Translate

Friday, July 20, 2012

അരുത് മുഖ്യമന്ത്രീ, അരുത്‌


സുഗതകുമാരി 

 

വീപ്പകളില്‍ നട്ടുവളര്‍ത്തിയ നാലഞ്ചുവര്‍ഷം പ്രായമുള്ള റബ്ബര്‍ മരങ്ങളും കമുകിന്‍ തൈകളും മറ്റും രായ്ക്കുരാമാനം വനഭൂമിയില്‍ കൊണ്ടുചെന്നു കുഴിച്ചുവെച്ചിട്ട് വര്‍ഷങ്ങളായി തങ്ങള്‍ കൃഷിചെയ്യുന്ന ഇടങ്ങളാണെന്ന് തെളിവുണ്ടാക്കുന്ന മിടുക്കന്മാര്‍ ഉള്ള നാട്ടില്‍ കുറേ നെല്‍പ്പാടങ്ങളില്‍ കൂടി മണ്ണുകൊണ്ടുചെന്നിട്ട് അവയ്ക്ക് പൂര്‍വകാല പ്രാബല്യത്തോടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ പ്രയാസം?


വീണ്ടും ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ''നിങ്ങള്‍ ഏതൊരു പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.''

കുന്നിടിച്ച്, വയല്‍ നികത്തി, തോട് നികത്തി, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടി നാം എന്തു വികസനമാണ് കൊണ്ടുവരാന്‍ പോകുന്നത്. ആര്‍ക്കുവേണ്ടി! ആര്‍ക്കുവേണ്ടിയാണ് പമ്പാതീരത്ത് വിമാനത്താവളം?

അരുത് മുഖ്യമന്ത്രീ, നിയമവിരുദ്ധമായി നികത്തിയ നെല്‍വയലുകളെ സാധൂകരിച്ച് നിയമവിധേയമാക്കുന്നത് സത്യത്തിനും നീതിക്കും നിയമത്തിനും നിരക്കാത്തതാണ്. നിയമലംഘനങ്ങള്‍ക്ക് സമ്മതം നല്‍കുകയാണ് അതിലൂടെ ഭരണകൂടം ചെയ്യുന്നത്. ഇതില്‍ ആഹ്ലാദിക്കുന്നത് റിയല്‍ എസ്റ്റേറ്റുകാരും ഭൂമാഫിയകളും മാത്രമായിരിക്കുമെന്ന് തിരിച്ചറിയുക.

ഇടതു മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണിതെന്നാണ് മറ്റൊരു വാദം. ഇടതുമുന്നണി ചെയ്ത സ്തുത്യര്‍ഹമായ ഒരു കാര്യമായിരുന്നു നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ബില്ലിന്റെ അവതരണം. അതില്‍ പഴുതുകളുണ്ടാക്കിയെങ്കിലും തികച്ചും രാജ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു സംരംഭമായിരുന്നു അത്. എന്നാല്‍, ആ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആരൊക്കെയോ തിരക്കിട്ട് വിദഗ്ധമായി സാധിപ്പിച്ചെടുത്തതാണ് ആറന്മുള എയര്‍പോര്‍ട്ടിനുള്ള അനുമതി. ഇടതുപക്ഷ പാര്‍ട്ടികള്‍ ബഹുഭൂരിപക്ഷവും ഇതിന് എതിരാണെന്നും നാം അറിയുന്നു. അവര്‍ എടുത്ത തെറ്റായ തീരുമാനം റദ്ദാക്കുന്നതിനുപകരം അതിനെ കൂടുതല്‍ വിപുലമാക്കി ബാക്കിയുള്ള ഒരുപിടി നെല്‍പ്പാടങ്ങളെക്കൂടി നശിപ്പിക്കുന്നതിന് വേണ്ടിയോ ഈ മന്ത്രിസഭയുടെ നീക്കം? അരുത് എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം, ആ പ്രദേശത്തെ സ്വകാര്യ വ്യവസായ മേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കഴിഞ്ഞ മന്ത്രിസഭാ തീരുമാനം റദ്ദാക്കിയതിന് താങ്കളോട് നന്ദി പറയുന്നു. എന്നാല്‍, വിമാനത്താവളമുള്‍പ്പെടെയുള്ള ബൃഹത് പരിപാടി പാടേ റദ്ദാക്കുകയാണ് വേണ്ടത് എന്നും ഓര്‍മിപ്പിക്കുന്നു. പമ്പയാറിന്റെ പുത്രിയായ, പച്ചപ്പു പുതച്ച ആറന്മുള മാത്രമല്ല പ്രശ്‌നം. വയനാട്ടില്‍ രണ്ടു വിമാനത്താവളത്തിന് സ്ഥലങ്ങള്‍ പരിഗണനയിലുണ്ടെന്നറിയുന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം പാടശേഖരം, ഇവിടം ആദിവാസികളായ പതിയര്‍ നൂറ്റാണ്ടുകളായി തനിമയുള്ള നാടന്‍ നെല്‍വിത്തുകള്‍ മാത്രം കൃഷിചെയ്യുന്നയിടമാണ്. ലോകത്ത് മറ്റൊരിടത്തും ഈ വിത്തുകള്‍ കാണുകയില്ല എന്നും അറിഞ്ഞേ തീരൂ. രണ്ടാമത്തേത് വയനാട്ടിലെത്തന്നെ പനമരം പഞ്ചായത്തിലെ ചിറ്റല്ലൂര്‍ പാടശേഖരമാണ്. ഇവിടെയും വയനാട്ടിന്റെ സ്വന്തമായ വിശിഷ്ടമായ നെല്ലിനങ്ങളുടെ കൃഷി സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.

ബഹുമാന്യനായ ഉമ്മന്‍ചാണ്ടി, ഇവരെയൊക്കെ കൈയയച്ചു സഹായിച്ചു പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഇവരുടെ കൃഷി തുടച്ചുമാറ്റുകയാണോ വേണ്ടത്? സ്ഥലം പരിശോധനയ്ക്കുവന്ന ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കരഞ്ഞുകൊണ്ട് ആ പാവങ്ങള്‍ 'അരുതേ' എന്ന് അപേക്ഷിച്ചുവത്രേ.

സ്വയം നിര്‍ണയാവകാശമുള്ള ത്രിതല പഞ്ചായത്ത് സംവിധാനം നമുക്കുണ്ട്. ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി ജനാഭിപ്രായം ആരായേണ്ടതല്ലേ? അവര്‍ക്കും അഭിപ്രായമില്ലേ അവിടെ വരുന്ന വികസന പദ്ധതികളെപ്പറ്റി?

ഏതാണ്ട് തയ്യാറായിക്കഴിഞ്ഞ ഡാറ്റാ ബാങ്ക് പരാതികള്‍ പരിഹരിച്ച് അംഗീകരിക്കണം. ഒരുവര്‍ഷം ഇനിയും കാത്തിരുന്നാല്‍ ബാങ്കില്‍ ഇടാന്‍ പാടങ്ങള്‍ വളരെയൊന്നും ബാക്കിയുണ്ടാവുകയില്ല. വീപ്പകളില്‍ നട്ടുവളര്‍ത്തിയ നാലഞ്ചുവര്‍ഷം പ്രായമുള്ള റബ്ബര്‍ മരങ്ങളും കമുകിന്‍ തൈകളും മറ്റും രായ്ക്കുരാമാനം വനഭൂമിയില്‍ കൊണ്ടുചെന്നു കുഴിച്ചുവെച്ചിട്ട് വര്‍ഷങ്ങളായി തങ്ങള്‍ കൃഷിചെയ്യുന്ന ഇടങ്ങളാണെന്ന് തെളിവുണ്ടാക്കുന്ന മിടുക്കന്മാര്‍, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതില്‍ കുപ്രസിദ്ധി നേടിയ നമ്മുടെ വില്ലേജ് ഓഫീസുകള്‍, സര്‍ക്കാര്‍ കേസുകള്‍ തോറ്റുതോറ്റുകൊടുക്കുന്ന വക്കീലന്മാര്‍, ഏതു നിയമത്തെയും വളച്ചൊടിച്ചു ദുര്‍ബലമാക്കാനാവുന്ന ഇവിടത്തെ സമ്പന്ന ബുദ്ധിമാന്മാര്‍, കണ്ണടച്ചു കൊടുക്കുന്ന നിയമപാലകര്‍-കുറേ നെല്‍പ്പാടങ്ങളില്‍ കൂടി മണ്ണുകൊണ്ടുചെന്നിട്ട് അവയ്ക്ക് പൂര്‍വകാല പ്രാബല്യത്തോടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ ഇങ്ങനെയുള്ളൊരു നാട്ടില്‍ പ്രയാസം? ഇപ്പോള്‍ത്തന്നെ നിലംനികത്തല്‍ തകൃതിയായി നടക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ കാണുന്നു. രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെയാണ് ഈ നികത്തലുകള്‍. ഇവയെല്ലാം രേഖകളില്‍ 2005-നു പിന്നിലേക്ക് പോകുമെന്നും ഉറപ്പ്.

താങ്കള്‍ ഇതൊന്നുമറിയാത്ത ആളല്ലല്ലോ. ശ്രീവാഴുംകോടായിരുന്ന ഈ കര്‍ഷക രാജ്യത്തിന് ഇനി നെല്ലും കരിമ്പും പച്ചക്കറിയുമൊന്നും വേണ്ടെന്നോ? വിമാനത്താവളങ്ങളോ ഡെവലപ്പ്‌മെന്റ് പദ്ധതികളോ പുതിയ വ്യവസായ സംരംഭങ്ങളോ അന്നമോ കുടിവെള്ളമോ കൂടുതല്‍ വിലപ്പെട്ടത്?

സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ ഈ മണ്ണ് തുറന്നിട്ടുകൊടുത്തുകൂടാ. റദ്ദാക്കുക രാജ്യത്തിന്റെ ഭാവിക്ക് ദോഷകരമായ ഈ തീരുമാനം!

വയലുകള്‍ നികത്തരുത് എന്ന അപേക്ഷയുമായി പതിനായിരക്കണക്കിന് കുട്ടികള്‍ താങ്കള്‍ക്ക് കത്തെഴുതിയതായി ഞാനറിയുന്നു. എന്നിട്ട്? നാളെ എന്തു മറുപടി പറയും അവരോട്? ആ കുട്ടികള്‍ക്കുവേണ്ടി ഞാന്‍ അഭ്യര്‍ഥിക്കുന്നു, അരുത്.

സദയം കൃഷിയെ ഏറ്റവും പ്രധാനസേവനമായി ഏറ്റെടുക്കുക. കണ്ടിരിക്കേ ചത്തൊടുങ്ങുന്ന നമ്മുടെ നെല്‍ക്കൃഷിയെ ഇരുകൈകള്‍കൊണ്ടും വാരിക്കോരി സഹായം നല്കി പുനരുജ്ജീവിപ്പിക്കുക.

അന്നപൂര്‍ണകളായ, ജലസംഭരണികളായ, ജൈവ വൈവിധ്യ ഭവനങ്ങളായ നെല്‍പ്പാടങ്ങളെ നശിപ്പിക്കാന്‍ അനുവദിക്കരുത്.
 

No comments: