സൗമ്യയ്ക്ക്,
കുഞ്ഞേ, ക്രൂരമായി കൊലചെയ്യപ്പെട്ട രാത്രിയില്‍ നിരാലംബയായി നീ നിലവിളിച്ച നിലവിളികള്‍ ഒരാളും കേട്ടില്ല! (കേട്ടവരോ, നിന്റെ രക്ഷയ്‌ക്കെത്തിയുമില്ല). പക്ഷേ, നിന്റെ നിലവിളി കേരളം മുഴുവന്‍ ഏറ്റെടുത്തുവെന്ന് നിനക്കറിയാമോ? ഒരമ്മ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ അമ്മമാരും. ഒരാങ്ങള മാത്രമല്ല, കേരളത്തിലെ അച്ഛന്മാരും ആങ്ങളമാരും മുഴുവന്‍, പത്രങ്ങളും ചാനലുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ആ നിലവിളി ഏറ്റെടുത്തു. നീതിപീഠം ആ നിലവിളി കേട്ടു. ഒരു സമൂഹത്തിന്റെ ജാഗ്രതയ്ക്ക് നീതിനിര്‍വ്വഹണത്തില്‍ എങ്ങനെ പങ്കുവഹിക്കാനാവുമെന്ന് ഇന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് ബഹുമാനപ്പെട്ട കോടതി അസന്നിഗ്ധമായി വിധി പ്രസ്താവിച്ചപ്പോള്‍, ഒരു നെടുവീര്‍പ്പുപോലെ ഞങ്ങളെത്തഴുകി നീയിതിലേ കടന്നുപോയോ?
ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മുംബൈയില്‍നിന്ന് ഒരു 'വലിയ' വക്കീല്‍ വന്നപ്പോള്‍, ആരാണയാളെ നിയോഗിച്ചതെന്നും എന്താണവരുടെ താത്പര്യമെന്നും, ഗോവിന്ദച്ചാമി എന്ന 'ഒറ്റക്കണ്ണി' ഏത് ഗൂഢശൃംഖലയുടെ ഭാഗമാണെന്നും അറിയാതെ കേരളം അസ്വസ്ഥമായി.
അയാളെ രക്ഷിക്കാന്‍ ആരോ കാണിക്കുന്ന വ്യഗ്രത സമൂഹമനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. ഒടുവില്‍, എന്റെ കുഞ്ഞേ, അതിക്രൂരമായി തകര്‍ക്കപ്പെട്ടിരുന്ന നിന്റെ മൃതദേഹത്തെ സൂക്ഷ്മപരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്ന ഡോക്ടര്‍മാരിലൊരാള്‍, ഒരു ഫോറന്‍സിക് വിദഗ്ധന്‍ ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയിലെത്തിയത് ഭയവും അവിശ്വാസവും അമ്പരപ്പുമാണ് സമൂഹത്തിലുണ്ടാക്കിയത്.
എങ്കിലും സൗമ്യാ, ഇവിടെയിതാ, ബഹുമാനപ്പെട്ട കോടതി തീരെ കാലതാമസം വരുത്താതെ വളരെ മാതൃകാപരമായി, സമൂഹത്തിനാകെ ആശ്വാസം പകരുംവിധം ഒരു വിധി പറഞ്ഞിരിക്കുന്നു.
ഒരമ്മയെപ്പോലെ ഡോ. ഷേര്‍ളി നിന്റെ കവിളത്ത് തൊട്ടു. നെറുകയില്‍ സ്പര്‍ശിച്ചു. അത്രയും പഴുതടച്ച ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കോടതിയുടെ മുമ്പിലെത്തിച്ചുകൊണ്ട്, ഡോ. ഉന്മേഷിനെപ്പോലുള്ളവരുടെ ഗൂഢാലോചനകളെ ഡോ.ഷേര്‍ളി വാസു പ്രതിരോധിച്ചു.
ഇന്ന് കോടതിവളപ്പില്‍ നിന്റെ അമ്മയുണ്ടായിരുന്നു. ആ അമ്മയോടൊപ്പം കേരളത്തിലെ മുഴുവന്‍ അമ്മമാരുടെ മനഃസാക്ഷിയുമുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് നിന്റെ സഹോദരനുണ്ടായിരുന്നു. അവര്‍ നിന്റെ വിവാഹം സ്വപ്നം കണ്ടവരായിരുന്നു.
നീയൊരു വീട് വേണമെന്നാഗ്രഹിച്ചിരുന്നു. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തിരുന്നു. ഭാവനയില്‍ എത്രയോ തവണ നീയാ വീടിന്റെ പ്ലാനുകള്‍ വരച്ചുമായ്ച്ചിരിക്കണം! കുഞ്ഞേ എറണാകുളത്തുനിന്ന് ഷൊറണൂര്‍ വരെയുള്ള പാസഞ്ചര്‍ ട്രെയിനിലെ യാത്രാസമയം മുഴുവന്‍ നിനക്ക് സ്വപ്നം കാണാനുള്ളതായിരുന്നിരിക്കും. നിന്റെ വീട്, നിന്റെ മുറി, നിന്റെ വിവാഹം, നിന്റെ കുടുംബം... നിന്റെ കൊച്ചുസ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ട ഭയാനകവും അഭിശപ്തവുമായ ആ രാത്രി കേരളത്തിന്റെ ചരിത്രത്തില്‍ ആരെങ്കിലും രേഖപ്പെടുത്തിവെയ്ക്കുമോ? അത് ചരിത്രവസ്തുതയാണോ?
കുഞ്ഞേ, ഞാനിന്നലെ വായിച്ചു; പണി തീരാത്ത നിന്റെ വീട്ടില്‍ നിന്റെ വളകളും മാലകളും പൊട്ടുകളും കണ്‍മഷിയും ഉടുപ്പുകളും നിരത്തിവെച്ച്, നീയെങ്ങും പോയിട്ടില്ലെന്ന് വിശ്വസിച്ചുകൊണ്ട് നിറമിഴികളുമായി നിന്റെ അമ്മ ജീവിക്കുന്നു. എന്റെ സുന്ദരിക്കുട്ടീ, നിന്നെ പ്രസവിച്ച അന്ന് ആ അമ്മയുടെ കൈക്കുമ്പിളിലുദിച്ച നിലാവ് എത്ര വേഗം തല്ലിക്കെടുത്തപ്പെട്ടു എന്നോര്‍ക്കെ നെഞ്ചുവിലങ്ങുന്നു. ആ അമ്മയുടെ നഷ്ടം എന്തു കൊടുത്താലും നികത്താനാവില്ലല്ലോ.
-സാറാജോസഫ്