Translate

Thursday, December 1, 2011

പൊതുമുതല്‍ നശീകരണം: കോടതിവിധി ശരിയോ? അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍

പൊതുമുതല്‍ നശീകരണം: കോടതിവിധി ശരിയോ?
                          അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം (പിഡിപിപി ആക്ട്) രജിസ്റ്റര്‍ചെയ്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ പൊതുമുതലിനുണ്ടായ നഷ്ടത്തിന് തുല്യമായ തുകയോ അതിലധികമോ കോടതിയില്‍ കെട്ടിവയ്ക്കണം എന്ന് ഉത്തരവിടുകയുണ്ടായി. എല്ലാ കോടതികള്‍ക്കും ബാധകമായ പൊതുനിയമം എന്ന നിലയ്ക്കാണ് ഈ ഉത്തരവ്്. ക്രിമിനല്‍ കേസിലെ ആദ്യനടപടി പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ചെയ്യലാണ്്. അതില്‍ കുറ്റംചെയ്ത പ്രതികളുടെ പേര് ഉണ്ടാകാം; ഉണ്ടാകാതിരിക്കാം. പ്രഥമ വിവര റിപ്പോര്‍ട്ടിലെ ഏഴാം നമ്പര്‍ കോളത്തില്‍ പറയുന്നത്: "അറിയാവുന്ന/സംശയിക്കുന്ന/അറിയപ്പെടാത്ത കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങളാണ്. ഇതിന്റെ അര്‍ഥം കേസ് രജിസ്റ്റര്‍ചെയ്യുന്ന സമയത്ത് പ്രതിപ്പട്ടികയിലുള്ള ആള്‍ക്കാര്‍ പ്രതികളാകാം; പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാകാം. രണ്ടുമല്ലെങ്കില്‍ അറിയപ്പെടാത്ത കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങളാണുണ്ടാവുക. കേസ് രജിസ്റ്റര്‍ചെയ്താല്‍ പൊലീസ് ക്രിമിനല്‍ നിയമ നടപടിപ്രകാരം അന്വേഷണം ആരംഭിക്കുന്നു. അന്വേഷണമധ്യേ പ്രതികളെന്ന് കാണിച്ചവരെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള അധികാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.

പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രതിയെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഒഴിവാക്കാം, റിപ്പോര്‍ട്ടില്‍ പറയാത്തവരെ പ്രതികളുമാക്കാം. കേരള ഹൈക്കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം അന്വേഷണമധ്യേ ഒരു പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കില്‍ ആ പ്രതിക്ക് ജാമ്യം കിട്ടുന്നതിന് പൊലീസുകാര്‍ പറയുന്ന തുക (പൊതുമുതലിന്റെ നഷ്ടം) കെട്ടിവയ്ക്കണമെന്ന് വ്യവസ്ഥചെയ്യുന്നത് സാമാന്യ നീതിക്ക് എതിരല്ലേ എന്ന ചോദ്യം ഉയരുകയാണ്. ക്രിമിനല്‍ കേസുകളില്‍ ദുരുദ്ദേശ്യപരമായി ആളുകളെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ പതിവാണ്. പുതിയ ഉത്തരവുപ്രകാരം ഏതൊരാളെയും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാവുന്നതും ഇദ്ദേഹം ലക്ഷങ്ങളുടെ പൊതുമുതല്‍ നശിപ്പിച്ചു എന്നു പറയാവുന്നതുമാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രിമിനല്‍ നടപടി നിയമപ്രകാരം ഒരു കോടതിക്കും അന്വേഷണമോ വിചാരണയോ നടത്താനുള്ള അധികാരമില്ല. അങ്ങനെയിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്ന തുക കോടതിയില്‍ കെട്ടിവച്ചാല്‍മാത്രമേ ജാമ്യം അനുവദിക്കൂ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. കേരള ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ക്ക് (ശ്യാംകുമാര്‍/കേരള സര്‍ക്കാര്‍ 2010 (4) കെഎല്‍ടി 405, ജോമോന്‍/കേരള സര്‍ക്കാര്‍ 2010 (2) കെഎല്‍ടി 371) എതിരുമാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ മേല്‍പ്പറഞ്ഞ രണ്ട് കേസില്‍ പറഞ്ഞത്: "പണം കെട്ടിവയ്ക്കുന്നവര്‍ക്കു മാത്രമേ ജാമ്യം കിട്ടി പുറത്തുവരാന്‍ പറ്റുകയുള്ളൂവെങ്കില്‍ സമ്പന്നര്‍ക്കു മാത്രമേ അത് സാധ്യമാകൂ.

ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ജനങ്ങള്‍ ജയിലുകളില്‍തന്നെ കഴിയേണ്ടിവരും, അവര്‍ക്ക് ജാമ്യം കിട്ടിയാലും" എന്നാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ പ്രസിദ്ധമായ വിധി (മോത്തിറാം ആന്‍ഡ് അതേഴ്സ്/മധ്യപ്രദേശ് സര്‍ക്കാര്‍ എഐആര്‍ 1978 എസ്സി 1594) പറയുന്നത് ജാമ്യം സമ്പന്നര്‍ക്കുള്ളത് മാത്രമല്ല എന്നാണ്. ഇതിന് പുറമെ പല ഹൈക്കോടതികളും പറഞ്ഞത് ജാമ്യവ്യവസ്ഥയില്‍ പണം കെട്ടിവയ്ക്കല്‍ പാടില്ല എന്നുതന്നെയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുമ്പോള്‍ പണം കെട്ടിവയ്ക്കണമെന്നത് മേല്‍പ്പറഞ്ഞ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളുടെ വെളിച്ചത്തില്‍ നിലനില്‍ക്കുന്നതല്ല. ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കോടതി വിചാരണ ചെയ്തതിന് ശേഷം പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ അന്യായക്കാര്‍ക്കോ സര്‍ക്കാരിനോ പ്രതികള്‍ വല്ല നഷ്ടവും വരുത്തിയിട്ടുണ്ടെങ്കില്‍ അത് നഷ്ടപരിഹാരമായി നല്‍കാന്‍ ക്രിമിനല്‍ നടപടി നിയമം 357ല്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈയിടെ കോഴിക്കോട് ലോ കോളേജില്‍ നടന്ന ഒരു സംഭവത്തോടനുബന്ധിച്ച് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചില ഉത്തരവുകളുമായി പിഡിപിപി ആക്ടുമായി ബന്ധപ്പെട്ട് പറഞ്ഞു. എങ്കിലും കേസ് ക്രിമിനല്‍ കോടതിയില്‍ നിലവിലുള്ളതുകൊണ്ട് നഷ്ടപരിഹാരത്തുക വിചാരണ കഴിഞ്ഞശേഷം തീരുമാനിക്കണം എന്നാണ് ഉത്തരവിട്ടത്. സുപ്രീം കോടതി 2009ല്‍ പിഡിപിപി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും അതുമായി ബന്ധപ്പെട്ട് പൊതുമുതലിനുണ്ടാകുന്ന നാശനഷ്ടങ്ങളെപ്പറ്റിയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്‍ റി ഡിസ്ട്രക്ഷന്‍ ഓഫ് പബ്ലിക് ആന്‍ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടീസ്/ആന്ധ്രപ്രദേശ് സര്‍ക്കാര്‍ (2009) 5 എസ്സിസി 212=2009 (2) കെഎല്‍ടി 552 (എസ്സി) എന്ന വിധിയില്‍ ഒരിടത്തും ജാമ്യവ്യവസ്ഥയില്‍ പൊതുമുതലിന് വരുത്തിയ നഷ്ടം കെട്ടിവയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. സുപ്രീം കോടതി പറഞ്ഞത് നഷ്ടം കണക്കാക്കുന്നതിന് ഹൈക്കോടതികള്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം അധികാരമുണ്ടെന്നാണ്. അതിലെവിടെയും ഇത്തരം കേസുകളില്‍ ജാമ്യം നല്‍കുമ്പോള്‍ പൊലീസ് പറയുന്ന പൊതുമുതല്‍ നഷ്ടം കെട്ടിവയ്ക്കണമെന്ന് പറയുന്നില്ല. പ്രധാനമായും രണ്ട് വാദമാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത് (ഈ ലേഖകനാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായത്). 1) കേരള ഹൈക്കോടതിയുടെ രണ്ട് വിധിയും സുപ്രീം കോടതിയുടെ വിധികളും ജാമ്യസമയത്ത് പണം കെട്ടിവയ്ക്കണമെന്ന് പറയുന്നത് ശരിയല്ല എന്നു പറഞ്ഞിട്ടുണ്ട്. 2) ഇന്‍ റീ ഡിസ്ട്രക്ഷന്‍ ഓഫ് പബ്ലിക് ആന്‍ഡ് പ്രൈവറ്റ് പ്രോപ്പര്‍ട്ടീസ്/ആന്ധ്രപ്രദേശ് സര്‍ക്കാര്‍ (2009) 5 എസ്സിസി 212=2009 (2) കെഎല്‍ടി 552 (എസ്സി) എന്ന കേസില്‍ സുപ്രീം കോടതി പിഡിപിപി ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത കേസില്‍ ജാമ്യം നല്‍കുമ്പോള്‍ പൊതുമുതലിന് വന്ന നഷ്ടത്തിന് സമാനമായ തുക കെട്ടിവയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. ഹൈക്കോടതി ഈ രണ്ട് വാദത്തിനും പറഞ്ഞ ഉത്തരം: "മുന്‍വിധികള്‍ (ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും) മനുഷ്യരുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളാണ്. അതില്‍ പണം കെട്ടിവയ്ക്കേണ്ടതില്ല. പക്ഷേ പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിനെ വേറെതന്നെ കാണാം" എന്നാണ്.

ഇതിനര്‍ഥം മനുഷ്യന്‍ മനുഷ്യനെ കൊന്നാല്‍ ജാമ്യത്തിന് പണം കെട്ടിവയ്ക്കേണ്ടതില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ പണം കെട്ടിവയ്ക്കണം എന്നല്ലേ? ഇത് നിലനില്‍ക്കുന്നതാണോ?രണ്ടാമത്തെ വാദത്തില്‍ ഹൈക്കോടതി പറയുന്നത് 2009ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ , ജാമ്യസമയത്ത് പൊതുമുതലിനുണ്ടായ നഷ്ടം കെട്ടിവയ്ക്കാന്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ്. 2009ലെ വിധിയില്‍ അങ്ങനെയൊരു ഉത്തരവുള്ളതായി കാണുന്നില്ല. ഇതിനെല്ലാമുപരി ഹൈക്കോടതിയില്‍ പറഞ്ഞ വേറൊരു വാദം ക്രിമിനല്‍ നടപടി നിയമപ്രകാരം ഹൈക്കോടതിക്ക് പിഡിപിപി ആക്ട്കേസുകളുടെ ജാമ്യസമയത്ത് പണം കെട്ടിവയ്ക്കാന്‍ പറയാനുള്ള അധികാരമില്ല എന്നാണ്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ക്രിമിനല്‍ നടപടി നിയമം 439-ാം വകുപ്പ് പ്രകാരമാണ്. 439(1) (എ) പ്രകാരം ജാമ്യത്തിന് വ്യവസ്ഥകള്‍ വയ്ക്കണമെങ്കില്‍ 437 (3)ല്‍ പറയുന്ന കുറ്റങ്ങള്‍ ആയിരിക്കണം. ആ കുറ്റങ്ങള്‍ ഇവയാണ്. 1) ഏഴോ അതില്‍ കൂടുതലോ വര്‍ഷംവരെ ശിക്ഷിക്കാവുന്ന കുറ്റങ്ങള്‍ . 2) ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അധ്യായം 6,16,18ല്‍ പറയുന്ന കുറ്റങ്ങള്‍ . 3) മേല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ഗൂഢാലോചന നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക. ഇത്തരം കുറ്റങ്ങളില്‍ ജാമ്യവ്യവസ്ഥയില്‍ കോടതിക്ക് യുക്തമെന്ന് തോന്നുന്ന ഏത് വ്യവസ്ഥയും വയ്ക്കാനുള്ള അധികാരമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ മൂന്ന് വിഭാഗത്തില്‍ പെടാത്ത കുറ്റങ്ങളില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിക്ക് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകള്‍ വയ്ക്കാന്‍ നിയമം വ്യവസ്ഥചെയ്യുന്നില്ല. പിഡിപിപി ആക്ട് പ്രകാരം ഒരു പ്രതിക്ക് പരമാവധി കൊടുക്കാവുന്ന ശിക്ഷ അഞ്ച് വര്‍ഷമാണ്. പിഡിപിപി ആക്ട് പ്രകാരമുള്ള ശിക്ഷകള്‍ ക്രിമിനല്‍ നിയമം 437(3)ല്‍ പ്രതിപാദിച്ചിട്ടുമില്ല. അതുകൊണ്ട് പിഡിപിപി ആക്ട് പ്രകാരമുള്ള ഒരു കുറ്റത്തിന് കോടതിക്ക് യുക്തമെന്ന് തോന്നുന്ന ജാമ്യവ്യവസ്ഥ വയ്ക്കാന്‍ സാധിക്കില്ല. കോടതി ഒന്നാമതായി പറഞ്ഞത് ജാമ്യസമയത്ത് സര്‍ക്കാരിന് വന്ന നഷ്ടം കെട്ടിവയ്ക്കുന്നതിന് ക്രിമിനല്‍ നടപടി നിയമം 437ഉം 439ഉം വകുപ്പുകള്‍ അനുവദിക്കുന്നുണ്ടെന്നാണ്. രണ്ടാമതായി പറയുന്നത് 2009ലെ സുപ്രീം കോടതി വിധിയും ഇതിനെ അനുകൂലിക്കുന്നുവെന്നാണ്. ഇവിടെ ചൂണ്ടിക്കാട്ടിയപോലെ, ക്രിമിനല്‍ നടപടി നിയമത്തില്‍ എവിടെയും ഇത്തരം ഒരു ഉത്തരവ് നല്‍കാന്‍ ഹൈക്കോടതിക്ക് അധികാരം നല്‍കുന്നില്ല. മാത്രമല്ല 2009ലെ സുപ്രീം കോടതി വിധിയും ഇത്തരമൊരു വ്യവസ്ഥ വേണമെന്ന് പറഞ്ഞതായി കാണുന്നില്ല. കേരള ഹൈക്കോടതി ജെയ്ന്‍ ബാബു/ജോസഫ് (2008 (4) കെഎല്‍ടി 16) എന്ന കേസില്‍ ക്രിമിനല്‍ നടപടി നിയമം പറയുന്നതിനുപരിയായി ചില ഉത്തരവുകള്‍ പാസാക്കിയിരുന്നു. ഈ വിധിയെ ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ കൊടുത്ത അപ്പീല്‍ അനുവദിക്കുകയും കേരള ഹൈക്കോടതിയുടെ വിധി ദുര്‍ബലപ്പെടുത്തുകയുമുണ്ടായി. സുപ്രീം കോടതി ഈ വിധിയില്‍ പറഞ്ഞത് ഹൈക്കോടതിക്ക് ക്രിമിനല്‍ നടപടി നിയമത്തില്‍ പറഞ്ഞതിനുപരിയായി ഒരു ഉത്തരവ് പാസാക്കാനുള്ള അധികാരമില്ലെന്നാണ്. 2011ലെ മേല്‍ വിധിയില്‍ സുപ്രീം കോടതിയുടെ തന്നെ 2009ലെ ഒരു വിധി ഓര്‍മപ്പെടുത്തിയിട്ടുണ്ട്, എസ് പഴനിവേലായുധം/തിരുനല്‍വേലി കലക്ടര്‍ ആന്‍ഡ് അതേഴ്സ് 2009 (10) എസ്സിസി 664). ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: "കോടതികള്‍ സ്വേച്ഛാധിപതികള്‍ ആകാനുള്ള ആഗ്രഹം ഒഴിവാക്കണം. നീതി നടത്താനുള്ള ആകാംക്ഷയില്‍ കോടതികള്‍ അതിരുകടക്കുന്ന പല സാഹചര്യങ്ങളും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നീതിനിഷേധത്തിലാണ് അവസാനിക്കുക, അല്ലാതെ നീതിയിലല്ല."

കേരള ഹൈക്കോടതിയുടെ മേല്‍പ്പറഞ്ഞ ഉത്തരവ് പ്രകാരം പിഡിപിപി കേസുകളില്‍ ജാമ്യം നല്‍കുമ്പോള്‍ പൊതുമുതല്‍ നഷ്ടത്തിന് തത്തുല്യമായ തുകയോ അതില്‍ കൂടുതലോ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ ക്രിമിനല്‍ നടപടി നിയമത്തിന് അനുസൃതമാണോ, മറിച്ച് സുപ്രീം കോടതി പറയുന്നതുപോലെ നീതി നടത്താനുള്ള ആകാംക്ഷയില്‍ അതിരുകടന്നതാണോ എന്നറിയാല്‍ മേല്‍വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത്തരം വിധികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പൊതുസമൂഹവും ചര്‍ച്ച ചെയ്യണം.

2 comments:

Anonymous said...

Thank you csipass.I was not knowing the essence of the court order.The interpretation was something different.
Adv.saji,vanchiyur

Anonymous said...

this verdict shows the judicial extremism Judges must realize that they are also common citizens.