Translate

Thursday, October 16, 2014

അന്ധവിശ്വാസത്തിന്റെ ചുരുളഴിച്ച് സയന്‍സ് മിറാക്കിള്‍ ഷോ-BEMGHSS,Calicut

on 17-October-2014
അന്ധവിശ്വാസത്തിന്റെ ചുരുളഴിച്ച്  സയന്‍സ്  മിറാക്കിള്‍ ഷോകോഴിക്കോട്: "ഈ സ്കൂളിന്റെ സ്ഥാനം ശരിയല്ല... വാസ്തുവിദ്യപ്രകാരം ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കാന്‍ പാടില്ല...'-ക്ലാസെടുക്കാന്‍ വന്ന അധ്യാപകന്‍ തറപ്പിച്ച് പറഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ അമ്പരന്നു. തുടര്‍ന്ന് അധ്യാപകന്‍ സ്കൂള്‍ പരിസരത്തെ കുറച്ച് മണ്ണെടുത്ത് അതില്‍ പച്ചവെള്ളമൊഴിച്ചു. മണ്ണ് ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് വീണ്ടും അത്ഭുതം. മണ്ണ് കത്തിയത് വാസ്തു തെറ്റിയതുകൊണ്ടല്ലെന്നും അതിനു പിന്നില്‍ ശാസ്ത്രതത്വമാണെന്നും അധ്യാപകന്‍ തന്നെ വിശദീകരിച്ചു. മണ്ണിനടയില്‍ ഒളിപ്പിച്ച കാത്സ്യം കാര്‍ബൈഡും സോഡിയവും ചേര്‍ന്നുണ്ടായ രാസപ്രവര്‍ത്തനമായിരുന്നു തീയുണ്ടാവാന്‍ കാരണം. ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഈ രംഗം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രബോധ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന "സയന്‍സ് മിറാക്കിള്‍ ഷോ'യുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വിദ്യാര്‍ഥികളെ വിസ്മയത്തിലാക്കുന്ന പരിപാടി അരങ്ങേറിയത്. അന്ധവിശ്വാസങ്ങളുടെ പിറകിലെ ശാസ്ത്രതത്വങ്ങളുടെ അനാവരണമായിരുന്നു ഇത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പാഠ്യഭാഗങ്ങളിലുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഷോ ഒരുക്കിയത്. ശാസ്ത്രതത്വത്തെ അന്ധവിശ്വാസത്തില്‍ പൊതിഞ്ഞാണ് പൊതുജനങ്ങളെ മന്ത്രവാദികള്‍ കബളിപ്പിക്കുന്നതെന്ന് ഷോയിലൂടെ വിദ്യാര്‍ഥികള്‍ മനസ്സിലാക്കി. മന്ത്രവാദികള്‍ സത്യം തെളിയിക്കാനുപയോഗിക്കുന്ന കുപ്പിമാജിക് സയന്‍സ് ക്ലാസില്‍ പഠിച്ച പാസ്കല്‍ നിയമത്തിന്റെ പ്രായോഗികരീതിയാണെന്നും പരിപാടിയില്‍ വിശദീകരിച്ചു. ദിവ്യന്മാര്‍ കര്‍പ്പൂരം കത്തിച്ച് വായില്‍ ഇട്ടു കാണിക്കുന്നത് ആര്‍ക്കും ചെയ്യാമെന്നും വ്യക്തമാക്കി. ദിവ്യന്മാരുടെ പൊള്ളത്തരം വ്യക്തമാക്കാന്‍ പത്താംക്ലാസ് വിദ്യാര്‍ഥി സാനിയ സുല്‍ത്താന കത്തിച്ച കര്‍പ്പൂരം വായിലിട്ടപ്പോള്‍ സദസില്‍ ഉയര്‍ന്നത് കരഘോഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് വത്സല ജോണ്‍ അധ്യക്ഷയായി. പരിഷത് സംസ്ഥാന കമ്മിറ്റി അംഗം മണലില്‍ മോഹനന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ പ്രഭാകരന്‍ നന്ദിയും പറഞ്ഞു. പി പ്രസാദ്, എ സുരേഷ്, യു പി നാസര്‍, എ സുരേന്ദ്രന്‍, പി ശ്രീനിവാസന്‍, സത്യപാലന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് സ്കൂളുകളില്‍ സയന്‍സ് മിറാക്കിള്‍ ഷോ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 130 സ്കൂളുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച പേരാമ്പ്ര ഗവ. എച്ച്എസ്എസിലാണ് പരിപാടി.

No comments: