Translate

Wednesday, May 8, 2013

ഹരിതരാഷ്ട്രീയത്തിന് ഒരു വോട്ട് ബാങ്ക്‌



ടി. എന്‍ . പ്രതാപന്‍  (MLA)


''പാപികളെക്കൊണ്ട് ലോകം നശിക്കില്ല; എന്നാല്‍, ലോകം നശിക്കാന്‍ പോകുന്നത്, പാപം ചെയ്യുന്നത് നിഷ്‌ക്രിയതയോടെ കണ്ടുനില്‍ക്കുന്നവരില്‍ക്കൂടിയാണ്'' ആല്‍ബര്‍ട്ട് ഐന്‍സ്റ്റെന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അത് വായിച്ചിട്ടുള്ള ആര്‍ക്കും ഇന്ന് കേരളത്തില്‍ നടമാടുന്ന പരിസ്ഥിതിനാശ പ്രവര്‍ത്തനങ്ങളില്‍ കേരളീയസമൂഹം കാണിക്കുന്ന നിഷ്‌ക്രിയതയെ കണ്ണുമടച്ചു സമ്മതിച്ചുകൊടുക്കാന്‍ നിര്‍വാഹമില്ല, കാരണം കേരളം നശിക്കരുത്.

മൂന്നരപ്പതിറ്റാണ്ടായി കേരളത്തിലെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനത്തിന്റെ വേരോട്ടം തുടങ്ങിയിട്ട്. അതിന് തുടക്കമിട്ട ജോണ്‍ സി. ജേക്കബ് മുതല്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രകൃതിസംരക്ഷണ പ്രവര്‍ത്തകരുടെയും ശ്രമങ്ങള്‍ വൃഥാവിലായി എന്നു പറയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തും സുഗതകുമാരി ടീച്ചറുമൊക്കെ നേതൃത്വം നല്‍കിയ സൈലന്റ് വാലി സമരം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് 'ആ സുന്ദരഭൂമി' വനംകൊള്ളക്കാരില്‍ നിന്നും ഭൂമാഫിയയില്‍ നിന്നും പരിരക്ഷിച്ച് നിര്‍ത്തിയത്. അതിന്‌സഹായകരമായി വര്‍ത്തിച്ചത് ഇന്ദിരാഗാന്ധി എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയും. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ കുറവല്ലേ ഇന്ന് നാം കാണുന്ന പ്രകൃതിനാശത്തിന്റെ പ്രധാന കാരണം? രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു വിഷയമായി, പരിസ്ഥിതിവിഷയം ഇതുവരെ മാറിയിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ എന്തേ അത്തരത്തില്‍ ഒരു 'ഹരിത-സംരക്ഷണസേന' ഒരു പാര്‍ട്ടിയിലും ഉണ്ടായില്ല..? രാജ്യഭരണത്തിന്റെ ചുമതല നിര്‍വഹിക്കുകയും വികസന അജന്‍ഡകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെങ്കിലും അവരുടെ പ്രധാന പ്രവര്‍ത്തന മേഖലയില്‍ പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടുത്തിയേ മതിയാവൂ.


കേരളത്തിലാണെങ്കില്‍ അത് തികച്ചും വിപരീതദിശയിലാണ് രൂപംപ്രാപിച്ചത്. കാടും മേടും മണ്ണും കൈയേറ്റം ചെയ്യാന്‍വേണ്ടി ഒരു കൂട്ടായ്മ, എന്നിട്ട് അതിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ലേബലും പിന്തുണയും ഇതൊക്കെ മനസ്സിലാക്കാന്‍ വൈകുന്നുവോ? എല്ലാം അറിയുമെന്നഭിമാനിക്കുന്ന മലയാളികള്‍?


മാറിമാറി വരുന്ന സര്‍ക്കാറുകളുടെ നിറംനോക്കി പരിസ്ഥിതിവാദികളും പ്രവര്‍ത്തകരും പ്രകൃതിധ്വംസക പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും നേരിട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സത്യം. അതായിരിക്കണം പ്രകൃതിയോട് ചേരാതെ നില്‍ക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പാക്കാന്‍ ഇടയായത്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് അതാത് കാലത്തെ കൈയടിയും പിന്തുണക്കാരെ സംതൃപ്തിപ്പെടുത്തലും അനുയായികള്‍ക്ക് 'ആശ്വാസവും' പ്രധാനമായിരിക്കണം. ഇവയെല്ലാം താത്കാലികമാണെന്നും ശാശ്വതമായ നിലനില്പ് അതിനില്ലെന്നുമുള്ള വസ്തുത തിരിച്ചറിയാനാവാത്തതാണ് ഖേദകരം.


ഇന്ന് കേരളസമൂഹം ചൂടോടെ ചര്‍ച്ചചെയ്യുന്ന ഒരുവിഷയമാണ് 'അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി'. പാരിസ്ഥിതികമായി ആ പദ്ധതി ഉണ്ടാക്കിയേക്കാവുന്ന നാശം കണക്കാക്കാവുന്നതിനുമപ്പുറമാണ്. എന്നാല്‍, ഈ പദ്ധതിയുടെ ഉപജ്ഞാതാക്കള്‍തന്നെ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നതുപ്രകാരം ആ പദ്ധതി കേരളത്തിന് ഒരിക്കലും ഉപകാരപ്രദമാവില്ല. കാരണം, കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതികളില്‍ ഒന്നായ പെരിങ്ങല്‍ക്കുത്തില്‍ ജലക്ഷാമം ഒന്നുമാത്രംകൊണ്ട് പ്രഖ്യാപിത കപ്പാസിറ്റിയുടെ മുപ്പത്തഞ്ചുശതമാനംപോലും ഉത്പാദനം നടത്തുവാന്‍ സാധിക്കുന്നില്ല. അങ്ങിനെയിരിക്കെ, ചാലക്കുടിയാറിലെ ജലലഭ്യതമാത്രം മുന്നില്‍ക്കണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം എവിടെനിന്ന് ലഭിക്കും? ഇത് ആര്‍ക്കും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.


'ഹരിതരാഷ്ട്രീയ' ചിന്ത ഇന്ത്യാമഹാരാജ്യത്ത് പുതിയതൊന്നും അല്ല. പക്ഷേ, അത് ഒരു വോട്ടുബാങ്കായോ, രാഷ്ട്രീയപ്പാര്‍ട്ടികളുടെ മേല്‍ സ്വാധീനം ചെലുത്തുന്ന ഒന്നായോ ഇതുവരെ വളര്‍ന്നിട്ടില്ലെന്നുമാത്രം. ഗാന്ധിജി, നെഹ്രു, ഇന്ദിരാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളെല്ലാം പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ബോധവാന്മാരായിരുന്നു. നമ്മുടെ പഞ്ചവത്സര പദ്ധതികളെല്ലാം അവരുടെ ദീര്‍ഘവീക്ഷണങ്ങളുടെ പ്രായോഗിക സമീപനങ്ങള്‍ക്കുള്ള ഉദാഹരണങ്ങളാണ്. ലോകത്ത് ഏറ്റവും ശക്തമായ വനം-വന്യജീവി സംരക്ഷണനിയമം നിലവിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. എന്നാല്‍, പുത്തന്‍ വികസനമാര്‍ഗത്തിന്റെ വഴികളില്‍ നാം അത്തരം ആശയങ്ങളും പരിപാടികളും കൈമോശം വരുത്തുന്നു.


നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെല്ലാം വ്യക്തമായ രാഷ്ട്രീയനിലപാടുകളുണ്ട്; അല്ലെങ്കില്‍ ഉണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും പാരിസ്ഥിതികമായ ആശയവ്യക്തത ഉണ്ടായിരുന്നില്ല. അതുണ്ടാക്കിയെടുക്കാന്‍ ആത്മാര്‍ഥമായ ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടായതുമില്ല. പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള ആശയപരമായ അകല്‍ച്ച വളരെയേറെ ആയിരുന്നു. വികസനവിരോധികളായി പേര് ചാര്‍ത്തപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരും നാട് മുടിക്കുന്ന ആളുകളുമായി രാഷ്ട്രീയക്കാരും കണക്കാക്കപ്പെട്ടു. ഇതിനിടയില്‍ സാമാന്യജനങ്ങള്‍ സത്യം എന്തെന്ന് അറിയാതെ ഇതിലൊന്നും താത്പര്യം ഇല്ലാത്തവരായിത്തീരുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയരംഗത്ത് ചെറിയ രാഷ്ട്രീയവിഭാഗങ്ങള്‍ക്കും മതവിഭാഗങ്ങള്‍ക്കും ജാതിക്കും ഉപജാതിക്കും വളരെയുള്ള സ്വാധീനം (ദുഃസ്വാധീനം എന്ന് പറയാം) ശുഭകരമായ ഒന്നല്ല. എന്നാല്‍, ഇതിനെയെല്ലാം മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് ചിലപ്പോഴെങ്കിലും അംഗീകരിക്കേണ്ടിവരുന്നത് അവര്‍ ഉയര്‍ത്തിക്കാട്ടുന്ന 'വോട്ടുബാങ്ക് കാര്‍ഡ്' മൂലമാണ്. അത്തരത്തില്‍ ഒരു വോട്ട്ബാങ്ക് 'ഹരിത രാഷ്ട്രീയ'ത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ മലയാളി സമൂഹത്തിന് കഴിഞ്ഞാല്‍ ഭരണാധികാരികളുടെ വീക്ഷണത്തില്‍ സ്വാധീനം ചെലുത്താന്‍ ആയേക്കും. 'ഹരിതരാഷ്ട്രീയം' പ്രസക്തമാവുന്നത് ഇങ്ങനെയുള്ള അവസ്ഥയിലാണ്. രാഷ്ട്രീയം, രാഷ്ട്രീയമായി നിലനില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രവര്‍ത്തകരില്‍ പാരിസ്ഥിതികമായ ഒരു അവബോധം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഞങ്ങള്‍ പറയുന്ന 'ഹരിതരാഷ്ട്രീയം'.


ഈ ഒരു ആശയം കൊണ്ടുവന്നപ്പോള്‍ത്തന്നെ, കക്ഷിരാഷ്ട്രീയത്തിനതീതമായി ലഭിച്ച പിന്തുണ വളരെ ശുഭകരമായ സൂചനയായി കാണുന്നു. ഹരിതരാഷ്ട്രീയത്തിന് ഒരു ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയത്തിനും മതത്തിനും മറ്റെന്തിനും അതീതമായി നിലനിന്നുകൊണ്ട് നമ്മുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്.

No comments: