Translate

Sunday, March 30, 2014

ഈ തിരഞ്ഞെടുപ്പിലെങ്കിലും വെള്ളം വിഷയമാകുമോ?



പ്രൊഫ. കെ. ശ്രീധരന്‍
ജലം സംരക്ഷിച്ചില്ലെങ്കില്‍ പ്‌ളാച്ചിമട ഇവിടെ ആവര്‍ത്തിക്കും. വെള്ളത്തിനുവേണ്ടി ബഹുരാഷ്ട്ര ഭീമന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയേ നമുക്ക് ഗതിയുണ്ടാകൂ...

ഇലക്ഷന്‍ ചൂട് നാടെങ്ങും പടരുമ്പോള്‍ ഒപ്പം നമ്മുടെ പതിവ് വേനല്‍ച്ചൂടും കൊടുമ്പിരിക്കൊണ്ടു. അത് ഇത്തവണ പതിവിലും നേരത്തേയാണ്. പതിവിലും കൂടുതലായിത്തന്നെ വെള്ളത്തിനുവേണ്ടിയുള്ള അലമുറയും പരക്കംപാച്ചിലും ആരംഭിച്ചു.
ഇലക്ഷന്‍ ചൂടില്‍ അതെല്ലാം പലപ്പോഴും മറന്നുപോകുന്നു. പക്ഷേ, വെള്ളത്തിന്റെ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇത്തവണ തീരദേശജനതയെയാണ് വരള്‍ച്ച ആദ്യം ബാധിച്ചത്. ശുദ്ധജലം അവിടെനിന്ന് നേരത്തേതന്നെ പിന്‍വാങ്ങി, ഒപ്പം ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും. അതിവേഗം വരള്‍ച്ചയുടെ രൗദ്രത ഇടനാട്ടിലേക്കും മലനാട്ടിലേക്കും ചേക്കേറി, ഇനിയും രണ്ടുമൂന്നുമാസം ഈ അവസ്ഥ തുടര്‍ന്നേക്കും!

ജലദൗര്‍ലഭ്യം മൂലമുള്ള സംഘര്‍ഷങ്ങള്‍ നാട്ടിലെ കിണറ്റിന്‍കരകളില്‍നിന്നും ടാപ്പുകള്‍ക്ക് ചുറ്റുംനിന്ന് വളര്‍ന്ന് ഇന്നത് വന്‍ നഗരങ്ങളിലും ദേശങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമൊക്കെയായി ഉയര്‍ന്നുകഴിഞ്ഞു. ബ്രഹ്മപുത്രയില്‍ ചൈന കെട്ടിയ അണക്കെട്ട് ബംഗ്‌ളാദേശിലെ ജലസന്തുലിതാവസ്ഥ ആകെ നശിപ്പിച്ചു. വരണ്ട ഭൂമി ഉപേക്ഷിച്ചുപോകുന്ന വലിയ അഭയാര്‍ഥിപ്രവാഹത്തിനാണ് ആ രാജ്യം സാക്ഷ്യംവഹിക്കുന്നത്. ജലത്തിനുവേണ്ടിയുള്ള രാജ്യാന്തരീയ യുദ്ധങ്ങളും സംഘര്‍ഷങ്ങളും കൊടുമ്പിരിക്കൊള്ളാന്‍ ഇനി ഏറെ കാത്തിരിക്കേണ്ടിവരില്ല.

നമ്മുടെ രാജ്യത്തിലെ സ്ഥിതിയും പരമദയനീയമാണ്. പ്രതിവര്‍ഷം 20,000 കുഞ്ഞുങ്ങള്‍ ഇവിടെ ജലജന്യരോഗങ്ങളാല്‍ മരിക്കുന്നു. 17 കോടി ഇന്ത്യക്കാര്‍ മലിനജലമാണ് കുടിക്കുന്നത് എന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. നാള്‍ക്കുനാള്‍ നാട്ടില്‍ ഏറിവരുന്ന ജലക്ഷാമമറിയാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടുകളൊന്നും പരിശോധിക്കേണ്ട. നമ്മുടെ നാട്ടിലെ കിണറുകളിലെ ജലവിതാനം വര്‍ഷംപ്രതി എത്രകണ്ട് താഴുന്നു എന്ന് നോക്കിയാല്‍മതി. തീരദേശ പുഴയോരങ്ങളില്‍ വര്‍ഷംപ്രതി കയറിവരുന്ന ഓരുജലത്തിന്റെ വിതാനം നോക്കിയാല്‍മതി. നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കിണറുകളുടെയും മറ്റ് പ്രാദേശിക ജലസ്രോതസ്സുകളുടെയും എണ്ണം നോക്കിയാല്‍മതി.

ജലദൗര്‍ലഭ്യം സൃഷ്ടിക്കുന്ന വികസനരൂപങ്ങളെയാണ് നാമിപ്പോള്‍ താലോലിക്കുന്നത്. ഓരോ ഹെക്ടര്‍ നെല്‍പ്പാടവും നമുക്ക് അരിയാഹാരവും തൊഴിലും മാത്രമല്ല തരുന്നത്. നമ്മുടെ ജലസുരക്ഷ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഹെക്ടര്‍ വനം ഇല്ലാതായാല്‍ 5 ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ സ്‌റ്റോറേജാണ് നഷ്ടപ്പെടുന്നത്. ഒരടി നീളവും വീതിയും ഉയരവുമുള്ള ഒരൊറ്റ ചെങ്കല്ലിനുള്ളില്‍ മാത്രം രണ്ട് ലിറ്ററിലേറെ വെള്ളമാണ് നിമജ്ജനം ചെയ്യപ്പെടുക. ഒരു ചെങ്കല്‍ക്കുന്നിടിച്ചുതാഴ്ത്തുമ്പോള്‍ ഒരു പാറമട തുരന്നെടുക്കുമ്പോള്‍ നഷ്ടമാകുന്ന ജലസംഭരണം എത്രവലുതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതെല്ലാം അനിവാര്യമാക്കുന്ന വികസനമാണ് നാമാഗ്രഹിക്കുന്നത് എങ്കില്‍ ജലക്ഷാമം ഒരു തുടര്‍ക്കഥയായിത്തന്നെ തുടരും. അതിനെ നേരിടാന്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിപോലുള്ള ബൃഹദ്പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ കോടികള്‍ മുടക്കാം എന്നല്ലാതെ നാട്ടിലെ വരള്‍ച്ചയെ തടുക്കാനവയ്ക്ക് കഴിയില്ല. തിരഞ്ഞെടുപ്പിലല്ലാതെ മറ്റെപ്പോഴാണ് നാമിത് ചര്‍ച്ച ചെയ്യുക.

ജലക്ഷാമത്തിന്റെ പിന്നിലെ മറ്റൊരു കഥകൂടി സൂചിപ്പിക്കാം. കേരളത്തില്‍ 45 ലക്ഷത്തോളം തുറന്ന കിണറുകളാണുണ്ടായിരുന്നത്. പിന്നെ, അത്തരം ഒട്ടനവധി ശുദ്ധജലസ്രോതസ്സുകളും. നമ്മുടെ കിണറുകളിലെ ജലമെല്ലാം മലിനമെന്നാണ് ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് ? അതുകൊണ്ട് കിണറുകള്‍ മൂടി സമ്പൂര്‍ണ പൈപ്പ് വെള്ളവിതരണം എന്നതാണ് പോംവഴിയായി നിര്‍ദേശിച്ചിട്ടുള്ളത്. തന്മൂലം പലരും പലപല കാരണങ്ങളാല്‍ കിണറുകള്‍ മൂടിക്കൊണ്ടേയിരിക്കുകയാണ്. ഇതിലും വലിയ വിഡ്ഡിത്തം വേറെയുണ്ടോ? വികേന്ദ്രീകൃതമായി നാട്ടിലുടനീളം വിന്യസിക്കപ്പെട്ടിട്ടുള്ള ഈ അസുലഭ ജലസ്രോതസ്സുകള്‍ക്ക് പകരംവെക്കാവുന്ന ഏതുതരം ജലവിതരണവ്യൂഹമാണ് നമ്മുടെ 60 ലക്ഷം വീടുകളിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുക? ഗൗരവമായി നാം ചിന്തിക്കേണ്ട ഒരു പ്രശ്‌നമാണിത്.

കിണര്‍വെള്ളം മലിനമാകുന്ന മാലിന്യസ്രോതസ്സുകളെ കണ്ടെത്തി അവ ദൂരീകരിക്കാനുള്ള ശാസ്ത്രീയപോംവഴികള്‍ ആലോചിക്കണം. വീടുകള്‍ക്കോരോന്നിനും ഓരോ സെപ്റ്റിക് ടാങ്ക് എന്ന ആശയം മാറ്റി പൊതുസെപ്റ്റിക് ടാങ്കുകളും പൊതുട്രീറ്റ്‌മെന്റ് പ്‌ളാന്റുകളും ആയിക്കൂടേ? സിവറേജ് സിസ്റ്റം പുനഃക്രമീകരിക്കേണ്ടിവരും. ലളിതമായ ഒരു എന്‍ജിനീയറിങ് പ്രശ്‌നം മാത്രമാണത്. അമൂല്യമായ കുടിവെള്ളസ്രോതസ്സുകളെ സംരക്ഷിക്കാന്‍ അതാണ് വേണ്ടതെങ്കില്‍ ആവഴി എന്തുകൊണ്ട് പരിഗണിച്ചുകൂടാ? ഗ്രാമങ്ങളില്‍ 10ഓ 25ഓ വീടുകള്‍ക്കും നഗരങ്ങളില്‍ അതിലേറെ വീടുകള്‍ക്കും ഓരോ പൊതു സെപ്റ്റിക് ടാങ്ക്, അതില്‍നിന്നും ആവശ്യമായ ദൂരങ്ങളില്‍ എത്രവേണമെങ്കിലും കിണറുകള്‍. ഈ കിണറുകളിലും മറ്റ് ഉപരിതല സ്രോതസ്സുകളിലും വെള്ളമെത്തിക്കാന്‍ പ്രകൃതിയുടെ എല്ലാ സ്വാഭാവിക നിര്‍മിതികളും പരമാവധി സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുക. ഇത് ചെയ്താല്‍ കേരളം ഒരിക്കലും വരളില്ല.
മറ്റൊരു പ്രധാന പ്രശ്‌നംകൂടിയുണ്ട്. വെള്ളത്തിന്റെ ലഭ്യത കുറയുന്നതും ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ അത് മറ്റൊരു വ്യാപാരച്ചരക്കാക്കി മാറിയിരിക്കുകയാണിപ്പോള്‍. അതുകൊണ്ടുതന്നെ വെള്ളത്തിന്െറ മേല്‍ ആധിപത്യം ഉറപ്പിക്കുന്നതിനും ജലസ്രോതസ്സുകള്‍ സ്വകാര്യവത്കരിക്കുന്നതിനുമുള്ള തത്രപ്പാടിലാണ് ഒട്ടനവധി ബഹുരാഷ്ട്ര കമ്പനികള്‍. ഭൂമിയിലെ സര്‍വജീവജാതികള്‍ക്കും അവകാശപ്പെട്ടതാണ് വെള്ളം. അത് സ്വകാര്യവത്കരിച്ച് വന്‍ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ് ആഗോള മൂലധനശക്തികളും അവരെ സഹായിക്കുന്ന ലോകബാങ്കും ലോകവ്യാപാരസംഘടനയും മറ്റും. ബിവന്റി, ബൈവാട്ടര്‍, മൊണ്‍സാന്റോ, കൊക്കക്കോള, പെപ്‌സി... തുടങ്ങിയ നൂറുകണക്കിന് ബഹുരാഷ്ട്രഭീമന്മാര്‍ ജലവ്യാപാരമെന്ന പുതിയ രത്‌നഖനിയില്‍ കണ്ണുംനട്ട് മുന്നേറുകയാണ്.

മക്ഡവല്‍ തുടങ്ങിയ കമ്പനികള്‍ മദ്യവില്പനയേക്കാള്‍ ലാഭം ജലവ്യാപാരമാണെന്നത് തിരിച്ചറിഞ്ഞ് അങ്ങോട്ട് തിരിയുകയാണ്. ആയുധവിപണിയെയും എണ്ണ വിപണിയെയും മറികടന്ന് ജലവിപണി കുതിക്കുമ്പോള്‍ നാം വേണ്ടത്ര ജാഗ്രത്തായില്ലെങ്കില്‍ എത്രകാലം നമുക്ക് നമ്മുടെ ജലസുരക്ഷ ഉറപ്പാക്കാന്‍ കഴിയും? ജലം സംരക്ഷിച്ചില്ലെങ്കില്‍ പ്‌ളാച്ചിമട ഇവിടെ ആവര്‍ത്തിക്കും. വെള്ളത്തിനുവേണ്ടി ബഹുരാഷ്ട്രഭീമന്മാരുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയേ നമുക്ക് ഗതിയുണ്ടാകൂ.

ഇതും തിരഞ്ഞെടുപ്പ് വിഷയം തന്നെയാക്കാന്‍ നമുക്ക് കഴിയണ്ടേ? ഓര്‍ക്കുക, നമ്മുടെ ജലസുരക്ഷ നമ്മുടെ കൈയില്‍ മാത്രമാണ്.


courtesy-The Mathrubhumi

No comments: