Translate

Saturday, October 27, 2012

മരണത്തെ തോല്‍പ്പിച്ച മലാല വീണ്ടും സ്നേഹത്തണലില്‍




ലണ്ടന്‍: താലിബാന്‍ ഭീകരരുടെ വെടിയുണ്ട ജീവന്‍ പാതി കവര്‍ന്ന മലാലയെ വീണ്ടും ജീവനോടെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് സന്തോഷമടക്കാനായില്ല. അവരുടെ കണ്ണുകള്‍ ആഹ്ലാദത്താല്‍ നിറഞ്ഞൊഴുകി. മലാലയ്ക്ക് ഈദ് ആശംസയുമായി വ്യാഴാഴ്ച രാത്രിയാണ് മാതാപിതാക്കളും രണ്ട് സഹോദരന്മാരും എത്തിയത്്. വിദഗ്ധചികിത്സയ്ക്ക് മലാലയെ പാകിസ്ഥാനില്‍നിന്ന് കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുവന്നശേഷം അവളെ ആദ്യമായി കാണുകയായിരുന്നു അവര്‍. രണ്ടാഴ്ചമുമ്പ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായപ്പോള്‍ മകള്‍ മരിക്കുമെന്നുതന്നെയാണ് കരുതിയതെന്ന് മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്സായി പറഞ്ഞു. കബറടക്കത്തിന് ഒരുക്കം നടത്താന്‍ സഹോദരനോട് നിര്‍ദേശിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, ആവേശകരമായ വേഗത്തിലാണ് മലാല ഇപ്പോള്‍ സുഖംപ്രാപിക്കുന്നതെന്ന് സിയാവുദ്ദീന്‍ പറഞ്ഞു. മലാല എണീറ്റുനില്‍ക്കുകയും നടക്കുകയും ചെയ്യുന്നുണ്ട്. അവളുടെ അതിജീവനം ഒരത്ഭുതമാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ശരിയായ ചികിത്സ ലഭിച്ചതാണ് തന്റെ മകളെ രക്ഷിച്ചതെന്ന് പറഞ്ഞ അദ്ദേഹം, മലാലയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. സുഖമായശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി പഠനം തുടരാനാണ് മലാലയുടെ ദൃഢനിശ്ചയമെന്ന് സിയാവുദ്ദീന്‍ പറഞ്ഞു. അവള്‍ തന്റെമാത്രമല്ല എല്ലാവരുടെയും മകളാണ്. പെണ്‍കുട്ടികള്‍ക്ക് പഠനാവകാശത്തിന് പോരാടിയതിന് മതഭ്രാന്തന്മാരുടെ നോട്ടപ്പുള്ളിയായ പതിനാലുകാരി മലാലയ്ക്ക് ഇനിയും ദീര്‍ഘമായ ചികിത്സ വേണ്ടിവരും. നീക്കംചെയ്ത അസ്ഥികള്‍ പുനഃസ്ഥാപിച്ചോ ടൈറ്റാനിയം പ്ലേറ്റുകള്‍ ഉപയോഗിച്ചോ തലയോട്ടിയുടെ ഒരു ഭാഗം പുനര്‍നിര്‍മിക്കണം.



No comments: