LATEST NEWS
Mar 04, 2015

ഇന്നലെ വൈകിട്ട് ഏഴിനാണ് ശ്വാസതടസ്സം മൂലം അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷം സംസ്‌കാരം നടക്കും.
വിമോചന ദൈവശാസ്ത്രവക്താവുകൂടിയായിരുന്നു നൈനാന്‍ കോശി. 1999 ല്‍ മാവേലിക്കര നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷന്‍ ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ മുന്‍ ഡയറക്ടറായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടിയ നൈനാന്‍ കോശി കേരളത്തിലെ വിവിധ കോളേജുകളില്‍ അധ്യാപകനായി. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഓണറ്റി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു.
വാര്‍ ഓണ്‍ ടെറര്‍, റി ഓര്‍ഡറിങ് ദ വേള്‍ഡ്, സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍, ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍,ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്‌കി നൂറ്റാണ്ടിന്റെ, മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
SPECIAL NEWS
Mar 04, 2015

മതമല്ല മനുഷ്യമോചനമാണ് പ്രധാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ക്രിസ്തീയ ജീവിതത്തിന്റെ വഴിയോരങ്ങളില്‍ വീണുപോയവരെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് അദ്ദേഹത്തിനൊപ്പം ഏറെ നാള്‍ പ്രവര്‍ത്തിച്ച ഡോ. ജോര്‍ജ്ജ് കെ അലക്‌സ് ഓര്‍മ്മിക്കുന്നു. മതം കെട്ടുകാഴ്ചകള്‍ അല്ലെന്നും കണ്ണീരണിഞ്ഞവരുടെ ജീവിതവും വിമോചനവുമാണ് അത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചു. യഥാര്‍ഥ ക്രിസ്തുലക്ഷ്യം ഏഴകളില്‍ ഏഴകളായ മനുഷ്യരുടെ ഉന്നമനം ആയിരുന്നു എന്നദ്ദേഹം എഴുതി.
ഈ വഴിയിലുള്ള അദ്ദേഹത്തിന്റെ യാത്രയിലാണ് ക്രിസ്തുമതത്തിലെ ജാതീയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദളിത് ക്രൈസ്തവ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അത് എത്തിക്കാനും പരിശ്രമിച്ചു. ആഗോളതലത്തില്‍ തന്നെ മതത്തിലെ അവശരുടെ വിഷയങ്ങള്‍ മേധാവികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി.
പത്തനംതിട്ടയിലെ മുണ്ടിയപ്പിള്ളി സ്വദേശിയായ നൈനാന്‍ കോശി സ്റ്റുഡന്റ് ക്രിസ്റ്റിയന്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുന്നേറിയത്. അതിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. കുറേക്കാലം മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജില്‍ അധ്യാപകനായിരുന്നു. പക്ഷേ കേരളത്തിന്റെ അതിരുകളില്‍ ഒതുങ്ങാതെ അദ്ദേഹം അന്താരാഷ്ട്രസമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചും ചിന്തിച്ചു. മതവും രാഷ്ട്രീയവും മനുഷ്യനെ ചിന്തിക്കാതെ നീങ്ങുന്നതില്‍ വ്യാകലപ്പെട്ടു. ആണവായുധങ്ങള്‍ അധികാരത്തിന്റെ ചിഹ്നമായി കൊണ്ടാടിയപ്പോള്‍ അതിന്റെ അപകടങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു.
ദക്ഷിണകൊറിയയും ഉത്തരകൊറിയയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സമാധാന നിരീക്ഷകനായി അദ്ദേഹം അവരോധിക്കപ്പെട്ടു. ആണവതര്‍ക്കം തീര്‍ക്കലായിരുന്നു അജണ്ട്. ലോകസമാധാനത്തിന്റെ ചര്‍ച്ചാവേദികളില്‍ അദ്ദേഹം ആയുധമല്ല , അത് കൊണ്ട് മുറിവേല്‍ക്കുന്ന മനുഷ്യനാണ് കേന്ദ്രബിന്ദുവെന്ന് ഓര്‍മ്മിപ്പിച്ചു. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്താരാഷ്ട്രപഠനവിഭാഗത്തിന്റെ മേധാവിയായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു.
കേരളത്തിന്റെ രാഷ്്ട്രീയമണ്ഡലത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രതിഫലിച്ചു. ഇടത് പക്ഷത്തെ മതാതീത ആത്മീയതയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മീയതയും കമ്മ്യൂണിസവും ചിന്തിക്കേണ്ടത് ഒരേ ആളുകളുടെ വിഷയമാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഡോ. പൗലോസ് മാര്‍ പൗലോസിനെപ്പോലുള്ള പുരോഹിതന്‍മാരുടെ വേറിട്ട ചിന്തകളില്‍ ഒരു ധാരയായി ഡോ. കോശിയും നടന്നു. ക്രിസ്തീയ ചിന്തകര്‍ക്ക് കമ്മ്യൂണിസം അന്യമല്ലന്ന് അദ്ദേഹം പഠിപ്പിച്ചു. മാവേലിക്കര മണ്ഡലത്തില്‍ 1999ല്‍ അദ്ദേഹം ഇടത് സ്ഥാനാര്‍ഥിയായി എത്തിയത് യാദൃശ്ചികമല്ല.
ദളിതരും പാവപ്പെട്ടവരുമായ ആളുകളുടെ ജീവിതസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും അന്താരാഷ്ട്രവേദിയില്‍ യുദ്ധമില്ലാത്ത കാലം സ്വപ്‌നം കാണുന്നതും ഇടത്പക്ഷത്തിന്റെയും ക്രിസ്ത്യാനിറ്റിയുടെയും പൊതു ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് ബൈബിളും ദാസ് ക്യാപിറ്റലും അദ്ദേഹം ഒരേ പോലെ ഉദ്ധരിച്ചു. ആണവനിരോധന കരാര്‍ എല്ലാ പഴുതുകളും തീര്‍ത്ത് സഫലമാക്കുന്നതാണ് അദ്ദേഹം എന്നും സ്വപ്‌നം കണ്ടത്.
crtsy-The Mathrubhumi
No comments:
Post a Comment