Translate

Monday, October 6, 2014

പാവങ്ങള്‍ക്കും വീട് സ്വപ്നം കാണാം; സിസ്റ്റര്‍ ലിസ്സി കൂടെയുണ്ട്‌


വി.പി ശ്രീലന്‍




തോപ്പുംപടി: പാവങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ പകുത്തു കൊടുക്കണമെന്നാണ് സിസ്റ്റര്‍ ലിസ്സിയുടെ സിദ്ധാന്തം. ആര്‍ക്കും പഴയത് കൊടുക്കരുതെന്ന് സാരം. നാലര വര്‍ഷം കൊണ്ട് പാവങ്ങള്‍ക്കായി 10 വീടുകളാണ് സിസ്റ്റര്‍ ലിസ്സി നിര്‍മിച്ച് നല്‍കിയത്. എല്ലാം ഒന്നാന്തരം വീടുകള്‍. സിസ്റ്ററുടെ ൈകയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ദൈവം തന്നതാണെന്ന് അവര്‍ പറയും. കൊടുക്കാന്‍ മനസ്സുള്ളവരോട് ചോദിച്ചു വാങ്ങിയ സഹായങ്ങള്‍ കൂട്ടിവച്ച്, സിസ്റ്റര്‍ ലിസ്സി പടുത്തുയര്‍ത്തിയ മനോഹരമായ ഈ വീടുകള്‍, ഒരു നാട് കാണിച്ച കാരുണ്യത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ കൂടിയാണ്.

തോപ്പുംപടി ഔവ്വര്‍ ലേഡീസ് കോണ്‍വെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍, ഈ സ്‌കൂളിലെ പാവപ്പെട്ടൊരു വിദ്യാര്‍ഥിനിക്ക് വേണ്ടിയാണ് ആദ്യം വീട് നിര്‍മിച്ചത്. തീരദേശ ഗ്രാമമായ ചെല്ലാനത്ത്, കാറ്റിനോടും കടലിനോടും പോരാടി ചെറ്റക്കുടിലില്‍ കഴിഞ്ഞിരുന്ന ഒമ്പതാം ക്ലാസ്സുകാരിക്ക് വേണ്ടി ഒരു വീട്... അതായിരുന്നു സിസ്റ്ററുടെ സ്വപ്നം. 50,000 രൂപ ഒരു സുഹൃത്തിനോട് കടംവാങ്ങി, ജോലികള്‍ തുടങ്ങി.


നല്ല മനസ്സുള്ള കച്ചവടക്കാരുടെയും പൊതു പ്രവര്‍ത്തകരുടെയുമൊക്കെ സഹായങ്ങള്‍ തേടി. പലരും നിര്‍മാണ സാമഗ്രികള്‍ നല്‍കി. ചിലര്‍ സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറായി. ഏതാണ്ട് അഞ്ചു ലക്ഷം രൂപ െചലവു വരുന്ന വീട് പൂര്‍ത്തിയായപ്പോള്‍, കടം വീട്ടിക്കഴിഞ്ഞ് 50,000 രൂപ ബാക്കി. ഈ തുകകൊണ്ട് മറ്റൊരു വീടിന്റെ അടിത്തറയ്ക്ക് വേണ്ട കരിങ്കല്ല് സ്വരൂപിക്കുകയായിരുന്നു സിസ്റ്റര്‍... ചെറിയകടവില്‍ ഏകയായി കഴിയുന്ന പാവം സ്ത്രീക്ക് വേണ്ടി ഒരു വീടിന്റെ തുടക്കം.


എട്ട് ലക്ഷത്തോളം രൂപ മതിപ്പുവില വരുന്ന ആ വീട് പൂര്‍ത്തിയാക്കി. അപ്പോള്‍ ശേഷിച്ചത് 25,000 രൂപ. സിസ്റ്റര്‍ വെറുതെ ഇരുന്നില്ല... മൂന്നാമത്തെ വീടിനായി ഒരുക്കം തുടങ്ങി. സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ക്ക് സിസ്റ്റര്‍ സ്വപ്നതുല്യമായ വീടൊരുക്കിക്കൊടുത്തു. മറ്റ് അഞ്ചു വീടുകള്‍ ചെല്ലാനം ഗ്രാമത്തിലെ ദരിദ്രരായ വിധവകള്‍ക്ക് വേണ്ടിയായിരുന്നു. 'ലക്ഷംവീട്' പോലുള്ള കൂടുകളല്ല ഈ വീടുകള്‍. വീട്ടില്‍ താമസിക്കുന്ന ആളുടെ ഇഷ്ടമനുസരിച്ച് തയ്യാറാക്കിയ പ്ലാനുകളാണ് സിസ്റ്റര്‍ കെട്ടി ഉയര്‍ത്തുന്നത്.


''വീട് ഒരു സ്വപ്നമാണ്. ആ സ്വപ്നം അവിടെ താമസിക്കുന്നവരുടേതാകണം. എന്റെ സ്വപ്നമനുസരിച്ച് പണിയുന്ന വീട്ടില്‍ മറ്റൊരാളെ നിര്‍ബന്ധപൂര്‍വം താമസിപ്പിക്കുന്നത് അര്‍ഥശൂന്യമാണ്'' ഇതാണ് സിസ്റ്റര്‍ ലിസ്സിയുടെ പക്ഷം. നല്ല മരം, ഉറപ്പുള്ള സാമഗ്രികള്‍, മനോഹരമായ ടൈലുകള്‍... പാവങ്ങള്‍ക്കാണെന്ന് കരുതി ഒന്നിനും വിട്ടുവീഴ്ച ചെയ്യാന്‍ സിസ്റ്റര്‍ ഒരുക്കമല്ല. ഒടുവില്‍ പതിനൊന്നാമത്തെ വീടിന് തറക്കല്ലിട്ടിരിക്കുകയാണ് സിസ്റ്റര്‍. ഇക്കുറി, ഔവ്വര്‍ ലേഡീസ് സ്‌കൂളിലെ ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് വേണ്ടിയാണിത്. 50 വര്‍ഷം മുമ്പ് സ്‌കൂളില്‍ പഠിച്ചിരുന്ന 65 കഴിഞ്ഞ പഴയകാല വിദ്യാര്‍ഥിനിക്ക് വേണ്ടി അന്ന് അവരുടെ ഒപ്പം പഠിച്ചിരുന്നവരില്‍ നിന്ന് ഇതിനായി ഒരുലക്ഷം രൂപ സിസ്റ്റര്‍ ശേഖരിച്ചു.
 
crtsy-mbmi.clt 

No comments: