സിനിമ, സീരിയല്‍ തുടങ്ങിയവ നിഷ്കളങ്ക മനസ്സുകളെ ഇളക്കിമറിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ടെലിവിഷന്‍ ചാനലുകള്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. കുട്ടികള്‍ കാര്‍ട്ടൂണുകള്‍ക്ക് അടിമപ്പെടുമ്പോള്‍ മുതിര്‍ന്നവര്‍ സീരിയലുകളുടെ സ്വാധീനവലയത്തിലാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ജോലിയില്ലാത്ത കുടുംബിനികളും വീട്ടുജോലിക്കാരികളും മറ്റും. മുതിര്‍ന്ന പെണ്‍കുട്ടികളെയാണ് ഇതിലൊക്കെ വലിയ മാറാരോഗം ബാധിച്ചിരിക്കുന്നത്. പഠനവും ഇതര കലാവാസനകളും തഴഞ്ഞ് സെക്സിന്റെയും സ്റ്റണ്ടിന്റെയും ഫാന്റസിയുടെയും പുറകേ അവര്‍ പായുന്നു.ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രവേശനത്തോടെ, ടെലിവിഷന്‍ പരിപാടികളുടെ ശബ്ദവും ദൃശ്യഭംഗിയും ഒക്കെ മികവുറ്റതാക്കാന്‍ സാധിച്ചു.
ആവശ്യത്തിലധികം പണവും വീട്ടില്‍ സ്വകാര്യതയും വിവിധ ചാനലുകളും ഇന്റര്‍നെറ്റും രാത്രിപ്പടങ്ങളും എല്ലാം സമ്പന്നവിഭാഗത്തിലെ യുവതീയുവാക്കളെ വഴിതെറ്റിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നിവിടെ നിലനില്‍ക്കുന്നത്.
ടെലിവിഷനിലെ സീരിയല്‍ കണ്ടില്ലെങ്കില്‍ അസ്വസ്ഥതയുണ്ടാകുന്നവരും ഏതെങ്കിലും ഒരു ദിവസം കാണാന്‍ സാധിക്കാത്തവര്‍ക്ക് ഫോണ്‍വിളിച്ച് കഥ പറഞ്ഞുകൊടുക്കുന്നവരുമായ ഒരു സമൂഹം നമ്മുടെ ഇടയിലുണ്ട്. കലാബോധവും സര്‍ഗശേഷിയുമുളള ഭര്‍ത്താവ് ഷേക്സ്പിയര്‍ കൃതി വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ സീരിയല്‍ ഭ്രമം പൂമുഖമുറിയില്‍ അരങ്ങേറുന്നത്. ടി.വി.യില്‍കൂടി എത്തുന്ന പരമ്പരകളിലൂടെ സുഖദു:ഖങ്ങള്‍ പങ്കിടുന്ന അവസ്ഥ ഇന്ന് സ്ത്രീകളുടെ ഇടയില്‍ സംജാതമായിരിക്കുന്നു.
ടെലിവിഷന്‍ പരിപാടികളിലുളള അമിത താത്പര്യംമൂലം വീടുകളിലെ ‘ടൈം മാനേജ്മെന്റ്’ പലപ്പോഴും പാളിപ്പോകുന്നു. പണ്ടൊക്കെയാണെങ്കില്‍ മുറ്റത്തേക്കിറങ്ങി അയല്‍ക്കാരുമായി സൌഹൃദസംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. വീടുകള്‍ തമ്മിലുളള അടുപ്പവും വീട്ടിലുളള അംഗങ്ങള്‍ തമ്മിലുളള സംഭാഷണവും പരമ്പരകളുടെ പ്രളയത്തില്‍ ഇന്നു നഷ്ടപ്പെട്ടുപോയിരിക്കുന്നു.
കൌമാരപ്രായത്തില്‍ എന്തു ചിന്തിക്കുന്നു, എന്തു പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കുട്ടികളുടെ ഭാവി രൂപംകൊളളുന്നത്. ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടി പാതിരാത്രിയിലും ഉറങ്ങാതിരുന്ന് ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്നു. സെക്സ് ചാനലുകളില്‍ക്കൂടി കിട്ടുന്ന വികലമായ ലൈംഗിക സങ്കല്പങ്ങള്‍ ബാലമനസ്സുകളെ വേട്ടയാടുന്നു. അയലത്തെ സ്ത്രീ കുളിക്കുമ്പോള്‍ ഒളിഞ്ഞുനോക്കാന്‍ കുട്ടി നിര്‍ബന്ധിതനാവുന്നു.
ലൈംഗികത ഒരു ഉപഭോഗവസ്തു എന്ന കാഴ്ചപ്പാടാണ് മിക്ക പരിപാടികളും ജനങ്ങളിലെത്തിക്കുന്ന സന്ദേശം. പണ്ട് കുടുംബങ്ങളിലുണ്ടായിരുന്ന ശിക്ഷയും ശിക്ഷണവും കടംകഥ പറയലും ഒക്കെ ഇന്നെവിടെപ്പോയി ? കഥ പറഞ്ഞുകൊടുക്കുന്ന അമ്മയോടും മുത്തശ്ശിയോടും കുട്ടികള്‍ ജിജ്ഞാസയോടെ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അതിനുളള സമയംപോലും ഇന്നു നഷ്ടമായിരിക്കുന്നു. ചെണ്ടകൊട്ടാന്‍ ഇഷ്ടമായതുകൊണ്ട് ഒരാള്‍ ചെണ്ട വാങ്ങി എന്നിരിക്കട്ടെ. പക്ഷെ ഇത് എപ്പോഴും എടുത്തുവച്ച് കൊട്ടേണ്ട ആവശ്യമുണ്ടോ? ഇതുപോലെയാണ് ടെലിവിഷന്റെ കാര്യവും.
സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഗാനചിത്രീകരണ രംഗങ്ങളും പ്രതിലോമവാസനകളെ മഹത്വവത്ക്കരിക്കുന്ന പരമ്പരകളും നമ്മുടെ കുടുംബാ ന്തരീക്ഷത്തില്‍ ടെലിവിഷന്‍ എത്തിക്കുന്ന സാംസ്കാരിക സന്ദേശങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.ചില പ്രത്യേക പരമ്പരകള്‍ കാണുന്നതുമൂലം കുട്ടികള്‍ക്ക് പേടിസ്വപ്നങ്ങളുണ്ടാകുന്നു. കാലു നിലത്തുമുട്ടാതെ ആളുകള്‍ നടക്കുന്ന രംഗങ്ങള്‍ കുട്ടികളില്‍ പേടിയുളവാക്കും. കുഞ്ഞുമനസ്സിന് കഥകള്‍ ഇഷ്ടമാണ്. യക്ഷിക്കഥകള്‍ പോലും. പേടിച്ചുപേടിച്ചാണ് കുഞ്ഞുങ്ങള്‍ യക്ഷിക്കഥകള്‍ കാണുന്നത്. ഒപ്പുകടലാസ്സുപോലെ ഒപ്പിയെടുക്കുന്ന കുഞ്ഞുമനസ്സുകളുടെ ആരോഗ്യം വളര്‍ത്തുന്ന പരിപാടികളായിരിക്കണം കുട്ടികള്‍ കാണേണ്ടത്.
ടെലിവിഷനിലെ പരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയൊരു ആഹാരക്രമം വളര്‍ത്തി യെടുക്കുന്ന തലത്തില്‍ വരെ ടെലിവിഷന്റെ സ്വാധീനം എത്തിനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആഹാരം കഴിക്കുന്നത് പരസ്യം കണ്ടുകൊണ്ടിരിക്കുമ്പോഴാണ്.അനുകരണഭ്രമത്തിനും ആഡംബരജീവിതത്തിനും ടെലിവിഷന്‍ സജ്ജമാക്കുന്ന മാതൃകകള്‍ ഒരു അയഥാര്‍ത്ഥ ജീവിതസങ്കല്പം കരുപ്പിടിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്.
ടെലിവിഷന്‍ കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ പല സമയത്തായി ടിവി കാണുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല. ഒരു സാധാരണ ടിവിയുടെ സ്ക്രീനില്‍ നിന്നും മൂന്നുമീറ്ററെങ്കിലും അകലത്തില്‍ ഇരുന്നുവേണം ടി.വി. കാണാന്‍. സ്ക്രീനിന് പല അളവുകളുളള ടിവികളുണ്ടല്ലോ. പൊതുവില്‍ പറഞ്ഞാല്‍, ടെലിവിഷന്‍ സ്ക്രീനിന്റെ കോണോടുകോണായ നീളത്തിന്റെ അഞ്ചുമടങ്ങ് ദൂരെ മാറിയിരുന്നു ടിവി കാണുകയാണ് ഉചിതം.
ടെലിവിഷന്‍ കാണുമ്പോള്‍ മുറിയില്‍ സാമാന്യം വെളിച്ചമുണ്ടായിരിക്കണം. രാത്രിയില്‍ ലൈറ്റ് അണച്ചിരുന്ന് ഒരു കാരണവശാലും ടി.വി കാണരുത്.
കണ്ണട ആവശ്യമുളളവര്‍, ടിവി കാണുമ്പോഴും കണ്ണട ഉപയോഗിക്കണം. അടുത്തു നിന്ന് ടി.വി കാണുന്നതിനും കൂടെക്കൂടെ ചാനലുകള്‍ മാറ്റുന്നതിനും കുട്ടികളെ അനുവദിക്കരുത്. ഇത് കണ്ണിന് ആയാസമാണെന്നോര്‍ക്കുക. ചാനലുകള്‍ മാറ്റുമ്പോള്‍ അതിലെ ദൃശ്യങ്ങളും വെളിച്ചവും വ്യത്യസ്തമായിരിക്കും.
രാത്രിയില്‍ ഉറക്കക്കുറവാണ്, കണ്ണില്‍ക്കൂടി വെളളംവരുന്നു, കണ്ണില്‍ പൊടി കിടക്കുന്നതുപോലെ കരുകരുപ്പ് തോന്നുന്നു തുടങ്ങിയ പരാതികളുമായി ധാരാളം രോഗികള്‍ ഡോക്ടറെക്കാണാന്‍ എത്താറുണ്ട്.
ഇമവെട്ടാതെ ടി.വി. യിലേക്ക് വളരെ ശ്രദ്ധിച്ചു നോക്കിയിരിക്കുന്നവര്‍ക്ക് കണ്ണുനീരിന്റെ ബാഷ്പീകരണംമൂലം കണ്ണിന് വരള്‍ച്ച അനുഭവപ്പെടുന്നു. നാല്പതുവവയസ്സ്് കഴിഞ്ഞവരിലാണ് ഇതു പ്രകടമാകുന്നത്.
കുറെസമയം ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അല്പസമയം കണ്ണടച്ച് കണ്ണിനു വിശ്രമം കൊടുക്കുന്നത് നല്ലതാണ്. കണ്‍പോളകള്‍ സാധാരണരീതിയില്‍ അടയ്ക്കുക യും തുറക്കുകയും ചെയ്യുമ്പോള്‍ കണ്ണുനീര്‍ കണ്ണിലെല്ലായിടത്തും വ്യാപിക്കുകയും കണ്ണിന്റെ സുതാര്യത നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു.
ടിവി സ്ക്രീനിലുളള വെളിച്ചത്തിന്റെ തോതും നിറത്തിന്റെ അളവും കണ്ണിന് സുഖകരമായ രീതിയില്‍ ക്രമീകരിച്ചുവയ്ക്കണം.മിക്ക ടി.വി സ്ക്രീനിനും ‘ആന്റിഗ്ളെയര്‍ പ്രോപ്പര്‍ട്ടി’ അഥവാ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തെ പ്രതിരോധിക്കുന്ന ഗുണം ഉണ്ടായിരിക്കും.ഇതില്ലെങ്കില്‍ നാം ധരിക്കുന്ന കണ്ണടയില്‍, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തെ പ്രതിരോധിക്കുന്ന ഗുണം കൊടുക്കാന്‍ പറ്റും.
കണ്ണ് ചരിച്ചുപിടിച്ചുനോക്കുക, ചുരുക്കിപ്പിടിച്ചുനോക്കുക, ടി.വി സ്ക്രീനിന്റെ അടുത്തുപോയി നോക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കണ്ണിനുളള അസുഖത്തെ ചൂണ്ടിക്കാട്ടുന്നവയാണ്.
സാധാരണ ഗതിയില്‍ പ്രകടമാകാത്ത കോങ്കണ്ണും ടെലിവിഷന്‍ ശ്രദ്ധിച്ചു നോക്കി,ക്കാണ്ടിരിക്കുമ്പോള്‍ പ്രകടമാകാറുണ്ട്. കോങ്കണ്ണുണ്ടോ എന്നറിയാന്‍ ടെലിവിഷന്‍ കാണുന്ന കുട്ടിയെ നിരീക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ സാധാരണയായി ഉപദേശിക്കാറുളളത്.
നമ്മുടെ കണ്ണിന്റെ നിരപ്പില്‍ ആയിരിക്കണം ടി.വി.യുടെ സ്ഥാനം കണ്ണ്് ഉയര്‍ത്തി നോക്കാനോ താഴേയ്ക്കു നോക്കി ടിവി കാണാനോ ശ്രമിക്കരുത്.
ടെലിവിഷന്‍ സ്ക്രീനില്‍ വെട്ടലോ ഗ്രെയിന്‍സോ ഉളളപ്പോള്‍ കാണുന്നത് അപസ്മാരത്തിന്റെ പ്രവണതയുളള കുട്ടികള്‍ക്ക് അതു പ്രത്യക്ഷപ്പെടാനിടയാക്കും.
ടെലിവിഷന്‍ പ്രയോജനപ്പെടുത്തുക
യോഗ ക്ളാസ്സുകള്‍, പാചക ക്ളാസ്സുകള്‍, ഗാര്‍ഡനിംഗ്, ആരോഗ്യ പരിപാടികള്‍, വാര്‍ത്തകള്‍, ശാസ്ത്രപരിപാടികള്‍ തുടങ്ങി വളരെയധികം അറിവുകള്‍ പകര്‍ന്നു നല്‍കുന്ന നിരവധി പ്രോഗ്രാമുകള്‍ ടിവിയില്‍ കൂടി പ്രേക്ഷകര്‍ക്കു ലഭിക്കുന്നു. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ടെലിവിഷന്‍ ഒരു ഉത്തമ മാധ്യമം തന്നെയാണ്. സംശയമില്ല.
crtsy-madhyamam