Translate

Tuesday, October 8, 2013

സഭയ്‌ക്കെതിരെ പുസ്തകമെഴുതിയ റിട്ട.പ്രൊഫസര്‍ക്ക് പള്ളിയില്‍ ശവസംസ്‌കാരം നിഷേധിച്ചു


തൊടുപുഴ: സഭയ്‌ക്കെതിരെ പുസ്തകമെഴുതിയ റിട്ട. പ്രൊഫസര്‍ക്ക് പള്ളിയില്‍ ശവസംസ്‌കാരം നിഷേധിച്ചു. തൊടുപുഴ മുട്ടം ചുവന്നപ്ലാക്കല്‍ പ്രൊഫ.സി.സി.ജേക്കബ്ബി(64)ന്റെ ശവസംസ്‌കാരം എള്ളുമ്പുറം സെന്‍റ്മത്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍ നടത്തുന്നതിനാണ് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടത്തേണ്ടിവന്നു.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രണ്ടുവട്ടം സിന്‍ഡിക്കേറ്റ് അംഗമായും ഒരു പ്രാവശ്യം സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള പ്രൊഫസര്‍ രാഷ്ട്രീയ-സാമുദായിക രംഗങ്ങളിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജിലെ ചരിത്രവിഭാഗം മേധാവിയായിരുന്നു.

2008ല്‍ പ്രൊഫ. ജേക്കബ് എഴുതിയ 'ജലസ്‌നാനം-ഒരുപഠനം' എന്ന ഗ്രന്ഥത്തില്‍ സഭയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായതാണ് പ്രകോപനമെന്ന് കരുതുന്നു. ഞായറാഴ്ച വീട്ടുവളപ്പില്‍ നടന്ന ശവസംസ്‌കാരം ക്രൈസ്തവ ശുശ്രൂഷകള്‍ അനുസരിച്ചായിരുന്നു. പ്രൊഫസറുടെ ബന്ധുക്കളായ വൈദികരടക്കം നിരവധിപേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വിശ്വാസിയായ ഒരാള്‍ക്ക് അന്ത്യനിദ്രപോലും നിഷേധിച്ചതിനെതിരെ സഭയിലും പുറത്തും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

എള്ളുമ്പുറം സെന്‍റ് മത്യാസ് സി.എസ്.ഐ പള്ളിയില്‍ ശവസംസ്‌കാരം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല. പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ അടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സഭയും ബിഷപ്പും ഉറച്ചുനിന്നു. ഇതെത്തുടര്‍ന്ന് മൂന്നുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.

മുട്ടം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള പ്രൊഫ. ജേക്കബ് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക രൂപവത്കരണ കമ്മിറ്റി കണ്‍വീനറും പ്രഥമ അല്‍മായ സെക്രട്ടറിയും രജിസ്ട്രാറുമായിരുന്നു. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെയും ഈസ്റ്റ് കേരള മഹായിടവകയുടെയും കൗണ്‍സില്‍ അംഗം സിനഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിനഡ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുട്ടം മണ്ഡലം മുന്‍ പ്രസിഡന്‍റുമാണ്.

അന്തിമോപചാരമര്‍പ്പിക്കാന്‍ ഗവ. ചീഫ്‌വിപ്പ് പി.സി ജോര്‍ജും സി.എസ്.ഐ സഭയിലെ ഇരുപതോളം വൈദികരും പരേതന്റെ ഭവനത്തിലെത്തിയിരുന്നു.

എള്ളുമ്പുറം ചുവന്നപ്ലാക്കല്‍ ചാക്കോയുടെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ മേലുകാവ് പള്ളിപ്പുറത്ത് പി.വി.മേരി(റിസര്‍വ് ബാങ്ക്, എറണാകുളം) രണ്ടുമക്കളുണ്ട്.

ബിഷപ്പിന് പരേതനോടുള്ള വ്യക്തിവിരോധമാണ് ശവസംസ്‌കാരം നിഷേധിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഭയ്ക്കുവേണ്ടി ഏറെക്കാര്യങ്ങള്‍ചെയ്ത വ്യക്തിയെ സഭ അപമാനിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.




courtesy-The Mathrubhumi