Translate

Friday, November 14, 2014

ഗുണ്ടര്‍ട്ടിന്റെയും ഹെസ്സേയുടെയും വഴിയില്‍ ഒരു ചരിത്രയാത്രിക


Posted on: 15 Nov 2014


കോഴിക്കോട്:നക്ഷത്രരാശികളുടെ പഥത്തില്‍ പിറന്നതിന്റെ അഭിമാനത്താല്‍ പ്രകാശിച്ച മുഖമാണ് ഓക്‌സ്‌ഫെഡ് സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ ഡോ. മാര്‍ഗരറ്റ് ഫ്രന്‍സിന്റെത്.

ചരിത്രവും വിശ്വവിമോഹനമായ സാഹിത്യവും ഭാഷാശാസ്ത്രവും എല്ലാം കലക്കിക്കുടിച്ച രണ്ട് മഹാപ്രതിഭകളാണ് അവരുടെ പൂര്‍വസൂരികള്‍-'നക്ഷത്രങ്ങളുടെപോലും ഭാഷ അറിയുന്ന' ഹെര്‍മന്‍ ഗുണ്ടര്‍ട്ടും 'സിദ്ധാര്‍ഥ' എന്ന ഒറ്റ നോവല്‍ കൊണ്ട് പൂര്‍വദേശത്തിന്റെ ഹൃദയത്തെയും ആത്മാവിനെയും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച നൊബേല്‍സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സേയും.

രണ്ടുപേരും ജര്‍മന്‍കാര്‍; ഇന്ത്യയില്‍ ജീവിക്കുകയും ഈ രാജ്യത്തിന്റെ ആത്മാവിനെ അറിയുകയും ചെയ്തവര്‍. ഗുണ്ടര്‍ട്ട് മലയാളത്തിന് നിഘണ്ടുവരെ തീര്‍ത്തയാള്‍. വേരുകളോളം ചെല്ലുന്നതും മുറിയാത്തതുമായ ഈ ബന്ധത്തിലേക്കാണ് ഓരോതവണയും ഫ്രന്‍സ് തിരിച്ച് വന്നുകൊണ്ടേയിരിക്കുന്നത്.

കേരള ചരിത്ര കോണ്‍ഗ്രസ്സിന്റെ രണ്ടാം വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ കോഴിക്കോട്ട് എത്തിയത്. മലയാളത്തിന്റെയും ഇന്ത്യയുടെയും മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നതാണ് തന്റെയും കുടുംബത്തിന്റെയും ബന്ധമെന്ന് ഫ്രന്‍സ് അഭിമാനത്തോടെ പറയുന്നു. 'ഗുണ്ടര്‍ട്ട് എന്റെ മുതു മുതു മുതു മുത്തച്ഛനാണ്. ഹെര്‍മന്‍ ഹെസ്സെ വലിയമ്മാവനും. ഇവരുമായുള്ള ബന്ധം എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം എന്നാണ്. കുഞ്ഞുനാളുതൊട്ടേ ഞാന്‍ ഇന്ത്യയില്‍ വന്നുകൊണ്ടേയിരിക്കുന്നു; പ്രത്യേകിച്ചും കേരളത്തില്‍''
ജര്‍മനിയിലെ കാല്‍വിലാണ് മാര്‍ഗരറ്റ് ഫ്രന്‍സ് ജനിച്ചത്. കാല്‍വ് എന്നാല്‍ ഇപ്പോള്‍ ഹെര്‍മന്‍ ഹെസ്സെയാണെന്ന് അവര്‍ പറയുന്നു. 'കുഞ്ഞുന്നാളിലേ വായിച്ചുതുടങ്ങിയതാണ് ഹെര്‍മന്‍ ഹെസ്സേയുടെ കൃതികള്‍. അപ്പോഴൊന്നും അദ്ദേഹം എന്റെ വലിയമ്മാവനാണ് എന്ന കാര്യം അറിയില്ലായിരുന്നു. വായനയില്‍ വളരെ മുന്നേറിയപ്പോഴാണ് ഈ എഴുത്തുകാരനുമായുള്ള ബന്ധം അറിഞ്ഞത്. അദ്ദേഹത്തിന്റെ എല്ലാ കൃതികളും എനിക്കിപ്പോള്‍ പ്രിയപ്പെട്ടതാണ്'-ഫ്രന്‍സ് പറഞ്ഞു.

ഹെര്‍മന്‍ ഹെസ്സെ തന്റെ ആത്മകഥയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ച് പറഞ്ഞത് 'അദ്ദേഹത്തിന് നക്ഷത്രങ്ങളുടെ ഭാഷ വരെ അറിയാമായിരുന്നു' എന്നാണ്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഫ്രന്‍സ് പറഞ്ഞു: ' അദ്ദേഹത്തിനറിയുന്നതിന്റെ പകുതിപോലും ഭാഷ എനിക്കറിയില്ല. ലാറ്റിന്‍, ഗ്രീക്ക്, ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങിയ കുറച്ച് ഭാഷകള്‍ അറിയാം. തമിഴ് അറിയാം. മലയാളം കുറച്ച് കുറച്ച് അറിയാം. കേരളം വലിയ ഇഷ്ടമാണ് എനിക്ക്. പ്രത്യേകിച്ചും കേരള ഭക്ഷണം'.

അവര്‍ ചിരിക്കുമ്പോള്‍ ഇല്ലിക്കുന്നിലിരുന്ന് മലയാളത്തെ നോക്കിയ ഗുണ്ടര്‍ട്ടിന്റെ കണ്ണുകളിലെ ബുദ്ധിയുടെയും ഹെര്‍മന്‍ ഹെസ്സേയുടെ മന്ദഹാസത്തിന്റെയും അലകള്‍ മുഖത്ത്.

crtsy-The Mathrubhumi

No comments: