ആരും മതപരമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

ഓരോ നാടിനും അവരവരുടേതായ പാരമ്പര്യവും ജീവിത രീതികളും അടയാളങ്ങളുമുണ്ട്. ഇവയില്‍ മതാഭിമുഖ്യമുള്ളവയും അല്ലാത്തവയും കാണാം. അവനവന്റെ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത നാട്ടാചാരങ്ങളെയും ആഘോഷങ്ങളെയും ഉള്‍ക്കൊള്ളുന്നതില്‍ ഒരു മതവും തെറ്റുപറയുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന മുസല്‍മാനും ഇന്‍ഡൊനീഷ്യയില്‍ ജീവിക്കുന്ന ഹൈന്ദവനും അറേബ്യന്‍ നാടുകളില്‍ ജീവിക്കുന്ന ക്രൈസ്തവനും ഒരുപോലെ ഇതു ബാധകമാണ്. ഈ യാഥാര്‍ഥ്യം നമ്മുടെ പൂര്‍വികര്‍ അംഗീകരിച്ചിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാനസ്വഭാവമുള്ള സംസ്‌കാരവും ആഘോഷങ്ങളും ചിഹ്നങ്ങളും എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്ത് ഓരോ രാജ്യത്തിന്റെയും സാംസ്‌കാരികത്തനിമ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായേ കാണാനാവൂ.

85 ശതമാനം മുസ്‌ലിങ്ങളുള്ള രാജ്യവും ലോകത്ത് ഏറ്റവും അധികം മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രവുമാണ് ഇന്‍ഡൊനീഷ്യ, അവിടത്തെ ഔദ്യോഗിക എയര്‍ലൈന്‍സിന്റെ പേര് 'ഗരുഡ ഇന്‍ഡൊനീഷ്യ' എന്നാണ്. മഹാവിഷ്ണുവിന്റെ ദേവഭാവമുള്ള വാഹനമാണ് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഗരുഡന്‍. ഈ പേര് പാരമ്പര്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതം ഒരു തടസ്സമായിട്ടില്ല. ഇന്‍ഡൊനീഷ്യന്‍ കറന്‍സിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ പല മുദ്രകളുടെ കൂട്ടത്തില്‍ ഗണപതിയുടെ ചിത്രവും കാണാം. ഇതിന്റെ പേരില്‍ ഒരു മുസ്‌ലിം രാജ്യവും ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടില്ല. ഇന്നും ഏറ്റവുമധികം പേര്‍ ഓരോവര്‍ഷവും വിശുദ്ധ തീര്‍ഥാടനത്തിന് മക്കയിലേക്ക് പോകുന്നത് ഇന്‍ഡൊനീഷ്യയില്‍ നിന്നാണ്. സലഫി സ്വാധീനമുള്ള സൗദി അറേബ്യന്‍ ഭരണകൂടമോ പണ്ഡിതസഭകളോ ഇവയുടെയൊക്കെ പേരില്‍ ഇന്‍ഡൊനീഷ്യയോട് ചിറ്റമ്മനയം കാണിച്ചിട്ടില്ലെന്നുകൂടി ഓര്‍ക്കണം.

നിലവിളക്കും നിറപറയുമൊക്കെ ഐശ്വര്യത്തിന്റെ അടയാളമായിട്ടാണ് നമ്മുടെ നാട്ടില്‍ പരിഗണിച്ച് വരുന്നത്. പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഇന്നും കേരളത്തിലെ പല മുസ്‌ലിംലീഗ് നേതാക്കള്‍ക്കും മതനിഷിദ്ധമായത് എന്തോ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും അങ്ങനെയല്ലതാനും. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും നിലവിളക്ക് കൊളുത്താതെ മാറിനില്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്തുമാത്രമാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചെറുതാകേണ്ടിവന്നതെന്ന് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ഈ മാനസിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമസ്തയുടെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനുമായ അസ്ഹരി തങ്ങളെ ഞാന്‍ സമീപിച്ചു. നിലവിളക്ക് ഒരു ചടങ്ങിന്റെ ഭാഗമായി കൊളുത്തുന്നതിന്റെ മതവിധി ഞാനദ്ദേഹത്തോടാരാഞ്ഞു. തങ്ങള്‍ പറഞ്ഞു; ''എല്ലാ കര്‍മങ്ങളും ഉദ്ദേശ്യത്തെ ആസ്പദിച്ചാണ്, വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലല്ലാതെ ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ല''. ഇതിനു ശേഷം ഞാന്‍ പങ്കെടുത്ത ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ടി വന്നാല്‍ മാറിനില്‍ക്കാതെ ഞാനും നിലവിളക്ക് കൊളുത്തിത്തുടങ്ങി. കേരളത്തിലെ പുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇതോടനുബന്ധമായി കാണണം. പള്ളിയില്‍ നിലവിളക്ക് കൊളുത്തുന്നത് മതത്തിന് അനുകൂലവും പള്ളിക്ക് പുറത്തു കൊളുത്തുന്നത് മതത്തിന് പ്രതികൂലവുമാകുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക.

കൈകൂപ്പലിന്റെ കാര്യവും തഥൈവ. ഹൈന്ദവ മതവിശ്വാസികള്‍ ദൈവത്തിന്റെ മുന്നില്‍ കൈ കൂപ്പുന്നു. അതുകൊണ്ട് മുസ്‌ലിങ്ങള്‍ സ്‌നേഹാദരങ്ങളോടെ സൃഷ്ടികളുടെ മുന്നില്‍ കൈ കൂപ്പാന്‍ പാടില്ലെന്ന തെറ്റിദ്ധാരണയും മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിംലീഗ് നേതാക്കളുടെ ഫോട്ടോകളില്‍ അവര്‍ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് കാണാനാവില്ല. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കളുടെ കൈകൂപ്പിയുള്ള ബോര്‍ഡുകളും ബാനറുകളും കാണാനുമാകും. ഇസ്‌ലാമില്‍ ലീഗ് മുസ്‌ലിമിന് ഒരു സമീപനവും ലീഗേതര മുസ്‌ലിമിന് മറ്റൊരു സമീപനവും ആയിക്കൂടല്ലോ?. ഭാരതീയമായ ഒരു അഭിവാദനരീതിയാണ് കൈകൂപ്പല്‍. അത് മുസ്‌ലിങ്ങള്‍ ചെയ്യുന്നത് അവരുടെ മതവിശ്വാസത്തിനെതിരാണെന്നത് തികച്ചും അബദ്ധജടിലമാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ആ നാട്ടിലെ അഭിവാദനരീതിയും ശൈലിയും ഇസ്‌ലാമികമാണെന്ന് പറഞ്ഞ് മുസ്‌ലിങ്ങളല്ലാത്തവര്‍ അവ സ്വീകരിക്കാതെ പുറംതിരിഞ്ഞ് നില്‍ക്കുന്നില്ലെന്ന് കൂടി ഓര്‍ക്കണം. ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം അന്ധവിശ്വാസങ്ങളുടെ പുറംതോട് പൊട്ടിച്ച് ലീഗ് പുറത്തു വരണം. 'ഗംഗ' എന്ന് പേരിട്ട വീട്ടില്‍ താമസിച്ചതുകൊണ്ട് തകരുന്നതല്ല ഇസ്‌ലാം, നിരുപദ്രവകരമായ ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഒലിച്ചു പോകുന്നതുമല്ല ഇസ്‌ലാം. സ്‌നേഹാദരങ്ങളോടെ ഒന്നു കൈകൂപ്പിയാല്‍ ഇല്ലാതാവുന്നതുമല്ല വിശ്വാസം.

ഇസ്‌ലാം മതാചാരപ്രകാരം വിവാഹച്ചടങ്ങ് (നിക്കാഹ്) നടന്ന് കഴിഞ്ഞതിനുശേഷം തിരുവിതാംകൂര്‍ കൊച്ചി മേഖലയിലെ മുസ്‌ലിങ്ങള്‍ താലികെട്ട് കല്യാണവും നടത്താറുണ്ട്. വരനും വധുവും പരസ്പരം പൂമാലകള്‍ കൈമാറുകയും സ്വര്‍ണമാല വരന്‍ വധുവിനെ അണിയിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിനോട് ഒരു മുസ്‌ലിം പണ്ഡിതരും ഇന്നുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മലബാറിലെ മുസ്‌ലിങ്ങള്‍ക്ക് താലികെട്ട് കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. കേരളത്തിലെ തിരുകൊച്ചിയില്‍ തെറ്റല്ലാത്തൊരു കാര്യം മലബാറിലെത്തുമ്പോള്‍ എങ്ങനെയാണ് തെറ്റാകുന്നത്? ഒരു മതക്കാര്‍ ചെയ്യുന്നുവെന്നുള്ളത്‌കൊണ്ടു മാത്രം മറ്റു മതസ്ഥര്‍ അതംഗീകരിക്കരുതെന്നും അവ സ്വീകരിക്കരുതെന്നും പറയുന്നതാണോ മതവിശ്വാസം? അവനവന്റെ വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളോട് എതിരു നില്‍ക്കാത്ത ആചാരങ്ങള്‍ ഇതരമതസ്ഥര്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അതിനെ സ്വന്തം മതത്തിന്റെ കീഴടങ്ങലായും സഹോദര മതങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കലായും വ്യാഖ്യാനിക്കുന്നത് കഷ്ടമാണ്.

മുസ്‌ലിങ്ങള്‍ മഹാഭൂരിഭാഗവും സാധുക്കളും നല്ലവരുമാണ്, അനാവശ്യമായ ദുശ്ശാഠ്യങ്ങളും അതിരു കടന്ന സ്വത്വബോധവും ഒരുപാടു തെറ്റിദ്ധാരണകള്‍ പൊതുസമൂഹത്തില്‍ അവരെക്കുറിച്ചുണ്ടാക്കിയിട്ടുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിശ്വാസിയും അവനവന്റെ വിശ്വാസധാരകളെ കൈവിടാതെ തന്നെ ചില നിര്‍ദോഷകരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ തെറ്റുണ്ടോ എന്ന് എല്ലാ വിശ്വാസിസമൂഹങ്ങളും ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ ആരുടെയെങ്കിലും ഒരുവാക്കോ നോക്കോ ചിന്തയോ പ്രവൃത്തിയോ മറ്റുള്ളവരില്‍നിന്ന് അകന്ന് നില്‍ക്കാന്‍ ഇടവരുന്നതാകരുത്. മുസ്‌ലിങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് അവര്‍ കര്‍ക്കശക്കാരുടെയും ശാഠ്യക്കാരുടെയും സമുദായമാണെന്നല്ല. ഒരു മധ്യമ സമുദായമാണെന്നാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ പോലും മിതത്വം അനുശാസിക്കുന്ന ഒരു മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് കണിശക്കാരും ദുശ്ശാഠ്യക്കാരും ആകാന്‍ സാധിക്കുക.

DR.K.T.JALEEL,MLA  -Son of  Shri K.T. Kunhi Muhammed and Smt. Parayil Nafeesa; born at Tirur on  30th  May 1967;  M.A.,  M.phil, Ph.D; Associate Professor, Post Graduate Department of History, P.S.M.O. College, Tirurangadi.

Was Chairman, P.S. M.O. College Union; Member, Malappuram District Council; Director, Kerala Automobiles Ltd and Malcotex,  Karthala Chungam; General Secretary, Kerala State Muslim Youth League; Chairman, Stading Committee on Education and Health, District Panchayat Malappuram,Member, Syndicate, Calicut University; Director, Norka Roots.

courtesy-The Mathrubhumi

1 comment:

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

Dr Jaleel's is a very enlightening article. It proves that knowledge makes a man simple and and elegant in his thoughts. Muslim League has to learn a lot to become a square peg in a square hole.The irony is that they want to be blue-eyed and not ready to improve in their outlooks.