ഭക്ഷ്യവിഷബാധയെക്കുറിച്ചും മായം ചേര്‍ക്കലിനെക്കുറിച്ചും
ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയെക്കുറിച്ചും സര്‍ക്കാരിന് ബോധംവരാന്‍ ഒരു
വിദ്യാര്‍ഥി മരിക്കേണ്ടിവന്നു. തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ നിന്ന്
അറേബ്യന്‍ ഭക്ഷണമായ ഷവര്‍മ കഴിച്ച യുവാവ് ബംഗളൂരുവിലാണ് മരണമടഞ്ഞത്. അതോടെ
സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധനകള്‍
നടത്തുന്നു; പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നു; പച്ചക്കറികളിലും പഴങ്ങളിലും
വരെ മാരകമായ വിഷാംശം കലരുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നു.
ഏതാനും ദിവസമായി വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതുതന്നെയാണ്. ചത്ത
കോഴിയുടെ ചീഞ്ഞളിഞ്ഞ ഇറച്ചിപോലും ഭക്ഷണപദാര്‍ഥമായി മലയാളിയുടെ
മുന്നിലെത്തുന്നു എന്നതാണ് അതിലൊന്ന്. ചെറുകിട- ഇടത്തരം ഹോട്ടലുകളില്‍
മാത്രമല്ല വന്‍കിട നക്ഷത്ര ഹോട്ടലുകളില്‍വരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം
വിതരണം ചെയ്യുന്നു. ശുചിത്വമില്ലായ്മ ഇത്തരം സ്ഥാപനങ്ങളുടെ പൊതുസ്വഭാവമായി
മാറിയിരിക്കുന്നു. അടുക്കളയ്ക്കകത്ത് ശൗചാലയവും തുറന്നുകിടക്കുന്ന
അഴുക്കുചാലുകളുമുള്ള ഹോട്ടലുകളെക്കുറിച്ചും വാര്‍ത്തകള്‍ വന്നു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ക്യാന്റീന്‍ പകര്‍ച്ചവ്യാധികളുടെ
ഏജന്‍സികളായി മാറുന്നുവെന്നാണ് തിരുവനന്തപുരത്തെ ക്യാന്റീന്‍ അടുക്കളയില്‍
കക്കൂസ് കണ്ടെത്തിയതോടെ തെളിഞ്ഞത്.
ഒരു പഴം- പച്ചക്കറി വ്യാപാരി മാധ്യമങ്ങളോടു പറഞ്ഞത് തന്റെ കടയില്‍
വില്‍പ്പനയ്ക്ക് എത്തുന്ന ഏതാണ്ട് എല്ലാ വസ്തുക്കളും വിഷമയമാണ് എന്നത്രേ.
പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് അനുഭവത്തിലൂടെ
തെളിഞ്ഞുകഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് ശക്തമായ
നിയമമുണ്ട്. 1954ലെ മായംചേര്‍ക്കല്‍ നിരോധനിയമം പരിഷ്കരിച്ച് 2006ല്‍ പുതിയ
ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 2010 മുതല്‍ കര്‍ശനമായി
നടപ്പാക്കിയ ഈനിയമം കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് കേരളത്തില്‍ പ്രാബല്യത്തില്‍
വന്നത്. മായംചേര്‍ക്കല്‍ കണ്ടെത്തി തടയാന്‍ നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക്
അധികാരമുണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനാണ് ആ
ചുമതല. ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കല്‍, പഴകിയ ഭക്ഷണം വിതരണം ചെയ്യല്‍
എന്നിവ തടയാനുള്ള കര്‍ക്കശമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. അവയൊന്നും
പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ഇന്നുവരെ തയ്യാറായിട്ടില്ല.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യോഗസ്ഥ സംവിധാനമോ പശ്ചാത്തല സൗകര്യങ്ങളോ
സംസ്ഥാനത്ത് ഗൗരവമായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
രാജ്യത്ത് ആദ്യമായി ഫുഡ്സേഫ്റ്റി കമീഷണറേറ്റ് കേരളത്തിലാണ് സ്ഥാപിച്ചതെന്ന
അവകാശവാദം ഉയര്‍ത്തുന്നുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍
എവിടെവരെയെത്തിയെന്ന് സര്‍ക്കാരിന് മിണ്ടാന്‍ കഴിയാത്തത് ആ രംഗത്തെ
അക്ഷന്തവ്യമായ അനാസ്ഥ കൊണ്ടുതന്നെയാണ്. നിയമം അനുശാസിക്കുന്നതരത്തില്‍
ഹോട്ടലുകളുടെ ലൈസന്‍സ്, ഗുണനിലവാരം ഉറപ്പാക്കല്‍, അതിനായുള്ള പരിശോധനകള്‍,
മായംചേര്‍ക്കല്‍ തടയല്‍ എന്നിവ യാഥാര്‍ഥ്യമാകണമെങ്കില്‍ സര്‍ക്കാരിനാണ്
ഇച്ഛാശക്തിവേണ്ടത്. മലയാളിയുടെ ഭക്ഷണശീലം ഗണ്യമായി മാറിയിട്ടുണ്ട്. നേരത്തെ
വീട്ടിലെ ഭക്ഷണം കഴിക്കാനാണ് നിര്‍ബന്ധമെങ്കില്‍ ഇന്നത് കുടുംബസമേതം
ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കുക എന്നതായിരിക്കുന്നു. ഫാസ്റ്റ്ഫുഡ്
റെസ്റ്റോറന്റുകളും ലഘുഭക്ഷണം വില്‍പ്പന നടത്തുന്ന ബേക്കറികളും
വിദേശഭീമന്മാരുടെ ഭക്ഷ്യവില്‍പ്പന ശൃംഖലകളും സംസ്ഥാനത്ത് വ്യാപകമാണ് ഇന്ന്.
ഇവയൊന്നും തന്നെ നിയമപരമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാകുന്നില്ല,
അല്ലെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല. ഒരു
ഹോട്ടലില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് തദ്ദേശസ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ കണ്ടെത്തിയാല്‍ അവര്‍ക്ക്
നടപടിയെടുക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അങ്ങനെ എടുത്ത
കേസുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ
ഉത്തരവ് ഇറക്കിയിരിക്കുന്നു. അതിന്റെ മറവിലാണ് യഥേഷ്ടം മായംചേര്‍ക്കലും
തട്ടിപ്പും അരങ്ങേറുന്നത്.
ഹോട്ടലുകളിലെ വിലനിലവാരം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും നിലവിലില്ല.
തോന്നിയതുപോലെ വില ഈടാക്കുകയാണ്. അതേസമയം, മികച്ച ഭക്ഷണം മിതമായ നിരക്കില്‍
നല്‍കുന്ന അനേകം ഹോട്ടലുകളും റെസ്റ്റോറന്റുകളും നന്നായി
പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗണ്യമായ എണ്ണം വരുന്ന അത്തരം സ്ഥാപനങ്ങളെ
സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പുതിയ സാഹചര്യം കാരണമാകുകയാണ്. മായവും
വിഷവും കലരാത്ത ഭക്ഷണം പൗരന്റെ അവകാശമാണ്. അത് ഉറപ്പാക്കല്‍ സര്‍ക്കാരിന്റെ
കര്‍ത്തവ്യവുമാണ്. അത്തരമൊരു കര്‍ത്തവ്യം സര്‍ക്കാര്‍ മറന്നുപോകുന്നതാണ്
യഥാര്‍ഥ പ്രശ്നം. ഒറ്റയടിക്ക് പരിഹരിക്കപ്പെടാവുന്നതല്ല ഈ വിഷയം.
അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ
ഉറപ്പാക്കല്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവരുടെ ലൈസന്‍സിങ്,
ശാസ്ത്രീയമായ പരിശോധനാ സംവിധാനം, ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി തടയാനുള്ള
കര്‍ശന നടപടി തുടങ്ങിയ നിരവധി കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷ
പുലര്‍ത്തേണ്ടതുണ്ട്. ജനങ്ങളില്‍ ഉണ്ടാകേണ്ട ജാഗ്രത മറ്റൊരു ഉപാധിയാണ്.
രുചി മാത്രമാകരുത് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. അജിനോമോട്ടോ എന്ന
വിഷവസ്തു സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയി അടുക്കളയില്‍ പരീക്ഷിക്കുന്ന
മലയാളിയുടെ ചിത്രം ദയനീയമാണ്. കൃത്രിമമായ നിറത്തിലും മണത്തിലും മുക്കിയ
വിഷവസ്തുക്കളോട് പ്രണയംകാട്ടുന്ന ശീലം അവസാനിപ്പിച്ചേതീരൂ. ഏതാനും ദിവസം
വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന് ഒടുങ്ങിപ്പോകേണ്ട പ്രശ്നമല്ല ഇത്.
സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ബഹുജന സംഘടനകള്‍ ജാഗ്രതയോടെ
രംഗത്തിറങ്ങണം. എല്ലാത്തിലുമുപരി ജനങ്ങള്‍ സ്വയം സന്നദ്ധരായി
മുന്നോട്ടുവരണം.
No comments:
Post a Comment