Translate

Friday, March 15, 2013

കുട്ടികള്‍ക്കെതിരെയുള്ള പീഡനം കുതിച്ചുയരുന്നു; സ്ത്രീധന മരണനിരക്കും


 സംസ്ഥാനത്ത് കുട്ടികളെ ബലാല്‍സംഗം ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണം, തീവണ്ടിയാത്രക്കിടെയുള്ള ശല്യപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങളിലും വര്‍ധന രേഖപ്പെടുത്തി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ തലസ്ഥാന ജില്ലയാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ സമാഹരിച്ച ഏറ്റവുമൊടുവിലത്തെ കണക്കുകളാണ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുയര്‍ത്തിയിരിക്കുന്നത്. ഈ കണക്കുകള്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.

കുട്ടികളെ ബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് 2012 ല്‍ ആകെ 455 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2008ല്‍ കേസുകളുടെ എണ്ണം 215 ആയിരുന്നെങ്കില്‍ 2011ല്‍ 423 കേസുകളായി ഉയര്‍ന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 87ല്‍ നിന്ന് 147 ആയി. 2011ല്‍ ഇത് 129 ആയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക കച്ചവടത്തിന് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 10 ആണ്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ആറും. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 549 കേസുകളില്‍ നിന്ന് 1372 ആയാണ് ഉയര്‍ന്നിരിക്കുന്നത്. 2011ല്‍ 1452 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

13002 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 1646 കേസുകളാണ് ഉള്ളത്. 1397 കേസുകളുമായി തൃശ്ശൂര്‍ ജില്ലയും 1264 കേസുകളുമായി മലപ്പുറവും തൊട്ടുപിന്നിലുണ്ട്. ഇത്തരം കേസുകള്‍ ഏറ്റവും കുറഞ്ഞ ജില്ലയെന്ന ബഹുമതി വയനാടിനാണ്. ആകെ 435 കേസുകള്‍.

സ്ത്രീധന മരണക്കേസുകള്‍ വളരെ കുറഞ്ഞുവരുന്ന സ്ഥിതിയായിരുന്നു 2011 വരെ. 2008ല്‍ 31 ആയിരുന്നു ഇത്തരം കേസുകളുടെ എണ്ണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേസുകള്‍ കുറഞ്ഞ് 2011ല്‍ 15 ആയി താഴ്ന്നു. കഴിഞ്ഞവര്‍ഷം ഇത് ഇരട്ടിയിലധികമായി. 32 കേസുകള്‍.

സ്ത്രീധന മരണനിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള തലസ്ഥാന ജില്ലയിലെ നിരക്ക് എട്ടാണ്. എട്ടും തിരുവനന്തപുരം റൂറലിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാലക്കാട്ടും പത്തനംതിട്ടയിലും നാലുവീതവും കൊല്ലത്തും കാസര്‍കോട്ടും മൂന്നുവീതവും സ്ത്രീധന മരണവുമായി ബന്ധപ്പെട്ട കേസുകളുണ്ടായി.

ബലാല്‍സംഗ കേസുകളില്‍ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. റൂറലിലും സിറ്റിയിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 138 കേസുകള്‍. 97 കേസുകളുമായി മലപ്പുറമാണ് തൊട്ടുപിന്നില്‍. 89 കേസുകളുള്ള കാസര്‍കോട് മൂന്നാം സ്ഥാനത്തെത്തി.

സ്ത്രീകളെ ശല്യം ചെയ്യല്‍, ലൈംഗികപീഡനം, ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഉപദ്രവം തുടങ്ങിയ അതിക്രമങ്ങളില്‍ കാര്യമായ കുറവില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

തീവണ്ടിയാത്രയ്ക്കിടയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 86 കേസുകളാണുള്ളത്. 2011ല്‍ 38 കേസുകളാണ് ഉണ്ടായിരുന്നത്. 86 കേസുകളില്‍ 46ഉം സ്ത്രീകളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ്. കളിയാക്കിയതുമായി ബന്ധപ്പെട്ട് 12 കേസുകള്‍.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 2008 ല്‍ 258 ആയിരുന്നെങ്കില്‍ പോയവര്‍ഷം ഇത് 498 ആയി കുതിച്ചുയര്‍ന്നു.

2012ലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക് ഇപ്രകാരം. ആകെ ബലാല്‍സംഗക്കേസുകള്‍-1019. അപമാനിക്കലും ശല്യപ്പെടുത്തലും -3735. തട്ടിക്കൊണ്ടുപോകല്‍-214, കളിയാക്കല്‍-498, ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍-5216, മറ്റു കുറ്റകൃത്യങ്ങള്‍-2288.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സമൂഹം തയ്യാറാകുന്നത് കേസുകളുടെ എണ്ണത്തിലെ വര്‍ധവനയ്ക്ക ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു




crtsy-The Mathrubhumi

No comments: