Translate

Friday, February 15, 2013

ഇരയുടെ വാക്കിന് വിലകല്‍പ്പിക്കണം: മാര്‍ത്തോമ പുരോഹിതന്‍ ഫാ. റോയ് പി തോമസ്.


വി എം രാധാകൃഷ്ണന്‍
 
സൂര്യനെല്ലി കേസിലെ ഇരയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് പി ജെ കുര്യന്റെ ബന്ധുവും മാര്‍ത്തോമ സഭ പുരോഹിതനുമായ ഫാ. റോയ് പി തോമസ്. "കേസില്‍ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനുമുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നാണ് കരുതുന്നത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ അതു ശരിവയ്ക്കുന്നു. എത്ര ഉന്നതരായാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. സഭാംഗമായതുകൊണ്ടു മാത്രം അവരെ സംരക്ഷിക്കുന്ന സമീപനം ഒരു സമുദായവും സ്വീകരിക്കരുത്. പി ജെ കുര്യന്‍ കുറ്റവാളിയാണെങ്കില്‍ നിയമനടപടിക്ക് വിധേയനാക്കണം". സൂര്യനെല്ലിസംഭവം നടന്ന കാലത്ത് കുമളി മാര്‍ത്തോമ പള്ളി വികാരിയും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഫാ. റോയ് ദേശാഭിമാനിയോടു പറഞ്ഞു. സൂര്യനെല്ലി സംഭവത്തിലടക്കം അനീതിക്കെതിരെ പ്രതികരിച്ചതിന് ദീര്‍ഘകാലം മറുനാടുകളില്‍ പോകേണ്ടി വന്ന ഫാ. റോയ് തോമസ് ഇപ്പോള്‍ കുന്നംകുളം കടവല്ലൂര്‍ മാര്‍ത്തോമ പള്ളി വികാരിയും ദീനബന്ധു മിഷന്‍ ഡയറക്ടറുമാണ്. "കുര്യന്‍ തെറ്റുകാരനാണോ അല്ലയോ എന്ന് എനിക്കറിയില്ല. തെറ്റുകാരനല്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെകൂടി ആവശ്യമാണ്. ഇതുവരെയുള്ള അന്വേഷണങ്ങള്‍ പൂര്‍ണമല്ല. ഒരു ധര്‍മരാജനില്‍ കേസ് ഒതുങ്ങിക്കൂടാ. അതിനാല്‍ പുനരന്വേഷണം നടത്തണം. ഇരയെ താറടിക്കാനുള്ള ഭരണാധികാരികളുടെ ശ്രമം ഖേദകരമാണ്" ഫാദര്‍ പറഞ്ഞു. "കേസില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. വികാരിയായി ആദ്യം ചുമതലയേറ്റത് 1995ല്‍ കുമളിയിലാണ്. "96ല്‍ കുമളിയിലെ ബാര്‍ അറ്റാച്ച്ഡ് റസ്റ്റ്ഹൗസിലാണ് പെണ്‍കുട്ടിയെ 16 ദിവസം താമസിപ്പിച്ച് പീഡിപ്പിച്ചത്. അക്കാലത്ത് കുമളി റസ്റ്റ് ഹൗസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നു താന്‍. പീഡനത്തിനിരയായ നാളുകളില്‍ മാര്‍ത്തോമ സഭയുടെ പെരിയാര്‍ ഹോസ്പിറ്റലില്‍ കുട്ടിയെ കൊണ്ടുവന്നിരുന്നു. അവശയായ കുട്ടിയെ പരിശോധിച്ച ഡോ. കെ എം തോമസ് അവളെ രക്ഷപ്പെടുത്താമെന്ന് വാക്കുകൊടുത്തതാണ്. എന്നാല്‍, കൊണ്ടുവന്ന സ്ത്രീ പെട്ടെന്ന് കുട്ടിയെയുംകൊണ്ട് സ്ഥലം വിട്ടു. പള്ളി ട്രസ്റ്റിയും പെണ്‍കുട്ടിയുടെ പിതാവും പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്റില്‍ സഹപ്രവര്‍ത്തകരായിരുന്നു. അവര്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ അറിയാനിടയായിട്ടുണ്ട്. കേസ് ആദ്യമെത്തിയ ദേവികുളം കോടതിയിലെ മജിസ്ട്രേറ്റും മാര്‍ത്തോമ സമുദായാംഗമാണ്. അദ്ദേഹത്തെ സ്വാധീനിക്കാന്‍ മൂന്നാറിലെ പള്ളിവികാരിക്ക് ഉന്നതങ്ങളില്‍നിന്നടക്കം വന്ന ഫോണ്‍വിളികള്‍ക്ക് കണക്കില്ല. ഇവരെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തോയെന്ന് അറിയില്ലെന്നും ഫാദര്‍ പറഞ്ഞു. അക്കാലത്ത് സ്ത്രീപീഡനത്തിനെതിരെ നിരവധി വേദികളില്‍ പ്രതികരിച്ചിട്ടുണ്ട്. വിലക്കുകള്‍ പല ഭാഗത്തുനിന്നും ഉണ്ടായി. തന്നെ കുമളിയില്‍നിന്നു കട്ടപ്പന പള്ളിയിലേക്ക് മാറ്റി. 1999ല്‍ പി ജെ കുര്യന്‍ ഇടുക്കിയില്‍ തോറ്റു. തുടര്‍ന്ന്, മധ്യപ്രദേശിലെ ആദിവാസിമേഖലയിലേക്ക് സ്ഥലം മാറ്റി. അഞ്ചുവര്‍ഷത്തിനുശേഷം ഗുജറാത്തിലേക്ക്. മൂന്നുവര്‍ഷത്തിനുശേഷം തിരിച്ച് കേരളത്തിലേക്ക്. പിന്നെ മൂന്നുവര്‍ഷം ചിക്കാഗോയിലേക്ക്. ഇപ്പോള്‍ വീണ്ടും കേരളത്തില്‍. "ഞാന്‍ ഇവിടെനിന്ന് പോകുമ്പോഴും ഇപ്പോഴും സൂര്യനെല്ലി ചര്‍ച്ചയാണ്. എന്റെ മനസ്സ് പറയുന്നു, കുറ്റവാളികള്‍ അഴിയെണ്ണുകതന്നെ ചെയ്യും" -ഫാ. റോയ് പറഞ്ഞു. റാന്നി അയിരൂര്‍ തായില്ലം പുളിയോടില്‍ പി വി തോമസിന്റെയും പൊന്നമ്മയുടെയും മകനാണ് ഫാ. റോയ്. പി ജെ കുര്യന്റെ അമ്മ റാഹേലമ്മ ഈ തറവാട്ടുകാരിയാണ്.

No comments: