Translate

Tuesday, October 18, 2011

സാന്ത്വന സ്‌പര്‍ശവുമായി യൂത്ത് ഫെലോഷിപ്പ്‌

സാന്ത്വന സ്‌പര്‍ശവുമായി യൂത്ത് ഫെലോഷിപ്പ്‌

കോഴിക്കോട്: വെള്ളത്തുള്ളികള്‍ ദേഹത്ത് വീണപ്പോള്‍ ലിഗേഷിന്റെ ശരീരമാകെ കുളിരുകൊണ്ടു. എന്നിട്ട് എല്ലാവരെയും നോക്കി അവന്‍ പുഞ്ചിരിച്ചു. കാരണം കുളി ഈ യുവാവിന് വളരെ കാലത്തിനുശേഷമുള്ള ഒരനുഭവമായിരുന്നു. മഴ പെയ്യുമ്പോള്‍ മാത്രമാണ് ലിഗേഷിന്റെ ദേഹം നനയാറുള്ളത്. പിന്നെ നാളുകള്‍ക്കുശേഷം നനഞ്ഞത് ചൊവ്വാഴ്ച യൂത്ത് ഫെലോഷിപ്പ് അധികൃതര്‍ കുളിപ്പിച്ചപ്പോഴായിരുന്നു. ലിഗേഷിന്റെ ജട പിടിച്ച താടിയും മുഷിഞ്ഞ അവസ്ഥയുമെല്ലാം മാറ്റി ഒരു പുതിയ ആളായി അവനെ മാറ്റിയെടുത്തു.


കുറച്ചുമുമ്പ് കണ്ടയാളല്ലല്ലോ എന്നായിരുന്നു കുളിച്ച് വൃത്തിയായതിനുശേഷം ലിഗേഷിനെ കണ്ട സി.എസ്.ഐ. പരിസരത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയുമെല്ലാം പ്രതികരണം. കാരണം ജട നീട്ടി വളര്‍ത്തിയ മുടിയും അഴുക്കു പിടിച്ച വസ്ത്രങ്ങളുമായി മനോനില തെറ്റിയ യുവാവിനെയാണ് ആളുകള്‍ക്കെല്ലാം പരിചയം. മാനാഞ്ചിറ സി.എസ്.ഐ. കത്തീഡ്രലിനു കീഴിലുള്ള യൂത്ത് ഫെലോഷിപ്പ് പ്രവര്‍ത്തകരാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലിഗേഷിനെ കുളിപ്പിച്ച് വൃത്തിയാക്കിയത്. പുതിയ ചെരിപ്പും വസ്ത്രങ്ങളും നല്‍കുകയൂം ചെയ്തു. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ താത്പര്യപ്പെടുന്നതായി ഫെലോഷിപ്പ് ഭാരവാഹികള്‍ പറഞ്ഞു.


യൂത്ത് ഫെലോഷിപ്പ് ഭാരവാഹികളായ സുനീത് പുളിക്കല്‍, ബിനല്‍, റാന്‍ഡോള്‍ഫ് വിന്‍സന്റ്, പ്രഫിന്‍, കിരണ്‍, ഷിനോയ്, റെയ്മണ്‍ എന്നിവരാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

courtesy-The Mathrubhumi Daily

No comments: