Translate

Thursday, May 16, 2013

സ്വയം ഭരിക്കുമ്പോള്‍ പുറത്താവുന്നവര്‍


Published on  14 May 2013

ജസ്റ്റിന്‍ മാത്യു

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠനസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്


കോളേജുകള്‍ക്ക് സ്വയംഭരണം നല്കാനുള്ള നടപടിയുമായി കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വരുംതലമുറകളെ ബാധിക്കുന്ന നടപടിയായതിനാല്‍ ഇതില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുമുന്‍പ് എല്ലാ അഭിപ്രായങ്ങളും പരിഗണിക്കേണ്ടതുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന അവസ്ഥയില്‍, പൊതുജനത്തിന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളേജുകളെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് സാര്‍വത്രികവിദ്യാഭ്യാസം നല്‍കാന്‍ അവശ്യമാണ്. അക്കാദമിക് കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ് കോളേജുകള്‍ക്ക് സ്വയംഭരണം നല്കാന്‍ നിര്‍ദേശിക്കുന്ന എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. മെറിറ്റ്, കാര്യക്ഷമത എന്നിങ്ങനെ നവ ലിബറല്‍ ചിന്താഗതിയുടെ ആശയങ്ങളുപയോഗിച്ച് പൊതുവിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനുള്ള മുന്നൊരുക്കമാണിത്.

മാധവമേനോന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണവുമായി അടുത്ത സാമ്യമുണ്ട്. സ്വയംഭരണവും അക്കാദമിക നിലവാരം മനസ്സിലാക്കാനുള്ള 'അളവുകോലുകളുടെ' നിര്‍മിതിയും സ്വാശ്രയ ഡിപ്ലോമ കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കലും 'ഇന്നൊവേഷന്‍ പ്രൊജക്ടുകളു'മെല്ലാം എഴുപതുകളിലും എണ്‍പതുകളിലും യൂറോപ്പില്‍ നടന്ന ഉന്നതവിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന്റെ തുടക്കമായിരുന്നു.

മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന, സ്വയംഭരണം നല്കുന്നതിനുള്ള വ്യവസ്ഥകള്‍ വെച്ചുനോക്കിയാല്‍ കേരളത്തിലെ സാംസ്‌കാരികരംഗത്ത് തലയുയര്‍ത്തി നില്ക്കുന്ന പല സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വയംഭരണം കിട്ടില്ല. പരീക്ഷകളില്‍ ലഭിക്കുന്ന സര്‍വകാലശാലാ റാങ്ക്, കെട്ടിടങ്ങളുടെയും ക്ലാസ് മുറികളുടെയും എണ്ണം, പിഎച്ച്.ഡി.കളുടെ എണ്ണം, പ്രോജക്ടുകളുടെ എണ്ണം, ജോലിക്കാരുടെ എണ്ണം, കോളേജ് മാനേജ്‌മെന്റിന്റെ സാമ്പത്തിക ഭദ്രത, പണമുണ്ടാക്കാനുള്ള അവരുടെ കഴിവ്, നൂതനമായ പരിഷ്‌കാരങ്ങള്‍ കണ്ടെത്താനും നടത്താനുമുള്ള കഴിവ് എന്നിവ സ്വയംഭരണം നേടാന്‍ പറയുന്ന വ്യവസ്ഥകളില്‍ ചിലതാണ്. ഇപ്പറയുന്ന പലതുമില്ലാതെ വിദ്യാര്‍ഥികളെ നല്ലരീതിയില്‍ എഴുതാനും വിശകലനം ചെയ്യാനും പഠിപ്പിക്കുന്ന സര്‍ക്കാര്‍ കോളേജുകളുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ രണ്ടാംനിരയിലേക്ക് പിന്തള്ളപ്പെടുകയായിരിക്കും ഫലം.

സ്വയംഭരണം ലഭിക്കാന്‍ വേണ്ട മറ്റൊരു വ്യവസ്ഥ 'നാക്' കൊടുക്കുന്ന 'എ' ഗ്രേഡ് പദവിയാണ്. ഡല്‍ഹി സര്‍വകാലശാലയിലെ കോളേജുകളില്‍ 'നാക്കി'ന്റെ നിലവാരമളക്കല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. 'നാക്' കൊടുക്കുന്ന സ്റ്റാര്‍ പദവികൊണ്ടല്ല അക്കാദമിക നിലവാരം അളക്കേണ്ടത് എന്നതുകൊണ്ടും സ്വകാര്യവത്കരണത്തിന്റെ ആമുഖമാണെന്നതുകൊണ്ടുമാണ് എതിര്‍പ്പുണ്ടായത്. മാത്രമല്ല 'നാക്' ടീമുകളുടെ രൂപവത്കരണംതന്നെ വലിയ വിമര്‍ശങ്ങള്‍ക്ക് വിധേയമാകാറുമുണ്ട്.

ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കോളേജ് സ്വയംഭരണത്തിനുവേണ്ടി നടത്തിയ ശ്രമത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് അടുത്തിടെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം സമൂഹത്തിന്റെ പൊതുസ്വത്താണ്, അതുകൊണ്ടുതന്നെ അത് സര്‍ക്കാറിന്റെയും പൊതുസര്‍വകലാശാലയുടെയും നിയന്ത്രണത്തിനുകീഴില്‍ നില്‍ക്കേണ്ടത് ജനാധിപത്യ, മതേതര സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്.

കേരളത്തിലെ സ്വകാര്യകോളേജുകള്‍ സ്വയംഭരണം ആവശ്യപ്പെടുന്നത് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായ-പഠന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താനാണോ എന്ന് നിഷ്പക്ഷമായി ആലോചിക്കേണ്ടതുണ്ട്. സാമ്പത്തിക, അക്കാദമിക് മേഖലകളില്‍ സ്വയംഭരണം കിട്ടുന്നതുവഴി അധ്യാപകരുടെയോ വിദ്യാര്‍ഥികളുടെയോ ബൗദ്ധികസ്വാതന്ത്ര്യം കൂടുമോ അതോ കുറയുമോ എന്ന് ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ആലോചിക്കണം.

കേരളത്തിലെ എത്ര എയ്ഡഡ് കോളേജുകളിലെ അധ്യാപകനിയമനം ജാതി, മതം, വികസന ഫണ്ടിലേക്ക് 'സംഭാവന' കൊടുക്കാനുള്ള ഉദ്യോഗാര്‍ഥിയുടെ കഴിവ് തുടങ്ങിയ പരിഗണനകളില്ലാതെ അക്കാദമിക മികവ് പരിഗണിച്ച് നടക്കുന്നുണ്ട് എന്ന നിഷ്പക്ഷമായ ഒരു പഠനം സ്വയംഭരണം നല്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള അവസ്ഥയില്‍പ്പോലും സര്‍വകലാശാലകള്‍ക്കോ സര്‍ക്കാറിനോ അധ്യാപകനിയമനത്തിനുമുകളില്‍ യാതൊരു നിയന്ത്രണവുമില്ല. ഇനി വിദ്യാര്‍ഥിപ്രവേശനത്തിന്റെ കാര്യം നോക്കുക. എത്ര മാനേജ്‌മെന്റ് കോളേജുകള്‍ സര്‍ക്കാറും യു.ജി.സി.യും നല്കുന്ന നിര്‍ദേശങ്ങള്‍ ഒരു കോട്ടവുംതട്ടാതെ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്നുണ്ട്?

സ്വകാര്യ കോളേജുകള്‍ക്ക് പരമാവധി സ്വയംഭരണം നല്കിയാലേ അവിടെ മുന്തിയ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കൂ എന്നില്ല. പക്ഷേ, സ്വയംഭരണം കൊണ്ട് നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി അനുകൂലമായ എന്ത് മാറ്റമാണ് അക്കാദമിക് രംഗത്ത് വരാന്‍പോകുന്നതെന്ന് മനസ്സിലാകുന്നില്ല.

മാധവമേനോന്‍ കമ്മിറ്റിയുടെ പൊരുള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കേരളത്തിലുള്ളതെങ്കില്‍ കുറെയേറെ ആശങ്കകള്‍ ഇല്ലതായേനെ. നിയമങ്ങളും അത് പാലിക്കപ്പെടുന്നതും തമ്മിലുള്ള അന്തരമാണ് സ്വയംഭരണാധികാരം ആശങ്കയുളവാക്കുന്ന ഒരു നടപടിയാക്കുന്നത്.

സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ വിപണിമൂല്യം നോക്കാതെ എല്ലാ കോഴ്‌സുകളെയും സംരക്ഷിക്കുമെന്ന പ്രതീക്ഷവെക്കുന്നതില്‍ അര്‍ഥമില്ല. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര സിലബസ്സില്‍ നിന്ന് വിപ്ലവങ്ങളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും ചരിത്രം എടുത്തുകളയാനുള്ള സമ്മര്‍ദം വളരെ ശക്തമാണ്. ഒരു കേന്ദ്രസര്‍വകലാശാലയില്‍വരെ അവസ്ഥ ഇതാകുമ്പോള്‍ ഇടതുപക്ഷമെന്ന് കേട്ടാല്‍ വാളെടുക്കുന്ന മനേജ്‌മെന്റ് കോളേജുകള്‍ക്ക് സിലബസ് രൂപപ്പെടുത്താനുള്ള അവകാശം കിട്ടുമ്പോള്‍ ജനകീയചരിത്രത്തിന്റെയും സാമൂഹികവിമര്‍ശന സിദ്ധാന്തങ്ങളുടെയും സ്ഥിതി എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പണംകൊയ്യുന്ന കോഴ്‌സുകള്‍ മാത്രം നടത്തുകയും അല്ലാത്തവ പൂര്‍ണമായും അടച്ചുപൂട്ടുകയുമായിരിക്കും ഫലം.

സ്വയഭരണ കോളേജുകളുടെ അക്കാദമിക് കൗണ്‍സിലാണ് (എ.സി). ഏതു കോഴ്‌സ് എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, മാനേജ്‌മെന്റിന് മുന്‍തൂക്കമുള്ള രീതിയില്‍ അംഗസംഖ്യ നിശ്ചയിക്കുന്നതിനപ്പുറം സാമൂഹിക, സാമ്പത്തിക വൈവിധ്യത്തെ ഉള്‍ക്കൊണ്ടുള്ള പ്രാതിനിധ്യസംവിധാനത്തിലൂടെ എ.സി.യെ സുതാര്യമാക്കാനുള്ള യാതൊരു സംവിധാനവുമില്ല. സമൂഹത്തിലെ വൈവിധ്യങ്ങളെപ്പറ്റി ആലോചിക്കുകപോലും ചെയ്യാന്‍ ബാധ്യതകളില്ലാത്ത ഒരു എ.സി. രൂപപ്പെടുത്തുന്ന ഡിപ്ലോമ കോഴ്‌സുകളെപ്പറ്റി സമൂഹം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

'ഒരു പൊതുനിലവാര അളവുകോല്‍' ഉണ്ടാക്കി സ്വയംഭരണ കോളേജുകളുടെ നിലവാരം സര്‍ക്കാറും സര്‍വകലാശാലയും ആണ്ടോടാണ്ട് ഉറപ്പുവരുത്തും എന്നുപറയുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് ഒരു പൊതു അളവുകോലുകൊണ്ട് അളക്കുക? കണക്കുകളിലേക്ക് പരിവര്‍ത്തനം ചെയ്ത് മനസ്സിലാക്കാന്‍ പറ്റുന്നതല്ല അക്കാദമിക് നിലവാരം. സാമൂഹികശാസ്ത്രകാരന്‍ പീര്‍ ഇല്‍നര്‍ അക്കാദമിക് മേഖലയിലെ 'കണക്കെടുപ്പ് സംസ്‌കാരം' (ഓഡിറ്റ് കള്‍ച്ചര്‍) എന്നാണ് ഈ അളവുകോലിനെ വിശേഷിപ്പിക്കുന്നത്. പിഎച്ച്.ഡി.കളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും പ്രോജക്ട് വര്‍ക്കുകളുടെയും എണ്ണവും കെട്ടിടത്തിന്റെ മനോഹാരിതയുടെയും പൂന്തോട്ടങ്ങളുടെയും പേരിലാണ് നിലവാരം അളക്കുന്നതെങ്കില്‍ അത് നവ ലിബറല്‍ മൂലധനയുക്തിയാണ്. വിദ്യാര്‍ഥികള്‍ വായിച്ച പുസ്തകങ്ങളെയും അവരുടെ വിശകലന ശേഷിയെയും അളക്കുക. ക്ലാസ്‌റൂമിലും പുറത്തും നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം അളക്കുക. അധ്യാപക-വിദ്യാര്‍ഥി ബന്ധം അറിവുത്പാദനവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നെന്ന് അളന്നുനോക്കുക. അതോടൊപ്പം കോളേജ്‌ലൈബ്രറി വാങ്ങിയ പുസ്തകങ്ങളുടെയും ജേണലുകളുടെയും അവ എത്രപേര്‍ കാര്യക്ഷമമായി ഉപയോഗിച്ചു എന്നീ കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ നിലവാരം അളക്കുക. ഇങ്ങനെയൊക്കെയാണോ ചെയ്യുകയെന്ന് ഉറപ്പില്ല.

അധ്യാപകരും വിദ്യാര്‍ഥികളും പല മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമെല്ലാം സ്വയംഭരണത്തിന്റെ വരുംവരായ്കകളെ പഠിക്കട്ടെ. അവരുടെ അഭിപ്രായങ്ങള്‍ക്കൂടി കണക്കിലെടുത്തുവേണം ഇത് നടപ്പാക്കാന്‍ .

(ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )

No comments: