Translate

Monday, December 12, 2011

STORY OF A LADY DIGS GRAVE FOR OTHERS-MUST READ

‎''ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല.

ഞാന്‍ നിങ്ങളുടെ അടുത്തേക്ക്‌ വരും.

അല്‍പസമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ

കാണുകയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ കാണും.

ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും.''

(യോഹന്നാന്റെ സുവിശേഷം, പതിനാലാം അധ്യായം 18 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍)

മരിച്ചവരെ അനാഥരായി വിടാതെ അവര്‍ക്ക്‌ ആറടി മണ്ണൊരുക്കി കാത്തിരിക്കുകയാണ്‌ എറണാകുളം പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയുടെ കാവലാളായ ബേബിച്ചേച്ചി.

ലോകത്ത്‌ ഒരിടത്തും സെമിത്തേരിയുടെ കാവലാളായി ഒരു സ്‌ത്രീ ഉണ്ടാകാനിടയില്ല. മുപ്പത്തിയേഴുവര്‍ഷമായി ബേബിച്ചേച്ചി മഞ്ഞുമാതാ പള്ളിയിലെ സെമിത്തേരിയില്‍ കുഴിവെട്ടു തുടങ്ങിയിട്ട്‌. പുരുഷന്മാര്‍പോലും മൂക്കറ്റം മദ്യപിച്ചു ചെയ്യുന്ന പണി ബേബിച്ചേച്ചിക്ക്‌ ഉപജീവനമാര്‍ഗമാണ്‌. ഇതുവരെ എത്ര കുഴിവെട്ടിയിട്ടുണ്ടെന്നു ചോദിച്ചാല്‍ അമ്പത്തിനാലുകാരിയായ ബേബിച്ചേച്ചി ഒന്നാലോചിക്കും. ''ഏകദേശം പതിനയ്യായിരം കഴിഞ്ഞിട്ടുണ്ട്‌.''

ആകെയുള്ള മഞ്ഞുമാതാ പള്ളിയിലെ പത്തു സെന്റ്‌ സ്‌ഥലത്താണ്‌ ഇത്രയധികം കുഴികള്‍. ആ കുഴികളില്‍ പത്രോസും വര്‍ഗീസും ജോസഫും തോമസും മേരിയും സാറാമ്മയും ത്രേസ്യയും. അങ്ങനെ നാട്ടിലെ പല പരിചിതമുഖങ്ങളും അന്തിയുറങ്ങുന്നു.

പതിനേഴാം വയസിലാണ്‌ ആദ്യ കുഴി വെട്ടുന്നത്‌. പ്രതിഫലം ഏഴരരൂപ. ഒരാഴ്‌ച മുമ്പാണ്‌ കളത്തില്‍പറമ്പില്‍ ദേവസ്യ ഭാര്യ വിക്‌ടോറിയക്ക്‌ ബേബി ചേച്ചി അവസാനകുഴി വെട്ടിയത്‌. പ്രതിഫലം അഞ്ഞൂറുരൂപ. ഏഴരരൂപയില്‍നിന്ന്‌ അഞ്ഞൂറുരൂപയുടെ യാത്രയ്‌ക്കിടയില്‍ ബേബിച്ചേച്ചി മരണത്തിന്റെ പല മുഖങ്ങളും കണ്ടു, ജീവിതത്തിന്റെ നിസഹായാവസ്‌ഥകള്‍ തിരിച്ചറിഞ്ഞു, അനുഭവിച്ചു. ആരോടും പരാതി പറഞ്ഞില്ല. സ്‌ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നവരും പുരുഷമേധാവിത്തത്തെ വെല്ലുവിളിക്കുന്നവരും പുരുഷന്മാര്‍പ്പോലും ഭയപ്പാടോടെ ചെയ്യുന്ന ഈ ജോലി അഭിമാനത്തോടെ നിറവേറ്റുന്ന നമ്മുടെ ബേബിച്ചേച്ചിയെ ഇതുവരെ കണ്ടിട്ടില്ല. അല്ലെങ്കിലും നമ്മുടെ സമുഹത്തില്‍നിന്ന്‌ ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കാനും കഴിയില്ലല്ലോ?...

മരണത്തിനു കുഴിവെട്ടി ജീവിതം

ഏകദേശം മുപ്പത്തിയേഴുവര്‍ഷം മുമ്പ്‌, മഞ്ഞുമാതാ പള്ളിയിലെ കുഴിവെട്ടുകാരിയായിരുന്ന അമ്മ കുഞ്ഞമ്മയെ സഹായിക്കാനാണ്‌ ബേബി സെമിത്തേരിയില്‍ എത്തിയിരുന്നത്‌.

ആദ്യദിവസം അമ്മ പഴയ ശവക്കുഴി തുറക്കുന്നതു കണ്ടപ്പോള്‍ ബേബിയെന്ന പാവാടക്കാരി പെണ്‍കുട്ടിയുടെ ഉള്ളം പിടച്ചു. കുഴിയില്‍ മണ്ണോടു പൂര്‍ണമായും അലിഞ്ഞുചേരാത്ത ചീഞ്ഞളിഞ്ഞ മനുഷ്യശരീ

രം. അതിന്റെ ദുര്‍ഗന്ധം. ചിതറിക്കിടക്കുന്ന അസ്‌ഥിക്കൂടങ്ങള്‍. ദ്രവിക്കാത്ത വസ്‌ത്രങ്ങള്‍. ഇഴഞ്ഞുവരുന്ന പാറ്റ, ഇരുതലമൂരി തുടങ്ങിയ ഇഴജന്തുക്കള്‍....

സെമിത്തേരിയിലെ ഭയക്കുന്ന കാഴ്‌ചയില്‍ ആ പതിനേഴുകാരി അമ്മയെ വിട്ടു വീട്ടിലേക്ക്‌ ഓടി. സെമിത്തേരിയിലെ കാഴ്‌ചകള്‍കണ്ട്‌ ഭയന്നുള്ള ആദ്യത്തെയും അവസാനത്തെയും ഓട്ടമായിരുന്നു അത്‌. ഒരു ആണ്‍കുട്ടിയുടെ മനസില്‍പോലും ഭയമുണരാന്‍ മതിയാകുന്ന കാഴ്‌ചകള്‍ ജീവിത പ്രാരാബ്‌ധങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ബേബിയെ പിന്നെ തളര്‍ത്തിയില്ല.

അമ്മയ്‌ക്കു വയ്യാതായതോടെ ബേബി പാരമ്പര്യം കൈയിലേല്‍പ്പിച്ച മണ്‍വെട്ടിയുമായി മഞ്ഞുമാതാ പള്ളിയുടെ സെമിത്തേരിയിലേക്കു നടന്നു. മഞ്ഞുള്ള പ്രഭാതങ്ങളോ വെയിലുള്ള ഉച്ചകളോ കരിയിലപോലും അനങ്ങാത്ത സന്ധ്യകളോ പിന്നെ ബേബിയെ അസ്വസ്‌ഥപ്പെടുത്തിയില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും. മരിച്ചാല്‍ ഓരോരുത്തരും ആറടി മണ്ണിന്റെ ജന്മികളാണ്‌. ആ ആറടിപോലും ആര്‍ക്കും സ്വന്തമല്ല. മാസങ്ങള്‍ കഴിയുംമുമ്പേ മുകളില്‍ മറ്റൊരു മരിച്ച മനുഷ്യശരീരമെത്തും. പിന്നെയും അതുതന്നെ ആവര്‍ത്തിക്കും. അവര്‍ക്കെല്ലാം സെമിത്തേരിയില്‍ അന്ത്യവിശ്രമംകൊള്ളാന്‍, ഏതു കുഴിയില്‍ അടക്കണമെന്നു മനക്കണക്കുകൂട്ടി ബേബി ചേച്ചി മണ്‍വെട്ടികൊണ്ട്‌ ആഞ്ഞുവെട്ടും. ആറടിമണ്ണിനു വേണ്ടതു മുക്കാല്‍ മണിക്കൂറിന്റെ അധ്വാനം.

''ജീവിക്കണമെങ്കില്‍ നമ്മള്‍ പലതും സഹിക്കണം''

ബേബിയുടെ ചെറുപ്പത്തിലേ അപ്പന്‍ ചവരോ മരിച്ചുപോയിരുന്നു. അമ്മയുടെ തണലിലായിരുന്നു പിന്നെ ബേബിയുടെ ജീവിതം. രോഗബാധിതയായ അമ്മ തന്റെ കാലശേഷം മകള്‍ക്കു ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നു തിരിച്ചറിഞ്ഞ്‌ പറഞ്ഞു. ''ബേബി മോളേ, ജീവിക്കണമെങ്കില്‍ നമ്മള്‍ പലതും സഹിക്കണം. പലതും കേട്ടില്ലെന്നു നടിക്കണം. ചിലതെല്ലാം കണ്ടില്ലെന്നും.''

അമ്മയുടെ ആ വാക്കുകളാണ്‌ ജീവിതയാത്രയിലെ ബേബിയുടെ എപ്പോഴത്തെയും വേദവാക്യം.

ചിലദിവസങ്ങളില്‍ നാലു കുഴികള്‍ വരെ ബേബി കുത്താറുണ്ട്‌. അന്നു വരുമാനംകൂടും. എന്നുകരുതി ഇടവകയില്‍ ഇന്ന്‌ ആരെങ്കിലും ഒന്നു മരിക്കണേ എന്നു പ്രാര്‍ഥിക്കാന്‍ കഴിയില്ലല്ലോ? അടുത്ത പള്ളികളിലെ സെമിത്തേരിയില്‍ കുഴിവെട്ടുന്നതു പുരുഷന്മാരാണ്‌. അവര്‍ക്കറിയാം ചില കുഴികള്‍ തുറന്നാല്‍ അതില്‍ മണ്ണോടുചേരാത്ത മൃതദേഹങ്ങള്‍ കാണുമെന്ന്‌. അപ്പോള്‍ അവര്‍ ബേബിയെ വിളിക്കും. ഉപജീവന മാര്‍ഗത്തിനുമപ്പുറമാണ്‌ ബേബിക്ക്‌ ഈ കുഴിവെട്ടലെന്ന്‌ അവര്‍ക്കറിയാം. അത്യപൂര്‍വമായ തന്റെ ജീവിതവേഷത്തിന്റെ നിയോഗം ബേബി തിരിച്ചറിഞ്ഞിട്ടുണ്ട്‌. മൊബൈലുണ്ടെങ്കിലും മൊബൈലില്‍ വിളിച്ചു പറഞ്ഞാലൊന്നും ബേബി വരില്ല. മരിച്ചവരുടെ ഉറ്റവര്‍ നേരിട്ടു വീട്ടിലെത്തി വിവരമറിയിക്കണം. മരിച്ചശേഷമുള്ള അടിയന്തിരത്തിനും ചിലര്‍ വിളിക്കും. ചിലപ്പോള്‍ പോകും. ''എങ്കിലും ഇതുവരെ എന്റെ മരിച്ച ബന്ധുക്കള്‍ക്കായി ഞാന്‍ കുഴി കുത്തിയിട്ടില്ല. അതെനിക്കു വയ്യ. ചിലപ്പോള്‍ പുതിയൊരു കുഴിയെടുക്കുമ്പോള്‍ ആ കുഴിയില്‍ അടക്കം ചെയ്‌ത ബന്ധുമിത്രാദികളുടെ അസ്‌ഥിപഞ്‌ജരങ്ങള്‍ കാണാറുണ്ട്‌. അപ്പോള്‍ ഒരു നിമിഷമോര്‍ക്കും. അത്രയുമുള്ളൂ, ഓരോ മനുഷ്യന്റെയും കാര്യം.''

പരേതാത്മാക്കള്‍ പലവിധം

ഒരേപോലെ ആരും മരിക്കാറില്ലല്ലോ? മരണം പലര്‍ക്കും പല രീതിയില്‍, പല പ്രായത്തില്‍, പല സമയങ്ങളിലായിരിക്കും സംഭവിക്കുക. ഭൂമിയില്‍ കോടികളുടെ ഉടമയും ഉപജീവനത്തിനു മാര്‍ഗമില്ലാത്ത ദരിദ്രനും എല്ലാം ഒടുവിലെത്തുന്നത്‌ ആറടി മണ്ണിലേക്കാണ്‌. ''കത്തിക്കരിഞ്ഞവര്‍, തൂങ്ങിമരിച്ചവര്‍, അപകടമരണം സംഭവിച്ചവര്‍, രോഗബാധിതരായി മരിച്ചവര്‍, കുഞ്ഞുങ്ങള്‍, പ്രായംചെന്നു മരിക്കുന്നവര്‍ അങ്ങനെ പലതരത്തില്‍ ഇഹലോകവാസം വെടിയുന്നവര്‍ക്കായാണ്‌ കുഴിവെട്ടുന്നത്‌. എല്ലാവര്‍ക്കും ആറടി മണ്ണുതന്നെ അളവ്‌. കുഴിവെട്ടാന്‍ വിളിക്കാന്‍ വരുമ്പോള്‍ എല്ലാവരും ചേച്ചീന്ന്‌ സ്‌നേഹത്തോടെ വിളിക്കും. മാറിനിന്ന്‌ എന്താണ്‌ എന്നെ വിളിക്കുന്നതെന്നറിയില്ല. ഇപ്പോള്‍ ദ്രവിക്കാത്ത തരത്തിലുള്ള മഞ്ചപ്പെട്ടികളില്‍ അടക്കം ചെയ്യാറുണ്ട്‌. പോളിയെസ്‌റ്റര്‍ വസ്‌ത്രങ്ങള്‍ ധരിപ്പിക്കാറുണ്ട്‌. ചിലതെല്ലാം എംബാം ചെയ്‌തവയായിരിക്കും. അങ്ങനെവരുമ്പോള്‍ ജോലി അല്‍പം കാഠിന്യമുള്ളതാകും. ഇതെല്ലാം എനിക്കു ദൈവശുശ്രൂഷയുടെയും മരണശുശ്രൂഷയുടെയും ഭാഗംതന്നെയാണ്‌. അതിനാല്‍ ഈ ജോലി ചെയ്യുന്നതിന്‌ എനിക്കു യാതൊരു അഭിമാനക്കുറവുമില്ല.''

അതു പറയുമ്പോള്‍ മുഖത്ത്‌ ഒരുപാടു ജീവിതം കണ്ട ഭാവം.

''ഒരു ശവക്കുഴി വെട്ടുകാരിക്ക്‌ ആരാണ്‌ ജീവിതം തരിക?''

പള്ളിപ്പുറം മഞ്ഞുമാതാപള്ളിക്കു കീഴില്‍ പലരും ജനിക്കുകയും മരിക്കുകയും ചെയ്‌തു. കാലം ഒരുപാടു കടന്നുപ്പോയി. മറ്റെല്ലാ പെണ്‍കുട്ടികളെ പോലെ വര്‍ണസ്വപ്‌നങ്ങളുമായി ബേബിയെന്ന പതിനേഴുകാരി പാവടക്കാരി പെണ്‍കുട്ടി ഒരുപാടുവളര്‍ന്നു.

ബേബിചേച്ചിക്ക്‌ അപ്പോള്‍ നാല്‍പത്തിനാലു വയസ്‌ പ്രായം.... ''ഒരു ശവക്കുഴി വെട്ടുകാരിക്ക്‌ ആരാണു ജീവിതം തരിക?'' എന്ന ചിന്തകള്‍ ബേബിച്ചേച്ചിയെ നയിച്ചകാലം. അങ്ങനെയിരിക്കുന്ന സമയമാണ്‌ ഓച്ചന്തുരുത്തിലെ കയര്‍ സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന പുഷ്‌കിന്റെ മനസില്‍ ബേബിച്ചേച്ചി ഇടംപിടിച്ചത്‌. പ്രണയത്തിനു പ്രായമില്ലല്ലോ?...പുഷ്‌കിനാകട
്ടെ ഹിന്ദു സമുദായത്തില്‍പ്പെട്ടയാളും. പുഷ്‌കിന്‍ ചോദിച്ചു ''ഞാന്‍ നിനക്കൊരു ജീവിതം തരട്ടേ?''

നാടും പള്ളിയും അമ്പരന്നു. നാട്ടുകള്‍ മൂക്കത്തു കൈവച്ചു. ഒരു ക്രിസ്‌ത്യാനി സ്‌ത്രീയെ ഒരു അന്യമതക്കാരന്‍, അതും സെമിത്തേരിയുടെ കാവലാളെ...

''നല്ല മനുഷ്യന്‍. സാധാരണ ആണുങ്ങള്‍ക്കു തോന്നാത്തതു തോന്നിയല്ലോ. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ പിന്നെ അദ്ദേഹം മതംമാറി പുഷ്‌കിന്‍ ആന്റണിയെന്ന പേരു സ്വീകരിച്ചത്‌. ഇപ്പോള്‍ അദ്ദേഹത്തിനു കാന്‍സറാണ്‌. ഓപ്പറേഷന്‍ കഴിഞ്ഞു വിശ്രമത്തിലാണ്‌. പലരും സഹായിച്ചതുകൊണ്ട്‌ ചികില്‍സാച്ചെലവും മറ്റും നടന്നു. ഇനിയും നല്ലൊരു തുക വേണം. സഹോദരിയുടെ മകളുടെ മകന്‍ ജോയല്‍ എല്ലാ പിന്തുണയുമായി കൂടെയുള്ളതാണ്‌ ഏക ആശ്രയം.''

ബേബി-പുഷ്‌കിന്‍ ദമ്പതികള്‍ക്കു കുട്ടികളില്ല. അന്നുമിന്നും പുഷ്‌കിന്റെ വീട്ടുകാരുടെ മനസിന്റെ പടിക്കുപുറത്താണ്‌ ഈ ദമ്പതികള്‍. കാന്‍സറാണെന്നറിഞ്ഞിട്ടും ആരും ഒന്നു തിരിഞ്ഞുനോക്കാത്തതില്‍ ബേബിക്കു സങ്കടമുണ്ട്‌.

മഞ്ഞുമാതാ പള്ളിക്ക്‌ 500 വര്‍ഷത്തെ ചരിത്രമുണ്ട്‌. ഡച്ചുകാരാണ്‌ ഈ പള്ളി പണികഴിപ്പിച്ചത്‌. ആ ചരിത്രത്തിന്റെ ഒപ്പമാണ്‌ ബേബിച്ചേച്ചിയുടേയും യാത്ര. മരിച്ച മനുഷ്യന്റെ ആത്മാവ്‌ സ്വര്‍ഗത്തിലോ നരകത്തിലോ പോകുന്നതെന്ന കാര്യം അവിടെ നില്‍ക്കട്ടെ....

ഒന്നു പറയാം. നമ്മള്‍ മണ്ണില്‍ ലയിക്കേണ്ടവരാണ്‌. മരിച്ചവരെ യാത്രയാക്കാന്‍ മഞ്ഞുമാതാ പള്ളിയിലെ മണികള്‍ മുഴങ്ങുന്നതിനു മുമ്പ്‌... പ്രാര്‍ഥന ഉയരുന്നതിനുമുമ്പ്‌... ആറടിമണ്ണിന്റെ കുഴിയുമായി ബേബിച്ചേച്ചി കാത്തിരിക്കുന്നുണ്ട്‌. മനുഷ്യര്‍ക്കു മണ്ണിലേക്കു മടങ്ങാന്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലമായി.

No comments: