Translate

Thursday, May 16, 2013

BROTHER SALIH- WE ARE PROUD OF YOU





 നേരം പരപരാ വെളുക്കുമ്പോള്‍ മുഹമ്മദ് സാലിഹ് ഇറങ്ങും. പ്രഭാതസവാരിക്കല്ല, അതിനൊട്ട് സമയവുമില്ല. 

പുലരുംമുമ്പുതന്നെ സാലിഹിന് എടുത്താല്‍ തീരാത്ത ചില ജോലികളുണ്ട് കോഴിക്കോട് ബീച്ചില്‍. രാത്രിയോടെ വൃത്തിഹീനമാകുന്ന കടപ്പുറത്തിന്റെ മുഖമാണ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സാലിഹിന്റെ മനസ്സില്‍ ഉണ്ടാവുക.

പുലര്‍ച്ചെ ആറിനേ സാലിഹ് ബീച്ചില്‍ ഹാജരാണ്, അവിടത്തെ ചണ്ടിക്കൂമ്പാരവുംമറ്റും മാറ്റാന്‍. കോഴിക്കോടിന്റെ കടല്‍ത്തീരം എപ്പോഴും സുന്ദരമായിരിക്കണമെന്ന നിര്‍ബന്ധമാണ് ഇതിനുപിന്നില്‍. അതിന് ഒരു ദിവസവും മുടക്കമില്ല. രക്തസാക്ഷി മണ്ഡപംമുതല്‍ ലയണ്‍സ് പാര്‍ക്ക് വരെയാണ് ശുചീകരണം.

ആറുമാസം മുമ്പാണ് ഈ പണി തുടങ്ങിയത്. ഒരു ദിവസം അങ്ങ് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. പരിമിതമായ സാഹചര്യം അതിന് തടസ്സമായില്ല. ലാഭമൊന്നും നോക്കിയല്ല പ്രവൃത്തി. മനസ്സിന്റെ സംതൃപ്തി മാത്രമാണ് സാലിഹ് നോക്കിയത്.

ശുചീകരണത്തൊഴിലാളികള്‍ വേണമെങ്കില്‍ വൃത്തിയാക്കട്ടെ എന്ന് എല്ലാവരെയുംപോലെ ചിന്തിക്കാന്‍ സാലിഹിന് ആയില്ല. വലിയ ചൂലും കൊട്ടയും പിക്കാസും വിലകൊടുത്തുവാങ്ങി. പണം കുറച്ചു ചെലവായെങ്കിലും അത് അധികപ്പറ്റായി കണ്ടില്ല. ആരും അറിയണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.

സാലിഹിന്റെ നന്മ കണ്ടറിഞ്ഞ് ചില സുമനസ്സുകള്‍ അദ്ദേഹത്തോട് അടുത്തു. കിണാശ്ശേരിയില്‍ താമസിക്കുന്ന മരവ്യാപാരി ഗഫൂര്‍ ആണ് ആദ്യമെത്തിയത്. പിന്നെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ അനുയായിയും ബിസിനസ്സുകാരനായ കെ.എസ്. അരുണ്‍ദാസ്, മുന്‍ സൈനികനും എല്‍.ഐ.സി. ഏജന്റുമായ കാമ്പുറം സ്വദേശി സുഗുണബാബു എന്നിവര്‍. സാലിഹിനൊപ്പം ബീച്ച് വൃത്തിയാക്കാന്‍ ഇവരും രാവിലെതന്നെ ഉണരും.

നടക്കാന്‍ വരുന്ന പലരും വല്ലപ്പോഴും ഒരുകൈ സഹായിക്കാനായി ഇപ്പോള്‍ മുന്നോട്ടുവരാറുണ്ടെന്ന് ഈ നാല്‍വര്‍സംഘം പറയുന്നു.

എന്തായാലും അത്ഭുതത്തോടെയാണ് ബീച്ചില്‍ നടക്കാന്‍ വരുന്ന നൂറുകണക്കിനാളുകള്‍ ഇവരെ നോക്കുന്നത്. ആരോ എല്‍പ്പിച്ച പണിചെയ്യുന്ന ജീവനക്കാരാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. ദിവസവും ഇവരുടെ സേവനം ശ്രദ്ധയില്‍പ്പെടുന്നതോടെ അത് അത്ഭുതത്തിനു വഴിമാറുന്നു

ആറുമുതല്‍ എട്ടുവരെയാണ് വൃത്തിയാക്കല്‍. പത്തുദിവസംകൊണ്ട് ബീച്ച് റോഡിന്റെ വടക്കേ അറ്റമായ ലയണ്‍സ് പാര്‍ക്ക് തുടങ്ങുന്ന ഭാഗത്തുനിന്നു തുടങ്ങി രക്തസാക്ഷിമണ്ഡപംവരെ എത്തും. വീണ്ടുംതിരിച്ച് തുടങ്ങും. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

പുല്ലുപറിച്ചുകൊണ്ടായിരുന്നു സാലിഹിന്റെ തുടക്കമെങ്കില്‍ ഇപ്പോള്‍ എല്ലാവരുംകൂടി കനപ്പെട്ട ജോലികളും ചെയ്തുതുടങ്ങി.

റോഡിലെ വെള്ള വരയുള്ള ഭാഗത്തെ മണ്ണ് നീക്കും. ചപ്പുചവറുകള്‍ കോരും. ഓട വൃത്തിയാക്കും. നടപ്പാതയുടെ മുകള്‍ഭാഗം അടിച്ചുവാരും. എല്ലാ വൃത്തികേടുകളും നീക്കും. അടര്‍ന്നുപോകുന്ന ടൈല്‍സ് ശരിയാക്കി വെക്കും. ബീച്ചില്‍ ടൈല്‍സ് പതിച്ച നടപ്പാത എന്നും പൂഴി നിറഞ്ഞതായിരുന്നു . ഇന്നത് വൃത്തിയായി നില്‍ക്കുന്നത് ഇവരുടെ സേവനത്തിലൂടെയാണ്.

കുറ്റിച്ചിറ കുളത്തിലെ കല്‍പ്പടവുകളിലെ പുല്ല് സ്ഥിരമായി പറിച്ചും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും സാലിഹ് പണ്ടേ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഒരു മാര്‍ബിള്‍കമ്പനിയിലെ സൂപ്പര്‍വൈസറാണ് അദ്ദേഹം.

ചാലപ്പുറം ചെമ്പക ഹൗസിങ് കോളനി നിവാസിയായിരുന്ന പള്ളിയില്‍വീട്ടില്‍ മുഹമ്മദ് സാലിഹ് ഇപ്പോള്‍ കുറ്റിച്ചിറയിലെ ഭാര്യവീട്ടിലാണ് താമസം.


No comments: