കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞു നില്‍ക്കുന്നു: മാര്‍ ക്രിസോസ്റ്റം
Posted on: 03-Dec-2011 12:36 AM
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞുനില്‍ക്കുകയാണെന്നും കേരള ഹൈക്കോടതി ഇടപെട്ടതുപോലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയും മന്‍മോഹന്‍സിങ്ങും ഇടപെടുന്നില്ലെന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ജനജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എണീറ്റുനടക്കാന്‍ പറ്റാത്ത എന്നേക്കാളും പ്രായമുള്ള ഡാമിന് ബലക്ഷയമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഡാമിന്റെ വിള്ളലിനെ ഭയപ്പെടുന്നില്ല. എന്നാല്‍ ഭൂമികുലുക്കത്തെ അതിജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. തമിഴ്സഹോദരങ്ങള്‍ക്ക് കൃഷിചെയ്യാന്‍ വെള്ളം നല്‍കണം. അതോടൊപ്പം കേരളത്തിലുള്ളവരുടെ ജീവനും സുരക്ഷയും പ്രധാനമാണ്. കൃഷി മതി, ആളുകളുടെ ജീവന്‍ പ്രശ്നമല്ല എന്ന നിലപാട് തെറ്റാണ്. ഈ മാസം പതിനഞ്ചിനകം പുതിയ ഡാമിന്റെ പണി തുടങ്ങണം. ഈ ആവശ്യത്തില്‍ കേരളജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയരക്ഷയ്ക്ക് പ്രതിരോധിക്കേണ്ട സാഹചര്യമാണ്. ഡാം തകര്‍ന്നാല്‍ ഏഴുസെക്കന്‍ഡിനുള്ളില്‍ 35 ലക്ഷം ആളുകളായിരിക്കും വെള്ളപ്പാച്ചിലിന്റെ ഇരയാകുക. എല്‍ഡിഎഫ് എട്ടിന് നടത്തുന്ന മനുഷ്യമതിലില്‍ ആംഗ്ലിക്കന്‍ സഭയും താനും അണിചേരും-ആര്‍ച്ച് ബിഷപ് പറഞ്ഞു. പരസ്പരസൗഹാര്‍ദം നിലനിര്‍ത്തി തമിഴ്ജനതയെ പുതിയ ഡാം നിര്‍മിക്കുന്നതിനായി ബോധവല്‍ക്കരിക്കണമെന്ന് സിഎസ്ഐ ബിഷപ് സാം മാത്യു പറഞ്ഞു. കാലപരിധികഴിഞ്ഞ ഡാം തകരില്ലെന്നുള്ള തമിഴ്നാടിന്റെ വാദം പ്രബുദ്ധകേരളത്തിന് അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു. ഭീതിജനകമായ സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നതെന്ന് കോട്ടയം പുത്തന്‍പള്ളി ഇമാം താഹാ മൗലവി പറഞ്ഞു. ഡാം പണിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാങ്കേതികകാര്യങ്ങളും അഭിപ്രായങ്ങളും പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറെന്ന വലിയ വിപത്തിനെ നേരിടാന്‍ വിഭാഗീയതയും പക്ഷഭേദങ്ങളും മറന്ന് ഒന്നിക്കണമെന്ന് സ്വാമി ധര്‍മചൈതന്യയതി പറഞ്ഞു. ഫാ. തോമസ് തറയില്‍ , ഫാ. സി ഒ ജോര്‍ജ്, അയ്യപ്പസേവാസംഘം പ്രസിഡന്റ് ദാസപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് ജാഗ്രതാസദസ്സില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ സ്വാഗതം പറഞ്ഞു
1 comment:
Dear brotheren,
Take a printout and send to our bishop.please
Post a Comment