മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് നാക് എ ഗ്രേഡ് (The Mathrubhumi)
Posted on: 15 Mar 2012
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് എ-ഗ്രേഡോടെ യു.ജി.സി. നാക് അക്രഡിറ്റേഷന്‍. 2004ല്‍ ബി-പ്ലസ് ഗ്രേഡാണ് കോളേജിന് ലഭിച്ചിരുന്നത്. ഡോ. പ്രേമാ ഝാ, പ്രൊഫ. ജെ.പി. പച്ചൗരി, ഡോ. വീരേന്ദര്‍ കൗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് എ-ഗ്രേഡ് നല്‍കി റീ അക്രഡിറ്റ് ചെയ്തത്.
അഞ്ചുവര്‍ഷത്തിനിടയില്‍ 11 റാങ്കുകളും 35 എന്‍.ഇ.ടി-ജെ.ആര്‍.എഫ്. വിജയങ്ങളും കോളേജിലെ വിദ്യാര്‍ഥികള്‍ നേടി. മലയാളം, സുവോളജി എന്നിവയിലെ ബിരുദ-ബിരുദാനന്തര വിഭാഗങ്ങളും ഇംഗ്ലീഷ് ബിരുദവിഭാഗവും വര്‍ഷങ്ങളായി നൂറുശതമാനം വിജയം നേടുന്നുണ്ട്. കോളേജ് അധ്യാപകരുടെ 105 പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു. രണ്ട് വലിയ ഗവേഷണപദ്ധതികളും 12 ചെറിയ ഗവേഷണങ്ങളും കോളേജില്‍ നടക്കുന്നുണ്ട്. കെം-ഇന്‍ഫര്‍മാറ്റിക്സ് വിഭാഗത്തില്‍ ക്ഷയരോഗത്തിനെതിരായ മരുന്ന് ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്.
കലാകായികരംഗങ്ങളിലും വിദ്യാര്‍ഥികള്‍ മികവുറ്റ പ്രകടനമാണ് നടത്തിയത്. കോളേജില്‍ പഠിക്കുന്നവരില്‍ 75 ശതമാനവും വിദ്യാര്‍ഥിനികളാണ്. 65 ശതമാനം വിദ്യാര്‍ഥികളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണ്. ചാത്തമംഗലം പഞ്ചായത്തിലെ ഈഗിള്‍ പ്ലാന്‍േറഷന്‍ കോളനി ദത്തെടുക്കുകയും രണ്ടു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദത്തെടുത്ത് പാഠ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായി വിജയശതമാനം 15ല്‍നിന്ന് 85ലേക്ക് ഉയര്‍ന്നു. വിവാഹസഹായം, നിരാലംബര്‍ക്ക് ഭക്ഷണവിതരണം തുടങ്ങിയ സാമൂഹികസേവനപ്രവര്‍ത്തനങ്ങളും കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ട്.
പ്രിന്‍സിപ്പാള്‍ പ്രൊഫ. ഗ്ലാഡിസ് പി.ഇ. ഐസക്, മാനേജര്‍ പ്രൊഫ. ജയപ്രകാശ് രാഘവയ്യ, പ്രൊഫ. പാവമണി മേരി ഗ്ലാഡിസ്, ഡോ. ലാംബര്‍ട്ട് കിഷോര്‍, ഡോ. കെ.വി.തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
The deshabhimani daily.
ക്ഷയരോഗ മരുന്ന് ഗവേഷണത്തില്‍ ക്രിസ്ത്യന്‍ കോളേജ് നേട്ടത്തിലേക്ക്. നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ്
സ്വന്തം ലേഖകന്‍
Posted on: 15-Mar-2012 01:18 AM
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ്. അക്കാദമികേതര രംഗങ്ങളിലെ കോളേജിന്റെ മികവ് പരിഗണിച്ചാണ് ഈ നേട്ടമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗ്ലാഡിസ് പി ഇ ഐസക്, മാനേജര്‍ പ്രൊഫ. ജയപ്രകാശ് രാഘവയ്യ എന്നിവര്‍ പറഞ്ഞു. പുതിയ ബഹുമതിയുടെ പശ്ചാത്തലത്തില്‍ 103 വര്‍ഷം പിന്നിട്ട കോളേജില്‍ ഗവേഷണ പഠനത്തിന് പ്രാമുഖ്യം നല്‍കും. ഗവേഷണ സ്വഭാവമുള്ള കോഴ്സുകള്‍ തുടങ്ങുന്നതോടൊപ്പം പഠനവകുപ്പുകള്‍ വിപുലീകരിക്കുകയും ചെയ്യും. പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ഹോസ്റ്റലും സ്ഥാപിക്കും. ലൈബ്രറി ആധുനികവല്‍ക്കരിക്കാനും പദ്ധതിയുണ്ട്. ദേശീയതലത്തില്‍ നാക് റാങ്കിങ്ങില്‍ കോളേജിന് 18-ാം സ്ഥാനമുണ്ട്. 2004-ല്‍ കോളേജിന് നാക് പരിശോധനയില്‍ ബി പ്ലസ്സായിരുന്നു. നവംബറില്‍ നാക്സംഘം നടത്തിയ വിലയിരുത്തലിലാണ് എ ഗ്രേഡ് കിട്ടിയത്. അഞ്ചുവര്‍ഷത്തിനകം 11 സര്‍വകലാശാല റാങ്കുകള്‍ കരസ്ഥമാക്കി. നെറ്റ്-ജെആര്‍എഫ് പരീക്ഷയില്‍ 35 പേര്‍ വിജയിച്ചു. മലയാളം, സുവോളജി ബിരുദ-ബിരുദാനന്തര വിഭാഗങ്ങളും ഇംഗ്ലീഷ് ബിരുദ വിഭാഗവും തുടര്‍ച്ചയായി 100 ശതമാനം വിജയം സ്വന്തമാക്കി തിളക്കമാര്‍ന്ന അക്കാദമിക് ഉന്നതി നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. അധ്യാപകരുടെ 105 പ്രബന്ധങ്ങള്‍ ഇക്കാലയളവില്‍ പ്രസിദ്ധീകരിച്ചു. യുജിസി-നാക് സംഘം കോളേജ് പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. യുജിസി സഹായത്തോടെ ഏഴുലക്ഷം രൂപയുടെ രണ്ട് പദ്ധതികള്‍ പ്രവര്‍ത്തനപഥത്തിലാണ്. കെം-ഇന്‍ഫര്‍മാറ്റിക്സ് വിഭാഗത്തില്‍ ക്ഷയരോഗത്തിനെതിരായ മരുന്ന് ഉല്‍പാദനത്തിനുള്ള ഗവേഷണം അവസാന ദിശയിലാണ്. പെണ്‍കുട്ടികളുടെ ക്രിക്കറ്റില്‍ ദേശീയതലത്തിലും അന്തര്‍സര്‍വകലാശാല കലോത്സവത്തില്‍ പാശ്ചാത്യ സംഗീതത്തിലും രണ്ടാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. പാവപ്പെട്ട വിദ്യാര്‍ഥിനിക്ക് അധ്യാപക-വിദ്യാര്‍ഥി മുന്‍കൈയില്‍ വീട് നിര്‍മിച്ചു കൊടുത്തതാണ് ക്യാമ്പസിന്റെ മറ്റൊരു നന്മ. സാമൂഹ്യസേവന രംഗത്തും മികച്ച ട്രാക്ക് റെക്കോഡാണുള്ളത്. ചാത്തമംഗലം പഞ്ചായത്തിലെ ഈഗിള്‍ പ്ലാന്റേഷന്‍ കോളനി ദത്തെടുത്ത് രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. പ്രദേശത്ത് വൈദ്യുതി, വെള്ളം, റോഡ് എന്നിവക്കു പുറമെ നാട്ടുകാര്‍ക്ക് പട്ടയമെത്തിക്കാനും കോളേജിന്റെ ഇടപെടലിലൂടെ സാധിച്ചു. സ്കൂള്‍ ദത്തെടുത്ത് പഠനനിലവാരം ഉയര്‍ത്താനായതും അഭിമാനകരമായ നേട്ടമാണ്. എല്ലാ കുട്ടികള്‍ക്കും ഇന്‍ഷൂറന്‍സ് നടപ്പാക്കിയ ബഹുമതിയും എംസിസിക്കുണ്ട്. കോളേജ് മികവിന്റെ പഠനകേന്ദ്രമായി വളര്‍ത്താനുള്ള കൂട്ടായ്മയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. 1,100 വിദ്യാര്‍ഥികളില്‍ 71 ശതമാനവും ഗ്രാമീണരാണെന്നത് ജില്ലാ ആസ്ഥാന നഗരിയിലെ നൂറ്റാണ്ട് പിന്നിട്ട ഈ കലാലയത്തിന്റെ സവിശേഷതയാണ്. വാര്‍ത്താസമ്മേളനത്തില്‍ അധ്യാപകരായ ഡോ. കെ വി തോമസ്, പ്രൊഫ. പാവമണി മേരി ഗ്ലാഡിസ്, ഡോ. ലാംബര്‍ട്ട് കിഷോര്‍ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment