Translate

Saturday, July 13, 2013

'വെടിയുണ്ടകള്‍ എന്നെ നിശബ്ദയാക്കില്ല'-മലാല

 

ന്യൂയോര്‍ക്ക്: വെടിയുണ്ടകള്‍ക്ക് എന്നെ നിശ്ശബ്ദയാക്കാനാവില്ലെന്നും അതിനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെട്ടെന്നും മലാല യൂസഫ്‌സായ്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുമ്പോഴാണ് വിദ്യാഭ്യാസപ്രവര്‍ത്തനത്തിനിടെ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ പാകിസ്താന്‍ പെണ്‍കുട്ടി മലാല തീവ്രവാദികള്‍ക്കെതിരെ ഉറച്ച് പ്രതികരിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് താലിബാന്‍ തീവ്രവാദികള്‍ തനിക്കും സുഹൃത്തിനും നേരേ നിറയൊഴിച്ചത്. തങ്ങളെ നിശ്ശബ്ദമാക്കാമെന്ന് അവര്‍ കരുതി. എന്നാല്‍ നിശ്ശബ്ദതയ്ക്ക് പകരം ആയിരങ്ങളുടെ ശബ്ദമാണ് പിന്നീട് ഉയര്‍ന്നത്. അതേ മലാല തന്നെയാണ് താനിന്നും. തന്റെ ലക്ഷ്യങ്ങള്‍ക്കോ സ്വപ്നങ്ങള്‍ക്കോ യാതൊരു മാറ്റവും വന്നിട്ടില്ല-മലാല പറഞ്ഞു.

തീവ്രവാദികള്‍ അവരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കുകയാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് അവര്‍ മനസ്സിലാക്കണം. മലാലയുടെ ജന്മദിനം മലാല ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യു.എന്‍. വിളിച്ചുചേര്‍ത്ത യുവജന സമ്മേളനത്തിലായിരുന്നു പ്രസംഗം. 500 വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഷാള്‍ ധരിച്ചാണ് മലാല വേദിയിലെത്തിയത്.

താന്‍ ആര്‍ക്കും എതിരല്ലെന്നും താലിബാനെതിരെ ഇവിടെ പ്രസംഗിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മലാല പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. താന്‍ അതില്‍പ്പെട്ട ഒരാള്‍ മാത്രമാണ്. താന്‍ സംസാരിക്കുന്നത് ശബ്ദമുയര്‍ത്താന്‍ കഴിവില്ലാത്തവര്‍ക്കുകൂടി വേണ്ടിയാണ്. ഇന്ത്യയില്‍ നിഷ്‌കളങ്കരായ ലക്ഷക്കണക്കിന് കുട്ടികള്‍ ബാലവേലമൂലം ദുരിതമനുഭവിക്കുകയാണെന്നും മലാല ചൂണ്ടിക്കാട്ടി.

താലിബാന്‍ തീവ്രവാദികളുടെ മക്കള്‍ക്കടക്കം വിദ്യാഭ്യാസം പകര്‍ന്ന് നല്‍കുമെന്ന് മലാല പ്രഖ്യാപിച്ചു. ഇതുപോലെയുള്ള പാഠങ്ങളാണ് മുഹമ്മദ് നബിയില്‍ നിന്നും യേശുക്രിസ്തുവില്‍നിന്നും ബുദ്ധന്‍, ഗാന്ധിജി, മണ്ടേല, മദര്‍ തെരേസ എന്നിവരില്‍ നിന്നും പഠിച്ചത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും താന്‍ ഏര്‍പ്പെടും. തീവ്രവാദവും യുദ്ധവും കുട്ടികളെ സ്‌കൂളില്‍നിന്ന് അകറ്റുകയാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും ലോകമെങ്ങും ദുരിതമനുഭവിക്കുകയാണെന്നും മലാല പറഞ്ഞു.
വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് മേഖലയില്‍ വെച്ചാണ് മലാലയ്ക്ക് തീവ്രവാദികളുടെ വെടിയേറ്റത്. അതിനുശേഷം നടത്തിയ ആദ്യപ്രസംഗം ആയിരുന്നു ഇത്. ബ്രിട്ടനില്‍ ചികിത്സയ്ക്ക് ശേഷം ബര്‍മിങ്ങാമിലാണ് അവര്‍ ഇപ്പോള്‍ താമസം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് മലാല പ്രസംഗം അവസാനിപ്പിച്ചത്.

മലാലയുടെ പ്രസംഗം പ്രതിനിധികള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മലാലയെ പരിചയപ്പെടുത്തി. 'ലോകത്തെ ഏറ്റവും ധീരയായ പെണ്‍കുട്ടി' എന്നാണ് ചടങ്ങില്‍ പങ്കെടുത്ത ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും വിദ്യാഭ്യാസത്തിനുള്ള യു.എന്‍. ദൗത്യസംഘത്തിന്റെ തലവനുമായ ഗോര്‍ഡന്‍ ബ്രൗണ്‍ മലാലയെ വിശേഷിപ്പിച്ചത്.
 
 
courtesy-The Mathrubhumi

No comments: